ചെറുവത്തൂർ വിദേശ മദ്യശാല അടഞ്ഞ അദ്ധ്യായം 

Friday 24 May 2024 12:05 AM IST
ചെറുവത്തൂർ റെയിൽവെ സ്റ്റേഷൻ റോഡിലെ കെട്ടിടത്തിൽ നിന്നും വിദേശമദ്യം മിനി ലോറിയിൽ കടത്തുന്നു


സ്റ്റോക്കുള്ള മദ്യം കണ്ണൂരിലേക്ക് മാറ്റി
വിളിച്ചിട്ടും പോകാതെ ചുമട്ടു തൊഴിലാളികൾ
കെട്ടിടം ഉടമയ്ക്ക് വാടക നൽകിയില്ല, പൂട്ടുപൊളിച്ചു

ചെറുവത്തൂർ: ചെറുവത്തൂർ റെയിൽവെ സ്റ്റേഷൻ റോഡിലെ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി പിറ്റേ ദിവസം തന്നെ പൂട്ടിയ കൺസ്യൂമർ ഫെഡിന്റെ വിവാദ വിദേശമദ്യ വില്പനശാല അടഞ്ഞ അദ്ധ്യായമായി. വിദേശമദ്യ ശാല തുടങ്ങുന്നതിനായി വാടകയ്ക്ക് എടുത്ത കെട്ടിടത്തിൽ സ്റ്റോക്ക് ഉണ്ടായിരുന്ന 26 ലക്ഷത്തിന്റെ വിദേശമദ്യം ഇന്നലെ ഉച്ചയോടെ എത്തിയ കൺസ്യുമർ ഫെഡിന്റെ ഉദ്യോഗസ്ഥർ വാഹനത്തിൽ കയറ്റി കൊണ്ടുപോയി. 26 ലക്ഷത്തിന്റെ മദ്യത്തിൽ 15 കെയ്‌സ് ബിയറിന്റെ കാലാവധി കഴിഞ്ഞിരുന്നു. ഇതും കൊണ്ടുപോയി.

അതിനിടെ കെട്ടിടം ഉടമയായ മാധവന് നൽകാനുണ്ടായിരുന്ന വാടക സംബന്ധിച്ച് തീരുമാനം ഒന്നും എടുക്കാതെയാണ് വിദേശമദ്യം മാറ്റിയത്. വാടക നൽകാത്തതിനാൽ കെട്ടിടം ഉടമ മറ്റൊരു പൂട്ട് കെട്ടിടത്തിന് ഇട്ടിരുന്നു. ഉടമ സ്ഥലത്ത് ഇല്ലാത്തതിനാൽ അദ്ദേഹം ഇട്ടിരുന്ന പൂട്ട് പൊളിച്ചാണ് സാധനം കടത്തിയത്. മദ്യത്തിന്റെ ലോഡ് വാഹനത്തിൽ കയറ്റുന്നതിന് ചെറുവത്തൂർ ടൗണിലെ ചുമട്ടു തൊഴിലാളികളെ വിളിച്ചിരുന്നുവെങ്കിലും ആരും പോയില്ലെന്ന് ചുമട്ട് തൊഴിലാളി യൂണിയൻ നേതാക്കൾ പറഞ്ഞു.

മൂന്ന് മാസത്തിനകം ചെറുവത്തൂരിലോ പരിസര പ്രദേശങ്ങളിലോ വിദേശമദ്യ വില്പനശാല തുടങ്ങുമെന്നും പകരം സംവിധാനം ഉണ്ടാകുന്നത് വരെ സ്റ്റോക്കുള്ള വിദേശമദ്യം സ്ഥലത്ത് നിന്ന് മാറ്റില്ലെന്നും ഉറപ്പുകൾ നൽകിയിരുന്നെങ്കിലും ആ ഉറപ്പുകൾ ജലരേഖയായി. മദ്യശാല തുടങ്ങാൻ ചെറുവത്തൂർ പഞ്ചായത്തിലെ നിരവധി പ്രദേശങ്ങളിൽ അന്വേഷണം നടത്തുകയും ഉദ്യോഗസ്ഥർ പരിശോധന നടത്തുകയും ചെയ്തിരുന്നു. മദ്യശാല പൂട്ടിയതിന്റെ പേരിൽ വലിയ വിവാദവും ചെറുവത്തൂരിലുണ്ടായി.

പൊലീസിൽ പരാതി നൽകി കെട്ടിടം ഉടമ

വാടക കുടിശ്ശിക നൽകാതെയും ഹൈക്കോടതിയിൽ നൽകിയ കേസിൽ വിധി വരുന്നതിന് മുമ്പെയും കെട്ടിടത്തിന്റെ പൂട്ടുപൊളിച്ചു വിദേശ മദ്യം കടത്തിയ കൺസ്യൂമർ ഫെഡ് ജീവനക്കാരുടെ നടപടിക്കെതിരെ കെട്ടിടം ഉടമ കെ. മാധവൻ നായർ ചന്തേര പൊലീസിൽ പരാതി നൽകി. 90,000 രൂപ വീതം 11 മാസത്തെ വാടകയും കറന്റ് ചാർജായി 55,000 രൂപയും കെട്ടിടത്തിന് പിറകിൽ മണ്ണിട്ട് നികത്തി സൗകര്യം ചെയ്തുകൊടുത്ത വകയിൽ 40,000 രൂപയും തരാതെയാണ് അനുമതിയില്ലാതെ മദ്യം കടത്തിയതെന്ന് പരാതിയിൽ പറഞ്ഞു. ആറു മാസത്തിലധികം വാടക കുടിശിക ഉണ്ടെങ്കിൽ വേറെ പൂട്ടിടാം എന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേകം പൂട്ടിട്ടത്. അത് പൊളിച്ചാണ് മദ്യം കടത്തിയത്.

Advertisement
Advertisement