കൊച്ചുകുട്ടി പറഞ്ഞതിന്റെ അർത്ഥം ചെറുതായൊന്ന് മാറി; അച്ഛൻ നാണം കെട്ടു, പൊലീസെത്താത്തത് ഭാഗ്യം

Thursday 23 May 2024 3:14 PM IST

കുട്ടികൾ നിഷ്‌കളരാണ്. എന്നാൽ പലപ്പോഴും നിഷ്‌കളങ്കത മൂലം അവർ പറയുന്ന പല കാര്യങ്ങളും മാതാപിതാക്കൾക്ക് പൊല്ലാപ്പ് ഉണ്ടാക്കാറുണ്ട്. ചിലപ്പോൾ അർത്ഥം അറിയാതെ ആയിരിക്കും അവർ സംസാരിക്കുക. ഇതുമൂലം അച്ഛനോ അമ്മയോ നാണം കെട്ടേക്കാം.

അത്തരത്തിൽ തന്റെ മകൾ കാരണം നാണക്കേട് അനുഭവിക്കേണ്ടിവന്നിരിക്കുകയാണ് ഒരു പിതാവിന്. തന്റെ വീട്ടിൽ മാതാപിതാക്കൾ കള വളർത്തുന്നുണ്ടെന്ന് കുട്ടി ടീച്ചറോട് പറഞ്ഞതാണ് പൊല്ലാപ്പായത്. WEED എന്ന വാക്കാണ് കുട്ടി ഉപയോഗിച്ചത്. ഇതേ വാക്കിന് പാഴ്‌ച്ചെടി എന്ന് മാത്രമല്ല കഞ്ചാവ് അല്ലെങ്കിൽ പുകയില എന്നൊരു അർത്ഥമുണ്ടെന്ന് പാവം കുട്ടിക്കറിയില്ലായിരുന്നു.

ടീച്ചർമാർ മനസിലാക്കിയത് മാതാപിതാക്കൾ കഞ്ചാവ് വളർത്തുന്നുണ്ടെന്നായിരുന്നു. പെൺകുട്ടിയെ സ്‌കൂളിൽ നിന്ന് കൂട്ടിക്കൊണ്ടുവരാൻ പോയപ്പോഴാണ് ടീച്ചർമാർ ഇതിനെപ്പറ്റി പിതാവിനോട് ചോദിക്കുന്നത്. ഇതുകേട്ട് പിതാവും അന്തംവിട്ടു. കൊച്ചുകുട്ടിക്ക് എങ്ങനെ കഞ്ചാവിനെപ്പറ്റി അറിയാം, മാത്രമല്ല ഇത് താൻ വളർത്തുന്നുമില്ലെന്ന് പിതാവ് ടീച്ചറോട് പറഞ്ഞു.

തുടർന്ന് വീട്ടിലെത്തി ചോദിച്ചതോടെ കാര്യങ്ങളിൽ വ്യക്തത വന്നു. കുട്ടി പറഞ്ഞ 'കഞ്ചാവ്' എന്താണെന്ന് അദ്ദേഹം കണ്ടെത്തുകയും ഇതിന്റെ വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്‌തിട്ടുണ്ട്. ഇത് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

കുട്ടിയെ തോട്ടത്തിലേക്ക് കൊണ്ടുപോയി WEED കണ്ടത് എവിടെയാണെന്ന് അദ്ദേഹം ചോദിക്കുകയാണ്. അവൾ തോട്ടത്തിലെ പുല്ല് കാണിച്ചുകൊടുക്കുകയും, അത് അവിടെ നിന്ന് പിഴുതെറിയാൻ അവൾ പിതാവിനോട് ആവശ്യപ്പെടുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ഇതിനോടകം 13ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. പതിനയ്യായിരത്തിലധികം പേരാണ് ലൈക്ക് ചെയ്‌തത്.

കുട്ടി എവിടെയുള്ളയാളാണെന്ന് വ്യക്തമല്ല. വിദേശരാജ്യത്തെവിടെയോ ആണ്. എന്നിരുന്നാലും കേരളത്തിലുള്ള ആളോ മറ്റോ ആയിരുന്നെങ്കിൽ വീട്ടിൽ "കഞ്ചാവ്" വളർത്തുന്നുണ്ടെന്ന് പറഞ്ഞാൽ ചിലപ്പോൾ മാതാപിതാക്കളെ തേടി പൊലീസെത്തിയേനെ.

അതേസമയം, വീഡിയോ സോഷ്യൽ മീ‌ഡിയയിൽ വൈറലായതിന് പിന്നാലെ മക്കളിൽ നിന്ന് തങ്ങൾക്ക് കിട്ടിയ "പണി"യെക്കുറിച്ച് ചിലർ കമന്റ് ചെയ്‌തിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിക്കുന്ന അച്ഛന്റെ ശീലത്തെ കുറിച്ചുള്ള ആശങ്കകൾ മകൻ അദ്ധ്യാപികയെ അറിയിച്ചെന്ന് ഒരാൾ പറയുന്നു. ജോലിക്ക് പോകുമ്പോൾ താൻ കട്ടൻ കാപ്പി കുടിക്കാറുണ്ടായിരുന്നു. ഇതാണ് കുട്ടി മദ്യം ആയി തെറ്റിദ്ധരിച്ചതെന്നും അദ്ധ്യാപികയുടെ മുന്നിൽ താൻ നാണം കെട്ടെന്നും വീഡിയോയ്‌ക്ക് താഴെ കമന്റ് ചെയ്‌തു.

Advertisement
Advertisement