എ.ഐ ക്യാമറ: തുടർ ഗഡുവിന് കെൽട്രോൺ ഹൈക്കോടതിയിൽ

Thursday 23 May 2024 1:39 AM IST

കൊച്ചി: ഗതാഗത നിരീക്ഷണത്തിന് എ.ഐ ക്യാമറകൾ സ്ഥാപിച്ചതിന് കിട്ടാനുള്ള തുകയുടെ മൂന്നും നാലും ഗഡുക്കൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് കെൽട്രോൺ ഹൈക്കോടതിയിൽ. ക്യാമറ ഇടപാടിൽ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും നൽകിയ ഹർജികളിൽ ഫണ്ട് തടഞ്ഞ സാഹചര്യത്തിലാണ് തുടർ ഗഡുക്കൾ ലഭിക്കാനായി ചീഫ് ജസ്റ്റിസ് എ.ജെ. ദേശായി, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചിനെ സമീപിച്ചത്.

ഒന്നും രണ്ടും ഗഡുവായി 11.79 കോടി വീതം നൽകാൻ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. രണ്ടാം ഗഡു കൈമാറാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും കോടതി അനുവദിച്ചാൽ മൂന്നാം ഗഡുവും നൽകാമെന്നും സർക്കാർ അറിയിച്ചു. ഈ ആവശ്യത്തെ എതിർത്ത ഹർജിക്കാർ കേസിലെ നടപടികൾ പൂർത്തിയാകാതെ അടുത്ത ഗഡുക്കൾ വിതരണം ചെയ്യാൻ അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ടു. ഹർജി ജൂൺ 11ന് വീണ്ടും പരിഗണിക്കും.
അതേസമയം, ചട്ടം ലംഘിച്ചാണ് കെ-ഫോൺ പദ്ധതിക്ക് കരാർ നൽകിയതെന്നും സർക്കാരിനെ നിയന്ത്രിക്കുന്നവരുമായി ബന്ധമുള്ള കമ്പനികൾക്കാണ് കരാറെന്നും ചൂണ്ടിക്കാട്ടി വി.ഡി. സതീശൻ നൽകിയ ഹർജിയും ഇതേ ബെഞ്ച് ജൂൺ 11ന് പരിഗണിക്കും.

Advertisement
Advertisement