അന്റാർട്ടിക്ക ട്രീറ്റി സമ്മേളനം: ടൂറിസം നിയന്ത്രണത്തിൽ ഇന്ത്യയ്ക്ക് പ്രധാനപങ്ക്

Friday 24 May 2024 4:03 AM IST

കൊച്ചി: അന്റാർട്ടിക്കയ്ക്ക് ഭീഷണിയാകുന്ന ടൂറിസം നിയന്ത്രിക്കുന്നതു സംബന്ധിച്ച പ്രഥമ ചർച്ചയിൽ ഇന്ത്യ സുപ്രധാന പങ്കു വഹിക്കും. കൊച്ചിയിൽ നടക്കുന്ന 46-ാം അന്റാർട്ടിക് ട്രീറ്റി കൺസൾട്ടേറ്റീവ് മീറ്റിംഗിന്റെ പ്രധാന ചർച്ചകളുടെ ഭാഗമാണ് ടൂറിസം ഭീഷണിയും. കോൺഫറൻസിൽ ആദ്യമായി ഇക്കുറി ടൂറിസം നിയന്ത്രണത്തിന് ഇന്ത്യയുടെ നേതൃത്വത്തിൽ വർക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചു.

ട്രീറ്റിയുടെ പരിസ്ഥിതി സംരക്ഷണ കമ്മിറ്റിയുടെ 26-ാം സമ്മേളനവും കൊച്ചിയിൽ നടക്കുന്നുണ്ട്. 1983ലെ അന്റാർട്ടിക് ഉടമ്പടിയിൽ ഇന്ത്യയും ഭാഗമാണ്. അനിയന്ത്രിതമായ ടൂറിസം അന്റാർട്ടിക്കയ്ക്ക് ഭീഷണിയാണെന്നും മുൻകരുതലുകൾ വേണമെന്നുമാണ് ഇന്ത്യൻ നിലപാ‌ട്. 2022ൽ ഇന്ത്യ കൊണ്ടുവന്ന ഇന്ത്യൻ അന്റാർട്ടിക് ആക്ടിന്റെ ചുവടു പിടിച്ച് ടൂറിസം നിയന്ത്രണ നിയമം വേണമെന്ന നിർദ്ദേശമാണ് ഇന്ത്യൻ പ്രതിനിധികൾ മുന്നോട്ടു വച്ചത്. നാലു പതിറ്റാണ്ടായി അന്റാർട്ടിക്ക ഗവേഷണത്തിലുള്ള ഇന്ത്യയുടെ പങ്കിന്റെ പ്രാധാന്യം പ്രതിനിധിയായ പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉപദേശകൻ ഡോ. വിജയകുമാർ ചൂണ്ടിക്കാട്ടി.

56 രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കുന്ന കോൺഫറൻസിൽ അന്റാർട്ടിക്കയിലെ കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിദ്ധ്യം, സുസ്ഥിരത എന്നിവയാണ് ചർച്ചാ വിഷയങ്ങൾ. 400 ഓളം പ്രതിനിധികൾ പങ്കെടുക്കുന്നു. സമ്മേളനം മേയ് 30 വരെ തുടരും. നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ചാണ് സംഘാടനം.

അന്റാർട്ടിക്കയെ

അറിയാം...

അന്റാർട്ടിക്കയിലെ കൊടുംതണുപ്പും കാറ്റും നേരിൽ അറിയാൻ സാധിക്കുന്ന വെർച്വൽ ആൻഡ് ഓഗ്‌മെന്റഡ് റിയാലിറ്റി സംവിധാനം ബോൾഗാട്ടിയിലെ അന്റാർട്ടിക് ട്രീറ്റി കൺസൾട്ടേറ്റീവ് മീറ്റിംഗ് വേദിക്ക് പുറത്തെ ആകർഷണമാണ്. ഇടവേളകളിൽ പ്രതിനിധികൾ ഇത് ആസ്വദിക്കാൻ എത്തും. ഹെഡ്സെറ്റും മറ്റ് സംവിധാനങ്ങളും ധരിച്ചാൽ തണുപ്പും മഞ്ഞുവീഴ്ചയും തൊട്ടറിയുന്നത് പോലെയാണ്. പെൻഗ്വിനുകൾ ശബ്ദഘോഷവുമായി തൊട്ടരികൽ എത്തുന്നത് അനുഭവിച്ചറിയാം.

Advertisement
Advertisement