ആലുവയിൽ വെള്ളക്കെട്ട്: നഗരസഭയ്ക്കെതിരെ പ്രതിഷേധം ശക്തം

Friday 24 May 2024 2:18 AM IST
ആലുവയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ ശാശ്വത നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൗരാവകാശ സംരക്ഷണ സമിതി പൊതുമരാമത്ത് അസി.എക്‌സി.എൻജിനിയർ എന്നിവരെ ഉപരോധിക്കുന്നു

ആലുവ: ഒറ്റമഴയിൽ നഗരം വെള്ളക്കെട്ടിലാക്കിയതിന് ഉത്തരവാദികളായ നഗരസഭയ്ക്കും പൊതുമരാമത്ത് വകുപ്പിനും കൊച്ചി മെട്രോയ്ക്കുമെതിരെ ആലുവയിൽ ജനരോഷം ശക്തമായി. പൊതുമരാമത്ത് വകുപ്പിന്റെയും കൊച്ചി മെട്രോയുടെയും അശാസ്ത്രീയമായ നടപ്പാത നിർമ്മാണമാണ് വെള്ളക്കെട്ടിന് കാരണമെന്നാണ് ആക്ഷേപം. കാന ശുചീകരിക്കാതിരുന്നതും അശാസ്ത്രീയമായ നടപ്പാത നിർമ്മാണം തടയാതിരുന്നതുമാണ് നഗരസഭയ്ക്കെതിരായ പ്രതിഷേധത്തിന് കാരണം.

ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണസമിതി നഗരസഭ സെക്രട്ടറി, പൊതുമരാമത്ത് അസി.എക്‌സി.എൻജിനിയർ എന്നിവരെ ഉപരോധിച്ചു. പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്തെ വ്യാപാരികൾക്കുമാത്രം 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. അടിയന്തര നടപടിയാവശ്യപ്പെട്ട് നഗരസഭ ചെയർമാന് നിവേദനം നൽകി. 28ന് വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിക്കുമെന്ന് ചെയർമാൻ ഉറപ്പുനൽകി. ജില്ലാ കളക്ടർ, മനുഷ്യാവകാശ കമ്മിഷൻ, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി എന്നിവക്കും പരാതി അയച്ചിട്ടുണ്ട്. പരിഹാരമുണ്ടായില്ലെങ്കിൽ ശക്തമായ സമരം നടത്തുമെന്ന് സമിതി ജനറൽ സെക്രട്ടറി സാബു പരിയാരത്ത് പറഞ്ഞു.

ശുചീകരണം അടിയന്തരമായി നടത്തണമെന്ന് വ്യാപാരികൾ

അടിയന്തരമായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തണമെന്ന് ആലുവ മർച്ചന്റ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. നഗരത്തിലെ അതിരൂക്ഷമായ വെള്ളക്കെട്ട് വ്യാപാരികൾക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടാക്കിയയത്. കൊച്ചി മെട്രോ നടപ്പിലാക്കിയ സൗന്ദര്യവത്കരണ പദ്ധതികളാണ് ദുരന്തം വരുത്തിവച്ചതെന്ന് അസോസിയേഷൻ ആരോപിച്ചു. ആലുവ നഗരസഭയ്ക്കും കൊച്ചി മെട്രോ അധികാരികൾക്കും പരാതി നൽകിയിട്ടുണ്ട്.

നഗരസഭയുടെയും കെ.എം.ആർ.എല്ലിന്റെയും ഭാഗത്തുനിന്ന് അടിയന്തര നടപടികൾ ഉണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകാൻ അസോസിയേഷൻ എക്‌സിക്യുട്ടീവ് യോഗം തീരുമാനിച്ചു. പ്രസിഡന്റ് ഇ.എം. നസീ ബാബു, ജനറൽ സെക്രട്ടറി എ.ജെ. റിയാസ്, ലത്തീഫ് പൂഴിത്തറ, എം. പത്മനാഭൻ നായർ, കെ.സി. ബാബു, പി.എം. മൂസക്കുട്ടി, അജ്മൽ കാമ്പായി എന്നിവർ സംസാരിച്ചു.

എൽ.ഡി.എഫ് സമരം മാറ്റി

വെള്ളക്കെട്ടിനെതിരെ ഇന്നലെ എൽ.ഡി.എഫ് പ്രഖ്യാപിച്ചിരുന്ന ശ്രദ്ധക്ഷണിക്കൽ പ്രതിഷേധം അവസാനനിമിഷം മാറ്റി. ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്ന സി.പി.എം ജില്ലാ നേതൃത്വത്തിന്റെ നിർദ്ദേശം പരിഗണിച്ചാണ് സമരം മാറ്റിയതെന്ന് മുനിസിപ്പൽ കൺവീനർ രാജീവ് സക്കറിയ പറഞ്ഞു.

Advertisement
Advertisement