ഡ്രൈവിംഗ് ടെസ്റ്റ്: അംഗീകൃത പരിശീലകർ നേരിട്ടെത്തണം

Friday 24 May 2024 4:23 AM IST

തിരുവനന്തപുരം: അംഗീകൃത പരിശീലകർ തന്നെ പഠിതാക്കളുമായി ഡ്രൈവിംഗ് ടെസ്റ്റിന് എത്തണമെന്ന വ്യവസ്ഥ കർശനമാക്കി ഡ്രൈവിംഗ് ടെസ്റ്റ് നിബന്ധനകൾ പരിഷ്‌കരിച്ച് സർക്കാർ ഉത്തരവിറക്കി.സി.ഐ.ടി.യു ഉൾപ്പെടെയുള്ള സംഘടനകൾ എതിർക്കുന്നതും ഈ നിബന്ധനയെയാണ്. ഭൂരിഭാഗം ഡ്രൈവിംഗ് സ്‌കൂളുകൾക്കും ആവശ്യത്തിന് അംഗീകൃത പരിശീലകരില്ല. സ്‌കൂൾ ലൈസൻസിൽ മാത്രമാണ് ഉണ്ടാവുക. അംഗീകൃത പരിശീലകർ ഹാജരാകണമെന്ന വ്യവസ്ഥ ഡ്രൈവിംഗ് സ്‌കൂളുകാരെ കുഴയ്ക്കും.
ഡ്രൈവിംഗ് സ്‌കൂൾ സമരം ഒത്തുതീർപ്പാക്കിയതിന് ശേഷം മന്ത്രി ഗണേഷ് കുമാർ വിശദീകരിച്ച കാര്യങ്ങളെല്ലാം ഉത്തരവിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഒരുദ്യോഗസ്ഥൻ ദിവസം 40 ഡ്രൈവിംഗ് ടെസ്റ്റാവും നടത്തുക. സി.ഐ.ടി.യു നേതാക്കളും മന്ത്രി ഗണേഷ്‌കുമാറുമായി ഇന്നലെ ചർച്ച നടന്നെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. 29 ന് സംസ്ഥാന കമ്മിറ്റി ചേർന്ന് തുടർ പരിപാടികൾ തീരുമാനിക്കുമെന്ന് സി.ഐ.ടി.യു അറിയിച്ചു.