ഓപ്പറേഷൻ ആഗിൽ ജില്ലയിൽ 501 പേർ അഴിക്കുള്ളിൽ

Thursday 23 May 2024 12:42 AM IST

കൊല്ലം: ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കും ലഹരി മാഫിയയ്ക്കുമെതിരെ സംസ്ഥാന പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം നടത്തിവരുന്ന ഓപ്പറേഷൻ ആഗിന്റെ ഭാഗമായി ജില്ലയിൽ അറസ്റ്റിലായത് 501പേർ. കൊല്ലം സിറ്റി പരിധിയിൽ 388പേരും റൂറൽ പരിധിയിൽ 113പേരും പിടിയിലായി. റൂറൽ പരിധിയിൽ ഇന്നലെ മാത്രം 26 പേർ അറസ്റ്റിലായി.
ഇതിൽ എട്ടുപേരേ കരുതൽ തടങ്കലിലും അതിഗുരുതര കുറ്റകൃത്യങ്ങളിൽപ്പെട്ട ഒരാളെയും ജാമ്യമില്ല വാറണ്ട് കേസുകളിൽ 13പേരെയും വാറണ്ട് കേസുകളിൽ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ട് പേരെയും ക്രിമിനൽ കേസിൽ ഉൾപ്പെട്ട ശേഷം ഒളിവിൽപോയ രണ്ട് പേരേയുമാണ് റൂറൽ പൊലീസ് മേധാവി സാബു മാത്യുവിന്റെ നിർദേശപ്രകാരം അറസ്റ്റ് ചെയ്തത്.

സിറ്റി പരിധിയിൽ വാറണ്ട് കേസിൽ പ്രതികളായ 128പേർ, വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 47 പേർ, ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട 19 പേർ എന്നിവരെയാണ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി അറസ്റ്റ് ചെയ്തത്. ഇതിനൊപ്പം കാപ്പ പ്രകാരം 322പേരെ കരുതൽ തടങ്കലാക്കി.സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളിൽ അടിയന്തര നടപടിയുണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി

വിവേക് കുമാർ പറഞ്ഞു.

ലഹരി വ്യാപാരം ഉൾപ്പെടെ തടയുന്നതിന് രാത്രികാല പട്രോളിംഗ് ശക്തമാക്കി. ഓപ്പറേഷൻ ആഗിന്റെ ഭാഗമായി വരും ദിവസങ്ങളിലും കർശന നടപടി തുടരും

സിറ്റി- റൂറൽ പൊലീസ് മേധാവിമാർ

Advertisement
Advertisement