നല്ല വിദ്യാഭ്യാസത്തിനും ജോലിക്കും ദിശാബോധം നൽകി കൗമുദി എഡ്യൂവിസ്റ്റ 2024

Friday 24 May 2024 4:59 AM IST

നെയ്യാറ്റിൻകര: പുതിയ കാലഘട്ടത്തിൽ ശരിയായ വിദ്യാഭ്യാസവും നല്ല ജോലിയും കരസ്ഥമാക്കാൻ കുട്ടികൾക്ക് ദിശാബോധം പകരുന്ന പ്രവർത്തനങ്ങളാണ് കേരളകൗമുദിയുടേതെന്ന് നെയ്യാറ്റിൻകര ജി.ആർ.പബ്ളിക് സ്കൂൾ സെക്രട്ടറി അഡ്വ.ഹരികുമാർ പറഞ്ഞു. മുൻപൊക്കെ മക്കൾ ഭാവിയിൽ എന്താകണമെന്ന് തീരുമാനിച്ചിരുന്നത് രക്ഷിതാക്കളായിരുന്നെങ്കിൽ ഇക്കാലത്ത് കുട്ടികൾ സ്വയം തീരുമാനമെടുക്കുകയാണ്. അവസരങ്ങളെ ശരിയായ രീതിയിൽ വിനിയോഗിക്കാൻ ഇത്തരം സെമിനാറുകൾ കുട്ടികൾക്ക് കരുത്ത് പകരുമെന്നും അദ്ദേഹം പറഞ്ഞു.

കേരളകൗമുദിയും സഫയർ കരിയർ ഗൈഡൻസും സംയുക്തമായി നെയ്യാറ്റിൻകര ജി.ആർ പബ്ളിക് സ്കൂളിൽ സംഘടിപ്പിച്ച കൗമുദി എഡ്യൂവിസ്റ്റ 2024 സെമിനാർ അഡ്വ.ഹരികുമാർ ഉദ്ഘാടനം ചെയ്തു.

യൂണിവേഴ്സിറ്റി കോളേജ് ജിയോളജി വിഭാഗം മേധാവിയും മുൻ ജോയിന്റ് എൻട്രൻസ് കമ്മിഷണറുമായ ഡോ.കെ.പി. ജയ്കിരൺ, ഡോ.ബി.സജീവ് കുമാർ, സഫയർ കെമിസ്ട്രി ഡിപ്പാർട്ട്മെന്റ് ഹെഡ് ഡോ.അജിത്കുമാർ, ഗവ.വിമൻസ് കോളേജ് സൈക്കോളജി വിഭാഗം ഗവേഷക വിദ്യാർത്ഥികളായ ക്രിസ്റ്റീന മറിയം ചാക്കോ, ആദിത്യ.ആർ തുടങ്ങിയവർ വിവിധ കരിയർ മേഖലകൾ പരിചയപ്പെടുത്തി.

കേരളകൗമുദി ഡി.ജി.എം ആർ.ചന്ദ്രദത്ത്, ഹരികുമാർ,ശ്രീജിത്ത്, ബിജു ഗുരുപ്രസാദം, അനിൽ സാഗർ, പാറശാല സതീഷ്, അനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി. ഗവ.വിമൻസ് കോളേജ് സൈക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളിലെ അഭിരുചി കണ്ടെത്തുന്നതിനുള്ള സൗജന്യ സൈക്കോമെട്രിക് ടെസ്റ്റും നടന്നു.

ഫ്ലൈഓൺ, നാരായണഗുരു കോളേജ് ഒഫ് എൻജിനിയറിംഗ് എന്നിവർ പരിപാടിയുടെ കോ- സ്പോൺസർമാരായിരുന്നു.

Advertisement
Advertisement