ചിത്താരിയിൽ ഗ്യാസ് ടാങ്കർ ചോർച്ച ആശങ്ക... സമാധാനം....

Friday 24 May 2024 12:09 AM IST
ചോർച്ചയുണ്ടായ ഗ്യാസ് ടാങ്കറിൽ നിന്ന് വാതകം മാറ്റുന്നു

കാഞ്ഞങ്ങാട്: ചിത്താരി വില്ലേജിൽ സ്റ്റേറ്റ് ഹൈവേയിൽ ഓടിക്കൊണ്ടിരിക്കുന്ന ഗ്യാസ് ടാങ്കറിൽ നിന്ന് ഗ്യാസ് ചോർന്നതിനെ തുടർന്ന് മണിക്കൂറുകളോളം ഒരു നാട് ആശങ്കയിലായി. മണിക്കൂറുകൾ നീണ്ട കഠിനദ്ധ്വാനത്തിന് ശേഷം ചോർച്ച അടക്കുകയും വാതകം മറ്റുടാങ്കറുകളിലേക്ക് മാറ്റുകയും ചെയ്തതോടെയാണ് ആശങ്ക ഒഴിഞ്ഞത്.

വാതകം ചോരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ ഡ്രൈവർ ടാങ്കർ ലോറി നിർത്തുകയും വിവരമറിഞ്ഞ് കാഞ്ഞങ്ങാട്, കാസർകോട് സ്റ്റേഷനുകളിൽ നിന്ന് മൂന്ന് യൂണിറ്റ് ഫയർ ആൻഡ് റെസ്‌ക്യു ഉദ്യോഗസ്ഥർ എത്തി നിയന്ത്രണം ഏറ്റെടുക്കുകയും ലീക്ക് അടക്കാനുള്ള ശ്രമം തുടരുകയും ചെയ്തു. പൊലീസ്, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ ഉദ്യോഗസ്ഥരും നാട്ടുകാരും മാതൃകാപരമായി പ്രവർത്തിച്ചു.

നാട്ടുകാരുടെ സഹകരണത്തോടെ 300 മീറ്റർ ചുറ്റളവിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. ഫയർഫോഴ്സ് ആദ്യം ഗ്യാസ് ലീക്ക് അടയ്ക്കാനുള്ള ശ്രമം നടത്തി. ചോർച്ചയെ തുടർന്ന് വിദഗ്ദ്ധരെ അറിയിക്കുകയും ചെയ്തു. റോഡിന് ഇരുവശത്തുമുള്ള 100 വീട്ടുകാരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. വീടുകളിലെ അടുപ്പുകളിൽ തീ കത്തിക്കുന്നതും ഗ്യാസ് സ്റ്റൗ പ്രവർത്തിക്കുന്നതും തടയാൻ ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും മുന്നറിയിപ്പ് നൽകി. വാഹനങ്ങൾ സ്റ്റാർട്ട് ചെയ്യുന്നത് പോലും ഒഴിവാക്കാൻ വീട് കയറി പറഞ്ഞു.

കാഞ്ഞങ്ങാട്, കാസർകോട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ കളനാട്, പാലക്കുന്ന്, ബേക്കൽ ജംഗ്ഷൻ, പെരിയ റോഡ് ജംഗ്ഷനുകളിൽ പൊലീസ് ഉദ്യോഗസ്ഥർ ദേശീയ പാതയിലേക്ക് തിരിച്ചു വിട്ടു. ചോർച്ച താൽക്കാലികമായി അടച്ച ശേഷം ഉച്ചയോടെ മംഗലാപുരം ഐ.ഒ.സിയിൽ നിന്ന് വിദഗ്ദ്ധർ സ്ഥലത്തെത്തി വാതകം മറ്റു ടാങ്കറുകളിലേക്ക് മാറ്റുന്നതിന് നടപടി ആരംഭിച്ചു. സംഭവസ്ഥലത്ത് തഹസിൽദാർ, പൊലീസ് തുടങ്ങിയവർ ക്യാമ്പ് ചെയ്തു. വൈകുന്നേരത്തോടെ രണ്ട് ടാങ്കറുകളിലായി വാതകം മാറ്റി വണ്ടികൾ പോയതിനു ശേഷമാണ് ഇതുവഴി വാഹനങ്ങൾ കടത്തി വിടാനാരംഭിച്ചതെന്ന് ഹോസ്ദുർഗ്ഗ് താഹസിൽദാർ എം. മായ അറിയിച്ചു.

Advertisement
Advertisement