ജെ.എൻ.യു കോഴ്‌​സ് ആദ്യമായി കേരളത്തിൽ

Thursday 23 May 2024 1:33 AM IST

ന്യൂഡൽഹി: ജവഹർലാൽ നെഹ്രു സർവകലാശാല (ജെ.എൻ.യു) കോഴ്‌​സുകൾ കോഴിക്കോട് മഹാത്മാഗാന്ധി കോളേജ് ഒഫ് മാസ് കമ്മ്യൂണിക്കേഷനിൽ (മാഗ്‌​കോം) ആരംഭിച്ചു. കേരളത്തിൽ ആദ്യമാണ്. പി.ജി ഡിപ്ലോമ ഇൻ ജേണലിസം (പി.ജി.ഡി.ജെ) കോഴ്‌​സിലേക്ക് പ്രവേശന നടപടികൾ ഉടൻ ആരംഭിക്കും. ബിരുദമാണ് യോഗ്യത. അഭിരുചി നിർണയ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

കോഴ്‌​സിന്റെ പഠനകേന്ദ്രവും പരീക്ഷാകേന്ദ്രവും മാഗ്‌​കോം ആണ്. മൾട്ടിമീഡിയ ക്ലാസ് മുറികളും അതിനൂതന കമ്പ്യൂട്ടർ ലാബും സ്റ്റുഡിയോകളുമായി ക്യാമ്പസ് ഒരുങ്ങിക്കഴിഞ്ഞു. പ്രമുഖ പത്ര, ദൃശ്യ, ഡിജിറ്റൽ മാദ്ധ്യമ സ്ഥാപനങ്ങളുമായി സഹകരിച്ചായിരിക്കും കോഴ്‌​സ്. പ്രായോഗിക പരിശീലനം വഴി നൈപുണ്യ വികസനം ഉറപ്പാക്കുന്നതിനാണ് ഊന്നൽ. ടെലിവിഷൻ ന്യൂസ്, പ്രോഗ്രാം പ്രൊഡക്ഷനുകൾക്കൊപ്പം ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ലേ​ഔട്ട്, റിപ്പോർട്ടിംഗ്, എഡിറ്റിംഗ്, ഫോട്ടോഗ്രഫി വിഡിയോഗ്രഫി, മാദ്ധ്യമഭാഷ തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ ഉണ്ടായിരിക്കും. ജെ.എൻ.യു കോഴ്‌​സായതിനാൽ കേന്ദ്രസർക്കാർ ജോലികൾക്ക് അംഗീകാരമുണ്ടാകും. മാദ്ധ്യമസ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പോടുകൂടിയ കോഴ്‌​സിൽ ചേരുന്നവർക്ക് തൊഴിലിനായി പിന്തുണയും നൽകും. ജെ.എൻ.യുവിനു വേണ്ടി വൈസ് ചാൻസലർ പ്രൊഫ. ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റും മാഗ്‌​കോമിനുവേണ്ടി ഡയറക്ടർ എ.കെ.അനുരാജും രേഖകളിൽ ഒപ്പുവച്ചു.

Advertisement
Advertisement