20 കിലോ വരെ തൂക്കം,​ പുഴയുടെ മത്സ്യരാജാവ് ഉൾപ്പെടെ 5 അപൂർവമത്സ്യങ്ങൾ കാണുന്ന ഇടം,​ നശിക്കുന്നതിന് പിന്നിൽ ഈ കാരണങ്ങൾ

Thursday 23 May 2024 1:53 AM IST

ചാലക്കുടി: മത്സ്യസമ്പത്തിന്റെ കലവറയെന്ന ഖ്യാതി അവഗണനയുടെ കുത്തൊഴുക്കിൽ നഷ്ടപ്പെടുകയാണ് ചാലക്കുടിപ്പുഴയ്ക്ക്. പ്രജനന കാലഘട്ടങ്ങൾ പലതും പിന്നിടുമ്പോൾ ഇത്തരം സംശയം ബലപ്പെടുന്നു. സംസ്ഥാനത്ത് ചാലക്കുടിയാറിൽ മാത്രം കണ്ടെത്തിയ കുയിൽ മത്സ്യം, മോഡോൻ, കൽപ്പൂളോൻ, മഞ്ഞക്കൂരി, ചോര കണിയാൻ തുടങ്ങിയ അസാധാരണ മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥയെക്കുറിച്ച് ആഴത്തിലുള്ള പഠനം ആവശ്യമാണെന്നാണ് പ്രകൃതി സ്‌നേഹികളുടെ വാദം.

വർഷകാലത്തെ അതിശക്തമായ മഴയാണ് നദികളിൽ മത്സ്യങ്ങളുടെ പ്രജനനവേള. മൂന്നോ നാലോ കനത്ത മഴ പെയ്താൽ നദികളിൽ ഉയരുന്ന വെള്ളമാണ് മത്സ്യക്കുഞ്ഞുങ്ങളുടെ അമ്മത്തൊട്ടിൽ. എന്നാൽ വലയെറിഞ്ഞും, വിഷപദാർത്ഥങ്ങൾ വിതറിയും കൊന്നൊടുക്കുന്ന മത്സ്യങ്ങളോടൊപ്പം ജൈവ വൈവിദ്ധ്യവും നശിക്കുന്നു. അത്യാർത്തി കൊണ്ട് മത്സ്യബന്ധനം നടത്തുന്നവർ ആവാസവ്യവസ്ഥ തന്നെ തകർക്കുകയാണ്.

വേനൽ വറുതിക്ക് ശേഷം വെള്ളം ഉയരുന്ന പുഴയിൽ ചാകര തേടിയെത്തുന്നതിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന നാടോടികളുമുണ്ട്. രാസപദാർത്ഥങ്ങൾ വിതറിയും പ്രത്യേകതരം വെളിച്ചം തെളിച്ചും മത്സ്യങ്ങളെ ആകർഷിച്ച് രാത്രി കാലങ്ങളിലും ഇവർ കുട്ടവഞ്ചികൾ നിറയ്ക്കും. ഒന്നോ രണ്ടോ ആഴ്ചയ്ക്കകം മത്സ്യ സമ്പത്തെല്ലാം വാരിക്കൂട്ടി കടന്നുപോകുന്നത് പതിവുകാഴ്ച. അശാസ്ത്രീയ മത്സ്യബന്ധനത്തിനെതിരെ അധികൃതർ നടപടികൾ സ്വീകരിക്കുന്നില്ലെന്നതാണ് അത്ഭുതം.

പുതുമഴക്കാലത്ത് പാടശേഖരങ്ങളിലെ ഊത്തലും മത്സ്യങ്ങളുടെ നിലനിൽപ്പിന് ഭീഷണിയാണെന്ന് ഗവേഷകർക്ക് അഭിപ്രായമുണ്ട്. പാടശേഖരങ്ങളിലേക്ക് കയറുന്നതും തിരിച്ചുപോകുന്നതുമെല്ലാം നാടൻ മീനുകളുടെ ജീവിത ശൈലിയാണ്. മഴ തുടങ്ങുന്നതോടെ വലയും ഒറ്റലും തയ്യാറാക്കി പുഴയിലും തോട്ടിലും ഇറങ്ങുന്ന ആളുകളുടെ രീതി തടയാൻ തദ്ദേശ സ്ഥാപനങ്ങൾ മുതിരണമെന്നാണ് വിദഗ്ദ്ധരുടെ പക്ഷം.

  • ചാലക്കുടിപ്പുഴയിൽ ഇതുവരെ സ്ഥിരീകരിച്ച മത്സ്യങ്ങളുടെ എണ്ണം- 98
  • കണക്കെടുപ്പ് നടന്നത്- 2008


അപൂർവ്വ മത്സ്യങ്ങൾ

കുയിൽ, മോഡോൻ, കൽപ്പൂളോൻ, മഞ്ഞക്കൂരി, ചോര കണിയാൻ

മത്സ്യ രാജ

പുഴയിലെ മത്സ്യരാജാവെന്ന് അറിയപ്പെടുന്ന കുയിൽ മത്സ്യം ചാലക്കുടിപ്പുഴയ്ക്ക് മാത്രം സ്വന്തം. പറമ്പിക്കുളം മേഖലയിൽ ഇവയുടെ ആവാസവ്യവസ്ഥയുണ്ട്. ഇവിടെ നിന്നെത്തുന്ന മത്സ്യങ്ങളാണ് പൊകലപ്പാറയിൽ കണ്ടുവരുന്നത്. ഏഴു മുതൽ 20 കിലോ തൂക്കമുള്ള കുയിൽ മത്സ്യങ്ങൾ ഇവിടെയുണ്ടെന്നാണ് കണ്ടെത്തൽ.

സർക്കാർ മീനുകളും ധാരാളം
പുഴയിലെ മത്സ്യ സമ്പത്ത് പരിപോഷിപ്പിക്കുന്നതിനും ജനങ്ങൾക്ക് യഥേഷ്ടം പിടിക്കുന്നതിനും സംസ്ഥാന കൃഷി വകുപ്പ് എല്ലാ വർഷവും ഡാമുകളിൽ ലക്ഷക്കണക്കിന് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കും. ഏറെ വലിപ്പം വയ്ക്കുന്ന കട്ട്‌ല, രോഹു, മൃഗാല, ഗ്രാഫ് കട്ടർ തുടങ്ങിയ ഇനങ്ങളാണ് ഇവ. വളർച്ച പൂർത്തിയാക്കുന്ന ഇവയ്ക്ക് എട്ട് കിലോയിൽ കൂടുതൽ തൂക്കം വരും.

Advertisement
Advertisement