11 വാഴ്സിറ്റികളിൽ വി.സി നിയമനത്തിന് തട, സർക്കാരിനെതിരെ കേസിന് ഗവർണർ

Friday 24 May 2024 12:00 AM IST

തിരുവനന്തപുരം: പതിനൊന്ന് സർവകലാശാലകളിലെ വൈസ്ചാൻസലർ നിയമനം തടയുന്നെന്ന് കാട്ടി ഗവർണർ സർക്കാരിനെതിരേ കേസിന്. വി.സി നിയമനത്തിന് സെനറ്റ് പ്രതിനിധിയെ ഒഴിവാക്കി യു.ജി.സി, ചാൻസലർ പ്രതിനിധികൾ മാത്രമുള്ള രണ്ടംഗ സെർച്ച് കമ്മിറ്റിയുണ്ടാക്കാനായിരുന്നു നിയമോപദേഷ്ടാവ് പി.ശ്രീകുമാറിന്റെ ശുപാർശ. ഇത് തള്ളിയാണ് സർക്കാരിനെയും വാഴ്സിറ്റികളെയും ഉന്നതവിദ്യാഭ്യാസ വകുപ്പിനെയും എതിർകക്ഷികളാക്കി റിട്ട്ഹർജി നൽകാനുള്ള നീക്കം. ഗവർണറുടെ കാലാവധി സെപ്തംബറിൽ കഴിയുമെന്നതിനാൽ വി.സി നിയമനം വീണ്ടും കേസിൽ കുരുങ്ങുന്നത് സർക്കാരിനും താത്പര്യമാണ്. ആരോഗ്യം, കാലിക്കറ്റ് വാഴ്സിറ്റികളിൽ മാത്രമാണ് സ്ഥിരംവി.സിയുള്ളത്.

ചാൻസലർ, യു.ജി.സി,സർവകലാശാല പ്രതിനിധികളുള്ള മൂന്നംഗ സമിതിയാണ് വി.സി നിയമനത്തിനുള്ള പാനൽ സമർപ്പിക്കേണ്ടത്. ഗവർണർ ഡസനിലേറെ തവണ ആവശ്യപ്പെട്ടിട്ടും വാഴ്സിറ്റികൾ പ്രതിനിധിയെ നൽകുന്നില്ല. സർക്കാർ നിർദ്ദേശപ്രകാരമാണിത്. കേരള വാഴ്സിറ്റിയുടെ പ്രതിനിധിയില്ലാതെ ഗവർണർ രൂപീകരിച്ച രണ്ടംഗകമ്മിറ്റി ഹൈക്കോടതി തടഞ്ഞിരുന്നു. പിന്നീട് മലയാളം വാഴ്സിറ്റിയിലെ സെർച്ച് കമ്മിറ്റിയിലേക്ക് ഗവർണറുടെ പ്രതിനിധിയെ സർക്കാർ ആവശ്യപ്പെട്ടതും, സാങ്കേതിക വാഴ്സിറ്റിയിൽ ഗവർണറെ ഒഴിവാക്കി സർക്കാർ സ്വന്തം സെർച്ച് കമ്മിറ്റിയുണ്ടാക്കിയതും വിവാദമായി.

കേരള വാഴ്സിറ്റി കേസിൽ, സെനറ്റ് പ്രതിനിധിയെ നൽകിയില്ലെങ്കിൽ ഗവർണർക്ക് നടപടികളെടുക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ടംഗകമ്മിറ്റിയുണ്ടാക്കാനായിരുന്നു നിയമോപദേശം. രണ്ടംഗകമ്മിറ്റിയെ കോടതിയിൽ ചോദ്യംചെയ്താൽ സത്യവാങ്മൂലം നൽകാമെന്നും എട്ട് വാഴ്സിറ്റികളിലെ സ്തംഭനം കോടതിയെ അറിയിക്കാമെന്നുമുള്ള നിയമോപദേശമാണ് ഗവർണർ തള്ളിയത്.

അധികാരി ആര്

1)ചാൻസലർക്കാണ് സെർച്ച്കമ്മിറ്റി രൂപീകരിക്കാൻ അധികാരമെന്ന് ഗവർണർ. വി.സി നിയമനം ചാൻസലറാണ് നടത്തേണ്ടതെന്നും അത് അന്തിമമാണെന്നും സുപ്രീംകോടതി.

2) ഭരണഘടനയുടെ 162-ാം അനുച്ഛേദപ്രകാരം വി.സിനിയമനം സർക്കാരിന്റെ അധികാരമാണെന്നും യു.ജി.സി ചട്ടത്തിൽ സെർച്ച്കമ്മിറ്റി അംഗങ്ങളുടെ എണ്ണമോ ഘടനയോ പറയുന്നില്ലെന്നും സർക്കാർ.

സെർച്ച്കമ്മിറ്റി

നിർണായകം

സെർച്ച്കമ്മിറ്റിയിൽ ചീഫ്സെക്രട്ടറി ഉൾപ്പെട്ടതും പാനലിന് പകരം ഒറ്റപ്പേര് നൽകിയതും കണ്ടെത്തി സാങ്കേതികം,കണ്ണൂർ,ഫിഷറീസ്,സംസ്കൃതം വി.സിമാരെ കോടതികൾ പുറത്താക്കി.

വി.സിയില്ലാത്ത വാഴ്സിറ്റികൾ

കാർഷികം--------------2022ഒക്ടോബർ

സാങ്കേതികം----------2022ഒക്ടോബർ

കേരള--------------------2022ഒക്ടോബർ

ഫിഷറീസ്----------------2022നവംബർ

മലയാളം-----------------2023ഫെബ്രുവരി

കുസാറ്റ്------------------2023ഏപ്രിൽ

എം.ജി--------------------2023മേയ്

കണ്ണൂർ-------------------2023ഡിസംബർ

ഓപ്പൺ-------------------2024ഫെബ്രുവരി

സംസ്കൃതം----------------2024മാർച്ച്

വെറ്ററിനറി---------------2024മാർച്ച്

(സസ്പെൻഷൻ)

Advertisement
Advertisement