അഫ്സലിനും ജ്യോതിക്കും സ്വർണം

Thursday 23 May 2024 10:54 PM IST

ജ്യോതി ദേശീയ റെക്കാഡിനൊപ്പം, 0.01 സെക്കൻഡിന് ഒളിമ്പിക് യോഗ്യത നഷ്ടം

ന്യൂഡൽഹി : ഫിൻലാൻഡിൽ നടക്കുന്ന മോട്ടോനെറ്റ് ഗ്രാൻപ്രീ അത്‌ലറ്റിക് മീറ്റിൽ 100 മീറ്റർ ഹർഡിൽസിൽ ദേശീയ റെക്കാഡിനൊപ്പമെത്തുന്ന പ്രകടനം കാഴ്ചവച്ച് സ്വർണം നേടിയെങ്കിലും ഇന്ത്യൻ താരം ജ്യോതി യരാജിക്ക് പാരീസ് ഒളിമ്പിക് യോഗ്യത നഷ്ടമായി. 12.78 സെക്കൻഡിലാണ് ജ്യോതി ഫിനിഷ് ചെയ്തത് . 12.77 സെക്കൻഡായിരുന്നു ഒളിമ്പിക് യോഗ്യതാ മാർക്ക്. കഴിഞ്ഞ വർഷം ചെംഗ്ഡുവിൽ നടന്ന ലോക യൂണിവേഴ്സിറ്റി ഗെയിംസിലും ഇതേസമയം ജ്യോതി കണ്ടെത്തിയിരുന്നു. ഹ്വാംഗ്ചോ ഏഷ്യൻ ഗെയിംസിലെ വെള്ളിമെഡൽ ജേതാവാണ് ജ്യോതി.

പുരുഷന്മാരുടെ 800 മീറ്ററിൽ മലയാളി താരം മുഹമ്മദ് അഫ്സൽ സ്വർണം നേ‌ടി. 1 മിനിട്ട് 48.91 സെക്കൻഡിലാണ് അഫ്സൽ ഫിനിഷ് ചെയ്തത്. അഫ്സലിനും ഒളിമ്പിക് യോഗ്യത ലഭിച്ചില്ല. പുരുഷന്മാരുടെ 110 മീറ്റർ ഹർഡിൽസിൽ പുതിയ ദേശീയ റെക്കാഡ് കുറിച്ച് തേജസ് ഷിർസെ സ്വർണം നേടി. 13.41 സെക്കൻഡിൽ ഫിനിഷ് ചെയ്ത തേജസ് 2017ൽ സിദ്ധാർത്ഥ് തിങ്കാലയ സ്ഥാപിച്ച 13.48 സെക്കൻഡിന്റെ റെക്കാഡാണ് പഴങ്കഥയാക്കിയത്. 13.27 സെക്കൻഡായിരുന്നു ഈയിനത്തിലെ ഒളിമ്പിക് യോഗ്യതാ മാർക്ക്.

Advertisement
Advertisement