കേരളത്തെ ഞെട്ടിച്ച ഉത്ര വധക്കേസ് പുസ്തകമാക്കി; എഴുതിയത് മുൻ ഉത്തരാഖണ്ഡ്  ഡിജിപിയും മകനും

Thursday 23 May 2024 11:59 AM IST

തിരുവനന്തപുരം: ഉത്ര വധക്കേസ് അന്വേഷണം പുസ്‌തകമായി വായനക്കാരിലേക്ക് എത്തുന്നു. ഒരു മലയാള മാദ്ധ്യമമാണ് ഇത് സംബന്ധിച്ച് വിവരം പുറത്തുവിട്ടത്. മുൻ ഉത്തരാഖണ്ഡ് ഡിജിപി അലോക് ലാലും മകൻ മനാസ് ലാലും ചേർന്നാണ് പുസ്തകം എഴുതിയത്. 'ഫാംഗ്‌സ് ഒഫ് ഡെത്ത്' എന്ന പേരിലാണ് പുസ്തകം പുറത്തിറങ്ങിയിരിക്കുന്നത്.

​​​​​2020 മേയ് ഏഴിന് രാവിലെ എട്ടോടെയാണ് അഞ്ചൽ ഏറം സ്വദേശിയായ ഉത്രയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ മൂർഖൻ പാമ്പിന്റെ കടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്.സ്വത്ത് തട്ടിയെടുത്ത ശേഷം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ഭർത്താവ് സൂരജ് മൂർഖൻ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊല്ലുകയായിരുന്നു. നിർണായകമായ മൊഴി നൽകിയ പാമ്പുപിടുത്തക്കാരൻ സുരേഷിനെ മാപ്പുസാക്ഷിയാക്കി. 87 സാക്ഷികളും 288 രേഖകളും 40 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്.

പാമ്പുപിടുത്തക്കാരനായ സുരേഷിന്റെ കൈയിൽ നിന്നാണ് സൂരജ് മൂർഖനെ വാങ്ങിയത്. ഇതിന് മുൻപ് അടൂർ പറക്കോട്ടുള്ള സൂരജിന്റെ വീട്ടിൽ വച്ച് അണലിയെക്കൊണ്ട് ഉത്രയെ കടിപ്പിച്ചിരുന്നു. ഇതിന്റെ ചികിത്സയ്ക്ക് ശേഷം ഉത്ര വിശ്രമിക്കുമ്പോഴായിരുന്നു മൂർഖനെ ഉപയോഗിച്ചുള്ള കൊലപാതകം.

ഉത്രയെ ജനലിലൂടെ വീടിനുളളില്‍ കയറിയ മൂര്‍ഖന്‍ കടിച്ചു എന്നായിരുന്നു സൂരജ് പറഞ്ഞത്. വീട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ ആദ്യം സംശയമൊന്നും തോന്നിയിരുന്നില്ല. എന്നാൽ ഉത്രയുടെ മരണാനന്തര ചടങ്ങുകളിലെ സൂരജിന്‍റെ അമിതാഭിനയം ഉത്രയുടെ ബന്ധുക്കളില്‍ സംശയം ജനിപ്പിച്ചു.

മരണത്തിലെ ദുരൂഹത സംബന്ധിച്ച് ഉത്രയുടെ സഹോദരൻ അഞ്ചൽ പൊലീസിന് മൊഴി നൽകിയിരുന്നു. പക്ഷേ അന്വേഷണം കാര്യമായി നടന്നില്ല. ഉത്രയ്ക്ക് നൽകിയ സ്വർണവും പണവും കുഞ്ഞിന്റെ പേരിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടപ്പോൾ സൂരജ് പ്രകോപിതനായി പിണങ്ങിപ്പോയി. ഇതോടെ ഉത്രയുടെ ബന്ധുക്കളുടെ സംശയം കൂടിയത്.

2020 മേയ് 21 ന് ഉത്രയുടെ വീട്ടുകാർ മരണത്തിൽ ദുരൂഹത ആരോപിച്ച് പൊലീസിൽ പരാതി നൽകി. തൊട്ടടുത്ത ദിവസം റൂറൽ എസ് പി ഹരിശങ്കറിനെയും പരാതിയുമായി സമീപിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.

മേയ് 23ന് സൂരജിനെയും, സുരേഷിനെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ജൂലായ് ഏഴിന് പബ്ലിക് പ്രോസിക്യൂട്ടർ ആയി ജി മോഹൻരാജിനെ നിയമിച്ചു. ജൂലായ് 14-ന് നടത്തിയ തെളിവെടുപ്പിനിടെ ഉത്രയെ കൊന്നത് താൻ തന്നെയാണെന്ന് സൂരജ് പരസ്യമായി കുറ്റസമ്മതം നടത്തിയിരുന്നു.

ഉത്രയെ മൂർഖനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവ്, ഉത്രയെ അണലിയെ ഉപയോഗിച്ച് നേരത്തെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് ജീവപര്യന്തം തടവ്, വിഷവസ്തു ഉപയോഗിച്ചതിന് പത്ത് വർഷം, തെളിവ് നശിപ്പിച്ചത് ഏഴ് വർഷം എന്നിങ്ങനെ നാല് ശിക്ഷകൾ ആണ് കോടതി സൂരജിന് വിധിച്ചത്.

Advertisement
Advertisement