തോരാമഴയിൽ മുങ്ങി നാട്

Thursday 23 May 2024 12:44 AM IST

കൊല്ലം: ഇന്നലെ പെയ്ത മഴയിൽ ജില്ലയിൽ നാല് താലൂക്കുകളിലായി തകർന്നത് അഞ്ച് വീടുകൾ. കരുനാഗപ്പള്ളി, പത്തനാപുരം, കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളിലാണ് വീടുകൾ ഭാഗികമായി തകർന്നത്.

പത്തനാപുരത്ത് 75,000 രൂപയുടെയും കൊട്ടാരക്കരയിൽ 65,000 രൂപയുടെയും കൊല്ലത്ത് 50,000 രൂപയുടെയും നഷ്ടമുണ്ടായതായി കണക്കാക്കുന്നു. മുണ്ടയ്ക്കൽ മാരിയമ്മൻ കോവിലിന് സമീപം കടലേറ്റവും രൂക്ഷമായി. കൊച്ചുമരുത്തടി, മുത്തേഴത്ത് കിഴക്കേത്തറ, പത്താംതറ, കോതേറിച്ചിറയ്ക്ക് സമീപത്തും വട്ടക്കായലിന് സമീപത്തും താമസിക്കുന്ന വീടുകളിൽ വെള്ളം കയറി. കൂടാതെ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലായി. നിലവിൽ ക്യാമ്പുകൾ തുറന്നിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ജില്ലയിൽ 12 വീടുകളാണ് തകർന്നത്. രാവിലെ മുതൽ ജില്ലയിൽ മിക്കയിടത്തും ഒറ്റപ്പെട്ട മഴ ലഭിച്ചു.

സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറണം

 മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാദ്ധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ മാറി താമസിക്കണം

 താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ക്യാമ്പുകളിലേക്ക് മാറണം

 ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കരുത്

 അപകടാവസ്ഥയിലുള്ള മരങ്ങൾ, പോസ്റ്റുകൾ, ബോർഡുകൾ, മതിലുകൾ എന്നിവ സുരക്ഷിതമാക്കണം

 കടലാക്രമണ സാദ്ധ്യത കണക്കിലെടുത്ത് തീരത്തുള്ളവർ ജാഗ്രത പാലിക്കണം

 അറ്റകുറ്റ പണികൾ നടക്കുന്ന റോഡുകളിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കണം

 വിനോദസഞ്ചാര ഇടങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണം

ജില്ലയിൽ യെല്ലോ അലർട്ട്

ഇന്ന് മുതൽ 25 വരെ ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യത തുടരും. കുറഞ്ഞ സമയത്ത് വലിയ മഴയുണ്ടാകുന്നത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയവും സൃഷ്ടിക്കും. മഴ തുടരുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാദ്ധ്യതയുണ്ട്.

സഹായത്തിന് വിളിക്കാം

വൈദ്യുതി ലൈൻ അപകടം- 1056

ദുരന്ത നിവാരണ അതോറിറ്റി -1077

കെ.എസ്.ഇ.ബി കൺട്രോൾ റൂം - 1912

സംസ്ഥാന കൺട്രോൾ റൂം - 1070

അപകട സാദ്ധ്യത കണക്കിലെടുത്ത് ജനങ്ങൾ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണം.

എൻ.ദേവീദാസ്

ജില്ലാ കളക്ടർ

Advertisement
Advertisement