വരാൻ പോകുന്നത് അതിതീവ്ര മഴ, രണ്ട് ജില്ലകളിൽ റെഡ് അലർട്ട്; ബംഗാൾ ഉൾക്കടലിലെ ചുഴലിക്കാറ്റ് ഞായറാഴ്ചയോടെ കര തൊടും

Thursday 23 May 2024 4:49 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാദ്ധ്യത. ഇന്ന് രണ്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ ജില്ലകളിലാണ് റെഡ് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ചും തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.

അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിന് അരികെ ന്യുനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം മിതമായ / ഇടത്തരം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാദ്ധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടായേക്കാം.അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരണെന്ന് ആധികൃതർ മുന്നറിയിപ്പ് നൽകി. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്കും സാദ്ധ്യതയുണ്ട്.

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്

മദ്ധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും സമീപ തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യുനമർദ്ദം ( Low Pressure Area) മദ്ധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശക്തികൂടിയ ന്യുനമർദ്ദമായി ( Well Marked Low Pressure Area) മാറി. തുടർന്ന് വടക്ക് കിഴക്ക് ദിശയിൽ സഞ്ചരിച്ച് നാളെയോടെ മദ്ധ്യ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യുനമർദ്ദമായും (Depression ) ശക്തി പ്രാപിക്കാൻ സാദ്ധ്യതയുണ്ട്. ശനിയാഴ്‌ച രാവിലെയോടെ മദ്ധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റായും തുടർന്ന് ബംഗ്ലാദേശ് -സമീപ പശ്ചിമ ബംഗാൾ തീരത്ത് തീവ്ര ചുഴലിക്കാറ്റായി മേയ് 26 ന് വൈകിട്ടോടെ കരയിൽ പ്രവേശിക്കാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

Advertisement
Advertisement