ലാഭമുണ്ടായിട്ടും റൂട്ട് വേണ്ടെന്ന് കെഎസ്ആർടിസി: അഞ്ച് സർവീസുകൾ അട്ടിമറിക്കുന്നു, അടുത്തത് ഗവി

Thursday 23 May 2024 1:28 PM IST

പത്തനംതിട്ട: കെ.എസ്.ആർ.ടി.സി പത്തനംതിട്ട ഡിപ്പോയിൽ നിന്ന് വിവിധ മേഖലകളിലേക്കുള്ള ലാഭകരമായ അഞ്ച് സർവീസുകൾ അട്ടിമറിക്കുന്നു. ജനങ്ങൾ യാത്രാക്ളേശം അനുഭവിക്കുന്ന നാല് പ്രദേശങ്ങളിലേക്കുള്ള സർവീസുകൾ നിറുത്തിവച്ചത് പുനരാരംഭിക്കാൻ അനുമതി ലഭിച്ചില്ല. വിനോദ സഞ്ചാര കേന്ദ്രമായ ഗവിയിലേക്കുള്ള ഓർഡിനറി സർവീസിനാണ് അടുത്ത ഭീഷണി. സർവീസുകൾക്ക് പാരവയ്ക്കുന്നത് തിരുവനന്തപുരം സോണൽ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണെന്ന് ഒരു വിഭാഗം ജീവനക്കാർ ആരോപിക്കുന്നു.

1. പത്തനംതിട്ട - വയ്യാറ്റുപുഴ - കോട്ടയം

നാൽപ്പത് വർഷത്തിലേറെ ലാഭകരമായി നടത്തുന്ന സർവീസ് തിങ്കളാഴ്ച ദിവസങ്ങളിൽ മാത്രമാക്കാൻ സോണൽ ഓഫീസിൽ നിന്ന് നിർദ്ദേശം. ഈ റൂട്ടിൽ ഇപ്പോൾ ഒരു സ്വകാര്യ ബസ് ദിവസേന സർവീസ് നടത്തിക്കൊണ്ടിരിക്കുകയാണ്

# ദിവസ വരുമാനം ഒരു ബസിന് 8000 - 10000 രൂപ

2. അടൂർ - ആങ്ങമൂഴി

അടൂർ - ചന്ദനപ്പള്ളി- ആങ്ങമൂഴി ചെയിൻ സർവീസ് കൊവിഡ് കാലത്ത് നിറുത്തിവച്ചതാണ്. 2018ലെ ശബരിമല തീർത്ഥാടന കാലത്ത് പത്തനംതിട്ട, അടൂർ ഡിപ്പോകളിൽ നിന്ന് അഞ്ച് ബസുകൾ വീതം ഉപയോഗിച്ചാണ് സർവീസ് നടത്തിയത്. തുടക്കത്തിൽത്തന്നെ സ്വകാര്യ ബസുകാർ എതിർത്തു. തങ്ങളുടെ സമയത്ത് കെ.എസ്.ആർ.ടി.സിയും സർവീസ് നടത്തുന്നുവെന്നായിരുന്നു പരാതി. കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞും കാറ്റഴിച്ചുവിട്ടും സ്വകാര്യ ബസുകാർ പ്രതിഷേധിച്ചു. കൊവിഡ് ലോക് ഡൗൺ പിൻവലിച്ച ശേഷം പത്തനംതിട്ട ഡിപ്പോയിൽ നിന്ന് മൂന്ന് സർവീസുകൾ പുനരാരംഭിച്ചെങ്കിലും സോണൽ ഒാഫീസ് ഇടപെട്ട് നിറുത്തലാക്കി. ഇപ്പോൾ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നു.

# ദിവസ വരുമാനം 9000 - 11000 രൂപ

3. മുണ്ടക്കയം - പുനലൂർ

പത്തനംതിട്ട ഡിപ്പോയുടെ പ്രധാന വരുമാനമാർഗമായിരുന്നു മുണ്ടക്കയം - പത്തനംതിട്ട- പുനലൂർ സർവീസ്. പതിനയ്യായിരത്തിൽ കൂടുതൽ വരുമാനം ലഭിക്കണമെന്ന സോണൽ ഒാഫീസ് നിർദേശത്തെ തുടർന്ന് സർവീസുകൾ നിറുത്തി. പത്തനംതിട്ട, എരുമേലി ഡിപ്പോകളിൽ നിന്ന് അഞ്ച് ബസ് വീതവും പൊൻകുന്നം ഡിപ്പോയുടെ നാല് ബസുകളുമായിരുന്നു സർവീസ് നടത്തിയിരുന്നത്.

# ദിവസ വരുമാനം 13000 രൂപ വരെ

4. ആറൻമുള - ചെങ്ങന്നൂർ

പ്രത്യേകിച്ച് കാരണമില്ലാതെയാണ് ആറൻമുള - ചെങ്ങന്നൂർ ചെയിൻ സർവീസ് കെ.എസ്.ആർ.ടി.സി അവസാനിപ്പിച്ചത്. പത്തനംതിട്ടയിൽ നിന്നും ചെങ്ങന്നൂരിൽ നിന്നും അഞ്ച് വീതം ബസുകൾ നടത്തിയ സർവീസ് പുനരാരംഭിക്കണമെന്ന് കൊവിഡ് ലോക്ഡൗൺ പിൻവലിച്ച ശേഷം മുതലുള്ള ആവശ്യമാണ്.

# ദിവസ വരുമാനം 11000 രൂപ വരെ

5. അടുത്തത് ഗവി

ഗവി ഓർഡിനറി സർവീസ് അട്ടിമറിക്കാനുള്ള നീക്കം അണിയറയിൽ ശക്തമാണ്. പുലർച്ചെ ആറരയ്ക്ക് പത്തനംതിട്ടയിൽ നിന്ന് പുറപ്പെടുന്ന കെ.എസ്.ആർ.ടി.സി ബസിന് മുന്നിൽ ആങ്ങമൂഴി വരെ പെർമിറ്റില്ലാതെ സ്വകാര്യ ബസ് ഒാടുന്നു. കെ.എസ്.ആർ.ടി.സിക്ക് വരുമാന നഷ്ടം. കുമളിയിൽ നിന്ന് പുലർച്ചെ 5.45ന് പുറപ്പെടുന്ന ഗവി - പത്തനംതിട്ട കെ.എസ്.ആർ.ടി.സിക്ക് മുന്നിൽ ആങ്ങമൂഴിയിൽ നിന്ന് പത്തനംതിട്ടയിലേക്കും സ്വകാര്യ ബസ് സർവീസ് നടത്തുന്നു. ആർ.ടി.ഒയ്ക്ക് കെ.എസ്.ആർ.ട‌ി.സി അധികൃതർ പരാതി നൽകിയെങ്കിലും നടപടിയെടുത്തില്ള.

Advertisement
Advertisement