ഫലമറിയാൻ ഇനി 11 നാൾ, പാലക്കാട് ഗവ.വിക്ടോറിയ കോളേജ് വോട്ടെണ്ണൽ കേന്ദ്രം
രാവിലെ 8 മണിക്ക് പോസ്റ്റൽ ബാലറ്റുകൾ ആദ്യം എണ്ണി തുടങ്ങും
8.30 മുതൽ വോട്ടിംഗ് മെഷീനുകളിലേത് എണ്ണി തുടങ്ങും
പാലക്കാട് ലോക്‌സഭാമണ്ഡലത്തിന് ഏഴ് വോട്ടെണ്ണൽ ഹാളുകൾ
ആലത്തൂർ ലോക്‌സഭാമണ്ഡലത്തിന് 11 വോട്ടെണ്ണൽ ഹാളുകൾ
വോട്ടെണ്ണൽ പ്രക്രിയ പൂർണ്ണമായും വീഡിയോയിൽ ചിത്രീകരിക്കും
പാലക്കാട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലമറിയാൻ ഇനി 11 നാൾ മാത്രം. വോട്ടെണ്ണൽ പാലക്കാട് ഗവ.വിക്ടോറിയ കോളേജിൽ നടക്കും. പാലക്കാട് ലോക്സഭാമണ്ഡലത്തിലുൾപ്പെട്ട പട്ടാമ്പി, ഷൊർണ്ണൂർ, ഒറ്റപ്പാലം, കോങ്ങാട്, മണ്ണാർക്കാട്, മലമ്പുഴ, പാലക്കാട് നിയമസഭാമണ്ഡലങ്ങളിലുൾപ്പെട്ട 1329 വീതം പോളിംഗ് സ്റ്റേഷനുകളിലേത് വിക്ടോറിയ കോളേജിലെ പുതിയ ബ്ലോക്കിലും ആലത്തൂർ ലോക്സഭാമണ്ഡലത്തിലെ ചിറ്റൂർ, നെന്മാറ, ആലത്തൂർ, തരൂർ, ചേലക്കര, കുന്നംകുളം, വടക്കഞ്ചേരി നിയമസഭാമണ്ഡലങ്ങളിലെ 1156 പോളിംഗ് സ്റ്റേഷനുകളിലേത് പഴയ ബ്ലോക്കിലുമായി എണ്ണും.
ജൂൺ നാലിന് രാവിലെ 8 മണിക്ക് പോസ്റ്റൽ ബാലറ്റുകളാവും ആദ്യം എണ്ണി തുടങ്ങുക. തുടർന്ന് സ്ഥാനാർത്ഥികളെയൊ സ്ഥാനാർത്ഥി പ്രതിനിധികളെയൊ സാക്ഷിയാക്കി സ്‌ട്രോംഗ് റൂമുകളുടെ സീലിംഗ് നീക്കി വോട്ടിംഗ് മെഷീനുകൾ വോട്ടെണ്ണൽ ഹാളുകളിലെത്തിച്ച് മേശകളിൽ സജ്ജീകരിച്ച് 8.30 മുതൽ എണ്ണാൻ തുടങ്ങും. ഓരോ നിയമസഭാ മണ്ഡലത്തിലും നറുക്കിട്ടെടുക്കുന്ന അഞ്ച് പോളിംഗ് സ്റ്റേഷനുകളിലെ വിവിപാറ്റ് മെഷീനുകളിലുളള സ്ലിപ്പുകൾ വിവിപാറ്റ് കൗണ്ടിംഗ് ബൂത്തിൽ എണ്ണും. പോസ്റ്റൽ ബാലറ്റ്, ഇ.വി.എം, പിന്നെ വിവിപാറ്റ് സ്ലിപ്പ് എന്നിങ്ങനെയാണ് എണ്ണുന്നതിനുളള ക്രമം.
കൗണ്ടിംഗ് ഹാളുകൾ സജ്ജം
പാലക്കാട് ലോക്സഭാമണ്ഡലത്തിന്റെ ഏഴ് നിയമസഭാ മണ്ഡലങ്ങൾക്കായി ഏഴ് വോട്ടെണ്ണൽ ഹാളുകളാണുള്ളത്. ഓരോ വോട്ടെണ്ണൽ ഹാളുകളിലും 14 മേശകൾ വീതം മൊത്തം 98 മേശകൾ സജ്ജീകരിക്കും. ആലത്തൂർ ലോക്സഭാമണ്ഡലത്തിന്റെ ഏഴ് നിയമസഭാ മണ്ഡലങ്ങൾക്കായി 11 കൗണ്ടിംഗ് ഹാളുകളുകളിലായി 91 മേശകൾ സജ്ജീകരിക്കും.
കോളേജിന് ജൂൺ മൂന്ന് മുതൽ ഏഴ് വരെ അവധി
ഗവ. വിക്ടോറിയ കോളേജിന് വോട്ടെണ്ണലിന്റെ തലേദിവസമായ ജൂൺ മൂന്ന്, വോട്ടെണ്ണൽ ദിനമായ ജൂൺ നാല്, തുടർന്ന് സ്‌ട്രോംഗ് റൂമുകളുടെയും, കൗണ്ടിംഗ് ഹാളുകളുടെയും ശുചീകരണത്തിനും പൂർവ്വ സ്ഥിതി നിലനിർത്തുന്നതിനുമുള്ള പ്രവർത്തികൾ പൂർത്തീകരിക്കുന്നതിനുമായി ജൂൺ ഏഴ് വരെയും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു.