അഴിമതിയിൽ ഒന്നാമതെത്താൻ തദ്ദേശ- റവന്യൂ വകുപ്പ് 'പോരാട്ടം'

Thursday 23 May 2024 2:39 AM IST

തിരുവനന്തപുരം: പൊതുജനങ്ങൾ ഏറ്റവുമധികം ആശ്രയിക്കുന്ന തദ്ദേശ സ്വയംഭരണം, റവന്യൂ വകുപ്പുകൾ തമ്മിൽ അഴിമതിയിൽ ഒന്നാം റാങ്കിനായി മത്സരിക്കുന്നതു പോലെയാണ്. മൂന്നുവർഷം മുൻപ് അഴിമതിയിൽ മുമ്പിൽ റവന്യൂ ആയിരുന്നെങ്കിൽ, 2022ൽ രണ്ട് വകുപ്പുകളും ഇക്കാര്യത്തിൽ സമനിലയിലായി. കഴിഞ്ഞ വർഷം തദ്ദേശവകുപ്പായിരുന്നു അഴിമതിയിൽ ഒന്നാംസ്ഥാനത്ത്. 65 വകുപ്പുകളിൽ വിജിലൻസെടുത്ത 427കേസുകളിൽ 95ഉം തദ്ദേശവകുപ്പിലാണ്. റവന്യൂവിൽ 76കേസുകളുണ്ട്.

ആഭ്യന്തര വിജിലൻസ് ശക്തിപ്പെടുത്തി അഴിമതിക്കാരെ കണ്ടെത്താനുള്ള ശ്രമം വിജയിച്ചിട്ടില്ല. മാസങ്ങൾക്ക് മുൻപ് തദ്ദേശവകുപ്പിൽ നടത്തിയ പരിശോധനയിൽ അസി.എക്സിക്യുട്ടീവ് എൻജിനിയറടക്കം 5 പേർ സസ്പെൻഷനിലായിരുന്നു. 18,000ലേറെ ജീവനക്കാരുള്ള റവന്യൂവിൽ വിജിലൻസ് പരിശോധനയിൽ കൈക്കൂലിക്കാർ അടിക്കടി പിടിയിലാവുകയാണ്. ജീവനക്കാരുടെ കെണിയിൽ വീഴാതിരിക്കാൻ ജനങ്ങൾക്ക് റവന്യൂ വിഷയങ്ങളിൽ ഇ-സാക്ഷരത പദ്ധതി നടപ്പാക്കുന്നുണ്ട്. മൂന്നുമാസം കൂടുമ്പോൾ എല്ലാ വില്ലേജ്ഓഫീസുകളിലും മിന്നൽപരിശോധനയെന്ന പ്രഖ്യാപനവും പാഴായി.

ചട്ടലംഘനമുള്ള കെട്ടിടങ്ങൾക്ക് അനുമതി നൽകുക, കെട്ടിട നമ്പർ, ഒക്യുപെൻസി സർട്ടിഫിക്കറ്റ് നൽകാതിരിക്കുക, അപേക്ഷകളിൽ യഥാസമയം തീരുമാനമെടുക്കാതിരിക്കുക എന്നിവയിലൂടെയാണ് തദ്ദേശവകുപ്പിൽ അഴിമതിക്കാർ കീശനിറയ്ക്കുന്നത്. പഞ്ചായത്തുകളിൽ ഫയൽ കൈകാര്യം ചെയ്യുന്ന ഐ.എൽ.ജി.എം.എസ് സോഫ്‌റ്റ്‌വെയറിൽ കാലതാമസം വരുത്തി കോഴയ്ക്ക് വഴിയൊരുക്കുന്നതായി ആഭ്യന്തര വിജിലൻസ് കണ്ടെത്തിയിരുന്നു. പാലക്കാട് പാലക്കയം വില്ലേജ് ഫീൽഡ്അസിസ്റ്റന്റ് സുരേഷ്‌കുമാറിൽ നിന്ന് 1.05 കോടി രൂപയാണ് പിടിച്ചത്. വടക്കൻ ജില്ലകളിൽ ഫീസ് പോലെയാണ് റവന്യൂ ജീവനക്കാർ 2000 മുതൽ 3000 രൂപവരെ കോഴ ഈടാക്കുന്നത്.വിരമിച്ചവരും ഇടനിലക്കാരും പരാതിയെഴുത്തുകാരും കോഴമാഫിയ കണ്ണികളാണ്.

''ഏഴുവർഷത്തിനിടെ 281റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ അഴിമതിക്ക് വകുപ്പുതല നടപടിയെടുത്തു. 124പേർക്കെതിരെ വിജിലൻസ് കേസെടുത്തു. 155പേർക്കെതിരെ കുറ്റപത്രം നൽകി. 72പേരെ ശിക്ഷിച്ചു.''

കെ.രാജൻ

റവന്യൂമന്ത്രി

(നിയമസഭയിൽ പറഞ്ഞത്)

കേസുകൾ

തദ്ദേശം.........................95

റവന്യൂ..........................76

സഹകരണം.................37

ആഭ്യന്തരം....................22

മരാമത്ത്.......................19

ആരോഗ്യം....................19

എം.വി.ഡി....................16

(രണ്ടരവർഷത്തെ കണക്ക്)

പ്രതികളേറെയും

തദ്ദേശത്തിൽ

തദ്ദേശം...........................216

സഹകരണം..................165

റവന്യൂ...........................160

മരാമത്ത്.........................56

ആഭ്യന്തരം.......................47

എം.വി.ഡി........................39

വനം..................................33

വിദ്യാഭ്യാസം..................31

ആരോഗ്യം........................28

സപ്ലൈകോ......................20

രജിസ്ട്രേഷൻ...................17

(5 വർഷത്തെ കണക്ക്)

Advertisement
Advertisement