വിദേശപഠനം: സാദ്ധ്യതകളും നിയന്ത്രണങ്ങളും

Friday 24 May 2024 12:00 AM IST

വിദേശപഠനത്തിനായി പ്രതിവർഷം 10 ലക്ഷത്തിലേറെ വിദ്യാർത്ഥികൾ ഇന്ത്യയിൽ തയ്യാറെടുക്കുന്നുണ്ട്. ഓരോ വർഷവും വിദ്യാർത്ഥികളുടെ എണ്ണം കൂടുകയാണ്. അതോടൊപ്പം നിരവധി വിദേശരാജ്യങ്ങൾ വിദ്യാർത്ഥികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു എന്ന വാർത്തയും പുറത്തുവരുന്നുണ്ട്. ഗുണനിലവാരം ലക്ഷ്യമിട്ടാണ് ഇത്തരം നിയന്ത്രണങ്ങൾ. അഡ്മിഷൻ വ്യവസ്ഥകൾ കർശനമാക്കിയും പോസ്റ്റ് സ്റ്റഡി വർക്ക് വിസയിൽ (PSW) നിയന്ത്രണമേർപ്പെടുത്തിയുമാണ് വിദ്യാർത്ഥികളുടെ കുത്തൊഴുക്ക് പല രാജ്യങ്ങളും നിയന്ത്രിക്കുന്നത്.

കാനഡ പരിഷ്‌കാരങ്ങൾ

..........................................

പ്രതിവർഷം 2.4 ലക്ഷത്തോളം വിദ്യാർത്ഥികളാണ് പഠനത്തിനും ഇമിഗ്രേഷനുമായി ഇന്ത്യയിൽ നിന്ന് കാനഡയിലെത്തുന്നത്. വിദ്യാർത്ഥികളുടെ സംരക്ഷണമെന്ന പേരിൽ കാനഡ കൂടുതൽ നിബന്ധനകൾ നടപ്പാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ ഗ്യാരന്റീഡ് ഇൻവെസ്റ്റ്മെന്റ് സർട്ടിഫിക്കറ്റ് -(GIC) തുക 10000 കനേഡിയൻ ഡോളറിൽ നിന്ന് 20635 ഡോളറാക്കി ഉയർത്തി. ജി.ഐ.സി വർദ്ധിപ്പിക്കുന്നതിലൂടെ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവ് വരുത്താൻ കാനഡ ആഗ്രഹിക്കുന്നു. കാനഡ ഇന്റർനാഷണൽ വിദ്യാർത്ഥികൾക്ക് അനുവദിക്കുന്ന സ്റ്റഡി പെർമിറ്റ്/ സ്റ്റുഡന്റ് വിസ പ്രതിവർഷം നാലു ലക്ഷത്തിൽ നിന്ന് 3.6 ലക്ഷമായി കുറച്ചിട്ടുണ്ട്. കാനഡയിലേക്ക് ഉപരിപഠനത്തിന് വരുമ്പോൾ ജീവിത പങ്കാളിക്ക് സ്പൗസ് വിസ അനുവദിക്കുമെങ്കിലും വർക്ക് പെർമിറ്റ് ലഭിക്കില്ല. ബിരുദാനന്തര/ഗ്രാജ്വേറ്റ് പ്രോഗ്രാമുകൾക്ക് കാനഡയിൽ മൂന്ന് വർഷ വർക്ക് പെർമിറ്റ് അനുവദിക്കും. എന്നാൽ അണ്ടർ ഗ്രാജ്വേറ്റ് പ്രോഗ്രാമുകൾക്ക് വർക്ക് വിസയിൽ നിയന്ത്രണങ്ങളുണ്ട്.

യു.കെ പഠന കാലയളവിൽ അടുത്ത ബന്ധുക്കളെ കൊണ്ടുവരുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി. ജർമ്മനിയും ഓസ്‌ട്രേലിയയും GIC തുക 10 ശതമാനം വർദ്ധിപ്പിച്ചു. ജർമ്മൻ വിസയ്ക്ക് അപേക്ഷിക്കാനുള്ള തുക 10 ലക്ഷമായി വർദ്ധിപ്പിച്ചു. ജീവിതച്ചെലവുകളും പണപ്പെരുപ്പവും പരിഗണിച്ചാണ് വിദേശ രാജ്യങ്ങൾ ജി.ഐ.സി തുക ഉയർത്തുന്നത്. ഓസ്‌ട്രേലിയ വർഷം തോറും 10 ശതമാനം തുക വർദ്ധിപ്പിച്ചുവരുന്നു. ജർമ്മനി, ന്യൂസിലാൻഡ്, നെതർലൻഡ്‌സ്, ഫിൻലാൻഡ് എന്നീ രാജ്യങ്ങളിലെത്തുന്ന വിദ്യാർത്ഥികളുടെ എണ്ണവും വർദ്ധിച്ചു.

ഉന്നത വിദ്യാഭ്യാസം ആകർഷകമാക്കി ഫ്രാൻസ്

....................................................

ഇന്ത്യ- ഫ്രഞ്ച് സർക്കാരുകൾ തമ്മിലുള്ള നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഫ്രാൻസിലേക്ക് കൂടുതൽ വിദ്യാർത്ഥികൾ ഉപരിപഠനത്തിന് താല്പര്യപ്പെടുന്നുണ്ട്. ആറു മാസത്തെ വിദ്യാഭ്യാസം ഫ്രാൻസിൽ പൂർത്തിയാക്കിയവർക്ക് അഞ്ചുവർഷ ഷെൻഗൺ വിസ ലഭിക്കും. ഇത് ഉപരിപഠന ശേഷം മികച്ച തൊഴിൽ കണ്ടെത്താൻ വിദ്യാർത്ഥികളെ സഹായിക്കും.

ഫ്രാൻസിൽ ഉപരിപഠനത്തിനു ഫ്രഞ്ചു ഭാഷയിലും ഇംഗ്ലീഷിലും പ്രാവീണ്യം വേണം. ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയായ ഐ.ഇ.എൽ.ടി.എസിന് 9 ൽ 7 ബാന്റെങ്കിലും ലഭിക്കണം. ഫ്രഞ്ചിൽ B1/B 2/C 1 ലെവൽ കൈവരിക്കണം. പോസ്റ്റ് സ്റ്റഡി വർക് വിസയ്ക്ക് കുറഞ്ഞത് B2 എങ്കിലും കൈവരിക്കണം. 29- ഓളം രാജ്യങ്ങളിൽ ഫ്രഞ്ച് ഔദ്യോഗിക ഭാഷയാണ്.

എൻജിനിയറിംഗ്, മാനേജ്മെന്റ്, സയൻസ്, ടെക്‌നോളജി മേഖലയിൽ ഫ്രാൻസിൽ ഉപരിപഠനത്തിനായി മികച്ച സർവകലാശാലകളുണ്ട്. ഇൻസീഡ് മികച്ച ലോക റാങ്കിംഗുള്ള ബിസിനസ് സ്‌കൂളാണ്. എൻജിനിയറിംഗിൽ ഗ്രെനോബിൽ മികച്ച നിലവാരം പുലർത്തുന്ന ടെക്‌നോളജി സ്ഥാപനമാണ്. QS ലോകറാങ്കിംഗിൽ ഗ്രെനോബിൽ നാലാം സ്ഥാനത്താണ്. മെക്കാനിക്കൽ/ഇൻഡസ്ട്രിയൽ എൻജിനിയറിംഗിൽ ഇന്ത്യയിൽ ബി.ടെക് വിദ്യാർത്ഥികൾക്ക് ഗ്രെനോബിൽ യൂണിവേഴ്‌സിറ്റിയിൽ ഇന്റഗ്രേറ്റഡ് എം.എസ് പ്രോഗ്രാമിന് പഠിക്കാം. അമൃത സർവകലാശാലയ്ക്ക് ഗ്രെനോബിൾ യൂണിവേഴ്‌സിറ്റിയുമായി നിലവിൽ ട്വിന്നിംഗ് പ്രോഗ്രാമുണ്ട്.

ഫ്രഞ്ച് സർവ്വകലാശാലകൾ ഒരുവർഷത്തെ ഗ്രാജ്വേറ്റ് പ്രോഗ്രാം, സർട്ടിഫിക്കറ്റ് പ്രോഗ്രാം, ലൈസൻസ്, ബിരുദാനന്തര, ഡോക്ടറൽ പ്രോഗ്രാമുകൾ ഓഫർ ചെയ്യും. ആറു സെമസ്റ്റർ നീണ്ടു നിൽക്കുന്ന അണ്ടർ ഗ്രാജ്വേറ്റ് പ്രോഗ്രാമാണ് ലൈസൻസ്. സോബോൺ, ഇക്കോൽ പോളിടെക്‌നിക്, നന്റ്‌സ്, യൂണിവേഴ്‌സിറ്റി ഒഫ് പാരീസ്, ENSലിയോൺ, ലോറൈൻ തുടങ്ങിയവ ഫ്രാൻസിലെ മികച്ച സർവകലാശാലകളാണ്. ഫ്രാൻസിലെ ഉന്നതവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനായി ക്യാമ്പസ് ഫ്രാൻസ് എന്ന ഫ്രഞ്ച് സർക്കാരിന്റെ ഇനിഷ്യേറ്റീവുണ്ട്. ക്യാമ്പസ് ഫ്രാൻസിന് തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു , ഡൽഹി, മുംബയ് എന്നിവിടങ്ങളിൽ ഓഫീസുണ്ട്.

ലെഗ്രാൻഡ് എംപവറിംഗ് സ്‌കോളർഷിപ്, AMBA ഡാമിയ സ്‌കോളർഷിപ്, Sciences PO, പാരീസ് ടെക് എന്നിവ ഉപരിപഠനത്തിന് ഫ്രാൻസ് നൽകുന്ന സ്‌കോളർഷിപ്പുകളിൽ ചിലതാണ്. സെപ്തംബർ-ഒക്ടോബർ മാസങ്ങളിലാണ് ഫ്രാൻസിൽ അക്കാഡമിക് വർഷം ആരംഭിക്കുക.

(നാളെ: അമേരിക്കൻ ഉപരിപഠന സാദ്ധ്യതകളും വിവിധ സ്കോളർഷിപ്പുകളും)

Advertisement
Advertisement