ആക്രി മേഖലയിൽ 1170 കോടിയുടെ ജി.എസ്.ടി തട്ടിപ്പ്, 100 കേന്ദ്രങ്ങളിൽ റെയ്ഡ്, മൂന്നുപേർ കസ്റ്റഡിയിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ആക്രി മേഖല കേന്ദ്രീകരിച്ച് വ്യാജ നികുതി അക്കൗണ്ടുകളുണ്ടാക്കി 1170 കോടിയുടെ തട്ടിപ്പ് നടത്തിയതായി ജി.എസ്.ടി വകുപ്പ് നടത്തിയ റെയ്ഡിൽ കണ്ടെത്തി. ഇതിലൂടെ സർക്കാരിന് 209 കോടിയുടെ നഷ്ടമുണ്ടായെന്ന് പ്രാഥമിക നിഗമനം. സംസ്ഥാനത്തു നടന്ന ഏറ്റവും വലിയ ജി.എസ്.ടി തട്ടിപ്പുകളിലൊന്നാണിതെന്നാണ് വിവരം.
ഏഴു ജില്ലകളിലെ നൂറിലേറെ കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്. മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. 148 പേർക്കെതിരെ അന്വേഷണം തുടങ്ങി. വ്യാജ ബില്ലുകളും വ്യാജ ജി.എസ്.ടി രജിസ്‌ട്രേഷൻ രേഖകളും പിടിച്ചെടുത്തു. ആക്രി മേഖലയുമായി ബന്ധമില്ലാത്തവരുടെ പേരിൽ വ്യാജ ജി.എസ്.ടി രജിസ്ട്രേഷൻ എടുത്താണ് തട്ടിപ്പ്.
ഓപ്പറേഷൻ പാം ട്രീ എന്ന പേരിൽ ഇന്നലെ രാവിലെ അഞ്ചു മുതലായിരുന്നു മിന്നൽ പരിശോധന. മുന്നൂറോളം ഉദ്യോഗസ്ഥർ പങ്കെടുത്തു. വ്യാജ ബില്ലുകൾ ഉപയോഗിച്ച് വ്യാപാരം നടത്തുന്നതായി വിവരം ലഭിച്ചതിനെത്തുടർന്നായിരുന്നു പരിശോധന. തട്ടിപ്പു നടത്തിയവരെ കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ ഇതിന്റെ വ്യാപ്തി അറിയാനാകൂ എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഉദ്യോഗാർത്ഥികളുടെ
പേരിൽ വ്യാജ അക്കൗണ്ട്
ഗൾഫിൽ ജോലിക്കെന്ന് പറഞ്ഞ് പത്ര പരസ്യം നൽകിയശേഷം അപേക്ഷിക്കുന്നവരുടെ ആധാർ നമ്പറടക്കം വാങ്ങി അതുപയോഗിച്ച് അവരറിയാതെ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയാണ് തട്ടിപ്പ്. ആക്രിക്കച്ചവടത്തിന് എന്ന പേരിൽ ഇവരുടെ വിലാസമുപയോഗിച്ച് വ്യാജ ജി.എസ്.ടി അക്കൗണ്ടും തുടങ്ങും. തുടർന്ന് ഇതിലൂടെ വ്യാജ കച്ചവട വിവരങ്ങളും റിട്ടേണുകളും നൽകും. ഇതുപ്രകാരം കിട്ടുന്ന ഇൻപുട്ട് ക്രെഡിറ്റ് ബാങ്ക് അക്കൗണ്ടിലേക്ക് വാങ്ങിയെടുത്താണ് പണം തട്ടുന്നത്.