കാസർകോട് @ 40,​ നാൾ വഴികളിൽ നേട്ടങ്ങൾ എത്തിപ്പിടിച്ച് ജില്ല

Friday 24 May 2024 12:07 AM IST

കാസർകോട്: 1984 മേയ് 24ന് രൂപീകൃതമായ കാസർകോട് ജില്ലയ്ക്ക് ഇന്ന് നാൽപത് വയസ്. പശ്ചിമഘട്ട മലനിരകൾക്കും അറബിക്കടലിനുമിടയിൽ കർണ്ണാടകയോടു തൊട്ടുരുമ്മി നിൽക്കുന്ന കേരളത്തിന്റെ വടക്കെ അറ്റത്ത് സ്ഥിതി ചെയ്യുന്ന പതിന്നാലാമത് ജില്ലയാണ് കാസർകോട്.

കാസർകോട് ബഹുഭാഷാ പ്രദേശമാണ്. തുളു, മലയാളം, കന്നട, കൊങ്കണി, ബ്യാരി, മറാഠി, ഹിന്ദുസ്ഥാനി, കൊടവ തുടങ്ങിയ ഭാഷകൾ ഇവിടെ ഏറിയും കുറഞ്ഞും പ്രചാരത്തിലുണ്ട്. അവയൊക്ക് കാസർകോടിന്റെ വ്യവഹാര ഭാഷയുടെ ഭാഗമായി മാറി.

തോറ്റം പാട്ടുകളും തുളുപാഡ്ദണകളും കാസർകോടിന്റെ പൗരാണിക ചരിത്രത്തെക്കുറിച്ച് മനോഹരമായ ചിത്രങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്. കാസർകോടിന്റെ വടക്കൻ ഭാഗങ്ങളിൽ പ്രചാരത്തിലുള്ള പാഡ്ദണകൾ നാടൻ പാട്ടുകളാണ്. മാവിലരുടെ മംഗലംപാട്ടും പൂരക്കളിപ്പാട്ടും, കോൽക്കളി പാട്ടും ഇവിടെ നിലവിലുണ്ടായിരുന്ന കാർഷിക സംസ്‌കാരത്തിന്റെ ചിത്രം വരച്ചുകാട്ടുന്നു. യക്ഷഗാനത്തിന്റെ ഈറ്റില്ലം. ഇവ കൂടാതെ നാട്ടിലാകെ പ്രചാരത്തിലുള്ള പാട്ടുകളും ചൊല്ലുകളും കഥകളും കാസർകോടിന്റെ ആധുനിക പൂർവ്വ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു.

40 ഫലവൃക്ഷ തൈകൾ നടും

കാസർകോട് ജില്ലയുടെ രൂപീകരണത്തിന്റെ നാൽപതാം വാർഷീകമായ ഇന്ന് കളക്ടറേറ്റ് പരിസരത്ത് ജില്ലാ ഇൻഫർമേഷൻ ഓഫീസും വനം വകുപ്പും ജില്ലാ ഭരണ സംവിധാനവുമായി സഹകരിച്ച് നാൽപത് ഫലവൃക്ഷ തൈകൾ നടും. കളക്ടറേറ്റിന് മുന്നിൽ ജില്ലയുടെ തനത് വൃക്ഷമായ കാഞ്ഞിര മരം നട്ട് ജില്ലാ കളക്ടർ പരിപാടി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2.30ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ സബ്കളക്ടർ സൂഫിയാൻ അഹമ്മദ് അദ്ധ്യക്ഷത വഹിക്കും. വിവിധ വകുപ്പ് മേധാവികൾ പങ്കെടുക്കും. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മധുരം വിതരണം ചെയ്തും വ്യത്യസ്തങ്ങളായ പരിപാടികളോടെയും വാർഷികം ആഘോഷിക്കും.

Advertisement
Advertisement