"അന്ന് അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാൻ നായികമാർ മടിച്ചു"; സൂപ്പർ സ്റ്റാറായതോടെ ലോകസുന്ദരിമാർ വരെ ഒപ്പം അഭിനയിക്കുന്നു

Thursday 23 May 2024 11:36 AM IST

അഞ്ച് പതിറ്റാണ്ടിലേറെയായി മലയാള സിനിമയുടെ ഭാഗമാണ് മല്ലിക സുകുമാരൻ. ഇതിനിടയിൽ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാനും അവർക്ക് സാധിച്ചു. അമ്പത് വർഷത്തെ സിനിമാ ജീവിതത്തെക്കുറിച്ച് മല്ലിക സുകുമാരൻ കൗമുദി മൂവീസിലൂടെ വെളിപ്പെടുത്തുന്നു.

താൻ അഭിനയം തുടങ്ങിയ സമയത്ത് കൂടുതലും ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകളായിരുന്നു ഉണ്ടായിരുന്നതെന്ന് മല്ലിക സുകുമാരൻ പറയുന്നു. 'മലയാളം കളർ സിനിമയിലേക്ക് വന്നതിന് ശേഷം മൊത്തത്തിലങ്ങ് കളറായി. ഇപ്പോൾ വല്ല ഡോക്യുമെന്ററിയോ ഷോർട്ട് ഫിലിമോ ഒക്കെയാണ് ബ്ലാക്ക് ആൻഡ് വൈറ്റിൽ പോകുന്നത്. സത്യം പറഞ്ഞാൽ കറുപ്പും വെളുപ്പുമെന്നൊക്കെ മലയാളത്തിൽ പറയാൻ എനിക്ക് പേടിയാണ്. മൊത്തത്തിൽ കോലാഹലം നടക്കുന്ന സമയമാണ്. എന്തിനാണ് ഈ കോലാഹലം എന്ന് എനിക്കിപ്പോഴും മനസിലാകുന്നില്ല.

ചെറിയൊരു വർണ വിവേചനം, അതിപ്പോൾ ഒരു രംഗത്ത് മാത്രമല്ല. ഇന്ന് ലോകം മുഴുവൻ ആരാധിക്കുന്ന സൂപ്പർ സ്റ്റാർ രജനികാന്തിനൊപ്പം അന്നത്തെ കാലത്ത് അഭിനയിക്കാൻ ചിലർ മടിച്ചു. എന്തിന് നമ്മുടെ കലാഭവൻ മണി, ഇന്ദ്രൻസ് ഇങ്ങനെ പലർക്കും നായികമാരെ കിട്ടാത്ത സമയമുണ്ടായിരുന്നു. പ്രമുഖരായ നായികാസ്ഥാനത്ത് നിന്നവരൊക്കെ അവരുടെ കൂടെ അഭിനയിക്കാൻ മടിച്ചു.

കളർ കൊണ്ട് മാത്രമാണോയെന്ന് ചോദിച്ചാൽ, മൊത്തത്തിലൊരു ഗ്ലാമറിന്റെ ഇതുണ്ടല്ലോ. സിനിമ എന്ന് പറയുന്നത് തന്നെ ഗ്ലാമറസ് ഫീൽഡാണ്. ഗ്ലാമറിന്റെ അഭാവം എവിടെയൊക്കെ ഉണ്ടെന്ന് ആർക്കെങ്കിലുമൊക്കെ തോന്നിയിട്ടുണ്ടെങ്കിൽ അത് തന്നെയാകും അവർ ബുദ്ധിമുട്ടായി പറഞ്ഞത്.

പക്ഷേ അതിനുശേഷം നമ്മൾ കണ്ടതോ, ലോകാരാധ്യനായി രജനികാന്ത് മാറുന്നു. ഏറ്റവും വലിയ ലോകസുന്ദരികളൊക്കെ അവരുടെ കൂടെ അഭിനയിക്കുന്നു. കലാഭവൻ മണിയാണെങ്കിൽ നാഷണൽ അവാർഡ് മിസായെങ്കിലും, അതുപോലുള്ള അവാർഡുകൾ ഒരുപാട് വാങ്ങിക്കൂട്ടി, ഇന്ദ്രൻസോ. അവരുടെ കൂടെ അഭിനയിക്കാൻ എല്ലാവർക്കും ആഗ്രഹമാണിപ്പോൾ. കാരണം ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും ഒരുപാട് അംഗീകാരങ്ങൾ വാരിക്കൂട്ടി. കളർ അല്ല പ്രധാനമെന്നാണ് ഞാനീ പറഞ്ഞുവരുന്നത്.

കളറിലൊന്നുമില്ല. അത് വെറും തെറ്റിദ്ധാരണയാണ്. കഴിവാണ് പ്രധാനം. എന്ത് കഴിവാണെങ്കിലും ശരി, ഏത് കലാരൂപമാണെങ്കിലും ശരി, കഴിവുള്ള കലാകാരന് വളർന്നുവരാൻ കളർ ഒരു തടസമല്ല. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിൽ ഒരുപാട് അഭിനയിച്ചിട്ടുള്ള വ്യക്തിയാണ് ഞാൻ. എനിക്ക് സംസ്ഥാന അവാർഡ് വരെ നേടിത്തന്നത് ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ്,
- മല്ലിക സുകുമാരൻ വ്യക്തമാക്കി.

Advertisement
Advertisement