ആളുമാറി പിടിച്ച് ജയിലിലിട്ടു; യുവാവിന് 4-ാം നാൾ മോചനം

Friday 24 May 2024 4:35 AM IST

 പൊന്നാനി പൊലീസിന്റെ വീഴ്ച

 രക്ഷകരായത് ബന്ധുക്കൾ

പൊന്നാനി : ആളുമാറി പൊലീസ് അറസ്റ്റ് ചെയ്തു. കോടതി ജയിലിലുമടച്ചു. ബന്ധുക്കളുടെ ഇടപെടലിൽ സത്യം ബോദ്ധ്യപ്പെട്ട കോടതി യുവാവിനെ നാലാം നാൾ മോചിപ്പിച്ചു. വെളിയങ്കോട് കിണർപ്രദേശം സ്വദേശി ആലുങ്ങൽ അബൂബക്കറിനാണ് (38) ​ പൊലീസിന്റെ പിടിപ്പുകേടിൽ ഈ ദുർഗതിയുണ്ടായത്.

സംഭവം ഇങ്ങനെ: ചെലവിന് നൽകാത്തതിന് ഭാര്യ ഐഷാബി നൽകിയ പരാതിയിൽ തിരൂർ കുടുംബകോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത് വടക്കേപ്പുറത്ത് അബൂബക്കറിന്. ഇയാൾ വിദേശത്താണ്. ഇതന്വേഷിക്കാതെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത് തൊട്ടയൽക്കാരനായ

ആലുങ്ങൽ അബൂബക്കറിനെ. ഭാര്യയുമായി പിണങ്ങിക്കഴിയുകയാണ് ഇയാളും. കേസുമുണ്ട്. ഇതിന്റെ ഭാഗമാണ് അറസ്റ്റെന്ന് അബൂബക്കറും ആദ്യം ധരിച്ചു.

തിങ്കളാഴ്ച രാത്രി പൊലീസ് അബൂബക്കറിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി അറസ്റ്റ് വാറണ്ടുണ്ടെന്ന് അറിയിക്കുകയായിരുന്നു. വാറണ്ട് പരിശോധിച്ച്,​ തന്റെ വീട്ടുപേരിലല്ല കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് അബൂബക്കർ പറഞ്ഞുനോക്കി. പക്ഷേ,​ പൊലീസ് ചെവിക്കൊണ്ടില്ല. ഇരുവരുടെയും പിതാവിന്റെ പേരും മാതാവിന്റെ തറവാട്ടുപേരും ഒന്നുതന്നെ. കള്ളം പറയരുതെന്ന് വിരട്ടി ലോക്കപ്പിലിട്ടു. ചൊവ്വാഴ്ച രാവിലെ തിരൂർ കുടുംബകോടതിയിൽ ഹാജരാക്കി. കോടതി നാലുലക്ഷം പിഴയിട്ടു. തുക അടയ്ക്കാനാവില്ലെന്ന് അറിയിച്ചതോടെ തവനൂർ സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്തു. തുടർന്ന് ബന്ധുക്കൾ അന്വേഷണം നടത്തി പൊലീസിനു പറ്റിയ അബദ്ധം കണ്ടെത്തി ഇന്നലെ കോടതിയെ അറിയിക്കുകയായിരുന്നു. പൊലീസിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ആലുങ്ങൽ അബൂബക്കർ.

Advertisement
Advertisement