നായ്ക്കളുടെ കാവലിൽ കഞ്ചാവ് വിൽപ്പന, 5 പേർ അറസ്റ്റിൽ

Thursday 23 May 2024 12:46 AM IST

 മൂന്നുപേ‌‌‌ർ ഓടി രക്ഷപ്പെട്ടു

പുനലൂർ: വീടിന് ചുറ്റും നായ്ക്കളെ കാവൽ നിറുത്തി വിൽപ്പനയ്ക്കായി രണ്ടര കിലോ കഞ്ചാവ് പൊതികളാക്കുന്നതിനിടെ അഞ്ച് യുവാക്കളെ പുനലൂർ പൊലീസ് അതിസാഹസികമായി പിടികൂടി. മൂന്നുപേർ ഓടി രക്ഷപ്പെട്ടു.

വിളക്കുവെട്ടം പന്ത്രണ്ട് ഏക്കർ ചരിവുള്ള വീട്ടിൽ സുജീഷ്, അയിലറ സ്വദേശി സൂരജ്, വിളക്കുവട്ടം സ്വദേശി നിധീഷ്, മൈലക്കൽ സ്വദേശി ഇന്ദ്രജിത്ത്, ഇളമ്പൽ കോട്ടവട്ടം സ്വദേശി അരുൺജിത്ത് എന്നിവരാണ് പിടിയിലായത്.

കൊല്ലം റൂറൽ എസ്.പി സാബു മാത്യുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ വിളക്കുവട്ടം കല്ലാർ പന്ത്രണ്ടേക്കറിലെ തോട്ടത്തിനുള്ളിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്നാണ് യുവാക്കളെ പിടികൂടിയത്. രണ്ടുപേരെ വീട്ടിനുള്ളിൽ വച്ചും മൂന്നുപേരെ ഓടിച്ചിട്ടുമാണ് പിടികൂടിയത്.
അഞ്ചൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർ അജികുമാർ പ്രതികളുടെ ദേഹപരിശോധന നടത്തി.
ഒറീസയിൽ നിന്ന് ട്രെയിൻ മാർഗമാണ് കഞ്ചാവ് എത്തിച്ചിരുന്നത്. മുൻപും ഇത്തരത്തിൽ കഞ്ചാവ് എത്തിച്ച് വിൽപ്പന നടത്തിയിട്ടുള്ളതായാണ് സംശയം.
ഇരുചക്ര വാഹനത്തിൽ യുവാക്കളുടെ വലിയ സംഘം ഇവിടെ സ്ഥിരമായി എത്തിയിരുന്നതായും പ്രദേശവാസികൾ പറയുന്നു. സുജീഷിന്റെ അമ്മൂമ്മ അമ്മിണിയുടെ പേരിലുള്ളതാണ് വീട്. അമ്മിണി ലോട്ടറി കച്ചവടത്തിന് പോകുന്ന സമയത്താണ് യുവാക്കൾ ഇവിടെ എത്തിയിരുന്നത്.

ഡാൻസാഫ് എസ്.ഐമാരായ ഉമേഷ്‌, ബിജു ഹക്ക്, അംഗങ്ങളായ സജു, അഭിലാഷ്, ദിലീപ് കുമാർ, വിപിൻ ക്ലീറ്റസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. റിമാൻഡ് ചെയ്തു.

പിടിച്ചെടുത്ത കഞ്ചാവ്

2.5 കിലോ

Advertisement
Advertisement