'പൊലീസിന്റെ  ആത്മവീര്യം സംരക്ഷിക്കാനാണോ ഈ നടപടി'?; രൂക്ഷവിമർശനവുമായി ഹെെക്കോടതി

Thursday 23 May 2024 4:19 PM IST

കൊച്ചി: പൊലീസിന്റെ ആത്മവീര്യം സംരക്ഷിക്കാൻ തെറ്റ് ചെയ്തവരെ സംരക്ഷിക്കുകയാണോ വേണ്ടതെന്ന് ഹെെക്കോടതി. ആലത്തൂർ പൊലീസ് സ്റ്റേഷനിൽ അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ കേസുമായി ബന്ധപ്പെട്ട കോടതിലക്ഷ്യ ഹർജി പരിഗണിക്കെയായിരുന്നു രൂക്ഷമായ വിമർശനം.

പൊലീസുകാരുടെ പെരുമാറ്റം ഏതു വിധത്തിലായിരിക്കണം എന്നത് സംബന്ധിച്ച് ഡിജിപി സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. എന്നിട്ടും അതിന് വിപരീതമായി പ്രവർത്തിക്കുന്ന പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കുന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്നുവെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

'എന്ത് തോന്ന്യാസം കാണിച്ചാലും ആത്മവീര്യം തകരാതിരിക്കാൻ കൂടെ നിർത്തണം എന്നാണോ പറയുന്നത്. ചെയ്ത തെറ്റിന് നടപടി സ്വീകരിച്ചാൽ എങ്ങനെയാണ് ആത്മവീര്യം നഷ്ടപ്പെടുന്നത്? ആ ആത്മവീര്യം അത്രയ്ക്ക് ദുർബലമാണെങ്കിൽ അതങ്ങ് പോകട്ടെ എന്നു വയ്ക്കണം', ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വാക്കാൽ വിമർശിച്ചു.

ഒരു പദവിയിൽ ഇരുന്ന് തെറ്റ് ചെയ്താൽ പിന്നെ അവിടെ തുടരാൻ അയാൾ യോഗ്യനല്ല. ഇത്രയധികം ആരോപണങ്ങൾ ഒരു പൊലീസ് ഉദ്യോഗസ്ഥനെതിരെ ഉയർന്നിട്ടും സംസ്ഥാന പൊലീസ് മേധാവി ഒന്നും ചെയ്തില്ല. എന്തിനാണ് ഇങ്ങനെ ഒരാളെ പിന്തുണയ്ക്കുന്നത്. അന്വേഷണം എപ്പോഴും പക്ഷപാതരഹിതമായിരിക്കണമെന്നും അഭിപ്രായപ്പെട്ട കോടതി കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.

വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ ആലത്തൂർ പൊലീസ് സ്​റ്റേഷനിൽ അക്വിബ് സുഹൈൽ എന്ന അഭിഭാഷകനെ എസ്‌ ഐ വി ആർ റിനീഷ് അപമാനിച്ച സംഭവത്തെ തുടർന്ന് കോടതി പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാ​റ്റിയിരുന്നു. ഇതിന് പിന്നാലെ വാഹനം വിട്ടുനൽകാനുള്ള കോടതി ഉത്തരവുമായി എത്തിയ അഭിഭാഷകനെ എസ്‌ ഐ റിനീഷ് വീണ്ടും അപമാനിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു കോടതിയുടെ ഇടപെടൽ. കോടതി നിർദ്ദേശപ്രകാരം പുറത്തിറക്കിയ മാർഗരേഖയ്ക്ക് വിരുദ്ധമാണ് പൊലീസ് ഉദ്യോഗസ്ഥന്റെ നടപടിയെന്ന് വ്യക്തമാക്കിയാണ് കോടതിലക്ഷ്യ കേസ് എടുത്തത്.

പൊലീസുകാരുടെ പെരുമാറ്റം സംബന്ധിച്ച് കോടതി നിർദ്ദേശപ്രകാരം ഡിജിപി ഇതിനിടെ പുതിയ സർക്കുലറും പുറത്തിറക്കിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥൻ മാപ്പ് പറഞ്ഞെങ്കിലും അത് കോടതി സ്വീകരിച്ചിരുന്നില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരുന്നതിനിടെ മറ്റ് രണ്ട് പേർ കൂടി ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി കോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസുകൾ കൂടിയാണ് ഇന്ന് കോടതി പരിഗണിച്ചത്.

Advertisement
Advertisement