സുതാര്യമാകണം നിയമങ്ങൾ

Friday 24 May 2024 12:00 AM IST
dr

ചികിത്സാപ്പിഴവുണ്ടാകുമ്പോൾ ആശുപത്രികൾക്കെതിരെ നടപടിയെടുക്കാനും രോ​ഗികൾക്ക് സംരക്ഷണം ഉറപ്പുവരുത്താനും നിയമം ശക്തമല്ലാത്തതാണ് നിലവിലെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നത്. അതിന് ഉദാഹരണമാണ് വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷീന ഇപ്പോഴും നീതി തേടി സമരമിരിക്കുന്നത്. വിദേശ രാജ്യങ്ങളിൽ ഇത്തരം വീഴ്ചകൾക്ക് വലിയ ശിക്ഷകളും നഷ്ടപരിഹാരവും നൽകി വരുമ്പോഴാണ് ഗുരുതരമായ മെഡിക്കൽ നെഗ്ലിജൻസ് ഉണ്ടായിട്ട് പോലും കേരളത്തിലെ രോഗികൾക്ക് നീതിയ്ക്കായി സമരമിരിക്കേണ്ടി വരുന്നത്. ഡോ. വന്ദന ദാസിന്റെ കൊലപാതകത്തെ തുടർന്ന് ഡോക്ടർമാർക്ക് സംരക്ഷണം നൽകുന്ന നിയമം സർക്കാർ ഓർഡിനൻസിലൂടെ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്.

മെഡിക്കൽ നെഗ്ലിജൻസ് കേസുകൾ കൈകാര്യം ചെയ്യുന്നതിന് ഇന്ത്യൻ മെഡിക്കൽ നിയമത്തിലെ ഒരു സുപ്രധാന കേസാണ് ജേക്കബ് മാത്യു വേഴ്സസ് സ്റ്റേറ്റ് ഓഫ് പഞ്ചാബ് 2005. ഇത് പ്രകാരം സംഭവം കേട്ട ഉടനെ ഡോക്ടറെ അറസ്റ്റ് ചെയ്യരുത് എന്നുണ്ട്. അതോടൊപ്പം ഡോക്ടർമാർ അവരുടെ രോഗികൾക്ക് നൽകേണ്ട പരിചരണത്തിന്റെ കടമ സംബന്ധിച്ച സുപ്രധാന തത്വങ്ങൾകൂടി ഈ കേസ് ഓർമ്മപ്പെടുത്തുന്നു. ഈ കേസിൽ സൂപ്രീം കോടതിയുടെ മാർഗനിർദേശങ്ങൾ നിലവിലുണ്ട്. വിഷയത്തിൽ മറ്റ് സർക്കാരുകൾ മാർഗനിർദേശങ്ങൾ കൊണ്ടുവരാത്തിടത്തോളം കാലം സുപ്രീംകോടതി പറയുന്നതാണ് നിയമമെന്ന് മുതിർന്ന അഭിഭാഷകനായ അഡ്വ.ശ്യാംപത്മൻ പറയുന്നു.

ക്രിമിനൽ കേസ്, സിവിൽ കേസ് തുടങ്ങി രണ്ട് തരത്തിലാണ് മെഡിക്കൽ നെഗ്ലിജൻസ് കേസുകൾ കെെകാര്യം ചെയ്യുന്നത്. കുറ്റാരോപിതനായ ഡോക്ടർ കടുത്ത അനാസ്ഥ കാണിച്ചെങ്കിൽ ഡോക്ടർക്കെതിരെ ക്രിമിനൽ കേസാണ് രജിസ്റ്റർ ചെയ്യുക. സിവിൽ കേസിൽ കടുത്ത അശ്രദ്ധയുടെ ആവശ്യമില്ല. ജേക്കബ് മാത്യു വേഴ്സസ് സ്റ്റേറ്റ് ഓഫ് പഞ്ചാബ് കേസിലെ സുപ്രീംകോടതി മാർഗനിർദേശങ്ങൾ പ്രകാരം കേരള സർക്കാരും ക്രിമിനൽ കേസ് കൈകാര്യം ചെയ്യേണ്ടതിന് സർക്കുലറുണ്ട്. ഇതനുസരിച്ച് ചികിത്സാപ്പിഴവുമായി ബന്ധപ്പെട്ട കേസ് ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണം.

കേസിനാവശ്യമായ രേഖകൾ കണ്ടെടുത്ത ശേഷം ജില്ലാ മെഡിക്കൽ ഓഫീസർക്ക് (ഡി.എം.ഒ) മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ നിർദ്ദേശം നൽകണം. കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന് കേസിന് ബലം നൽകുന്ന അഭിപ്രായം ലഭിക്കാനായാണ് കേസ് മെഡിക്കൽ ബോർഡിന് വിടുന്നത്. എന്നാൽ പലപ്പോഴും മെഡിക്കൽ ബോർഡ് ഇവ കാര്യമായിട്ട് എടുക്കാറില്ലെന്നതാണ് വാസ്തവം.

ചില സമയങ്ങളിൽ മെഡിക്കൽ സയൻസിൽ പരിശീലനം ലഭിച്ചിട്ടില്ലാത്തതിനാൽ ഡോക്ടർമാരുടെ അശ്രദ്ധ ജഡ്ജിമാർക്ക് നിർണ്ണയിക്കാൻ പ്രയാസമാണ്. ഇത്തരം സമയങ്ങളിലാണ് ബോലം ടെസ്റ്റും ബോലിതോ ടെസ്റ്റും ഉപയോഗിക്കുന്നത്. പരാതി ഉയർന്ന ഡോക്ടറുടെ പ്രവർത്തനങ്ങൾ ആ മേഖലയിലുള്ള മറ്റ് ഡോക്ടർമാരുടേതുമായി പൊരുത്തപ്പെട്ട് പോകുന്നുണ്ടോ എന്ന പരിശോധനയാണ് ബോലം ടെസ്റ്റ്. ഇത് ഒന്നുകൂടി ഉറപ്പിക്കുന്നതാണ് ബോലിതോ ടെസ്റ്റ്.എന്നാൽ ഇവ എന്താണെന്നോ ഇതിന്റെ നിയമ വശമോ പലർക്കും അറിയില്ല. അതേ സമയം മെഡിക്കൽ ബോർഡിന്റെ അഭിപ്രായം വിപരീതമാണെങ്കിലും കേസിൽ ആത്മവിശ്വാസമുണ്ടെങ്കിൽ അന്വേഷണ ഉദ്യോ​ഗസ്ഥന് നിയമ പ്രകാരം കേസുമായി മുന്നോട്ടുപോകാൻ സാധിക്കും.മെഡിക്കൽ ബോർഡിന്റെ തീരുമാനം കോടതി അംഗീകരിച്ചാൽ പരാതിക്കാർക്ക് പ്രൈവറ്റ് പരാതിയും നൽകാം.

തെറ്റായ രോഗനിർണയം, ശസ്ത്രക്രിയാപ്പിശകുകൾ, മരുന്നുകളുടെ പിഴവുകൾ എന്നിവ മൂലം മെഡിക്കൽ അശ്രദ്ധ പ്രകടമാകാം. രോഗിയുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ‌ഡോക്ടർമാർ പ്രൊഫഷണൽ മാനദണ്ഡങ്ങൾ പാലിക്കണം. സർജിക്കൽ ഉപകരണങ്ങൾ ഓപ്പറേഷന് മുന്നേ എണ്ണണം, അത് കഴിഞ്ഞിട്ടും എണ്ണണം. എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് നോക്കേണ്ടതാണ്. ചികിത്സാപ്പിഴവുകളെ സംബന്ധിച്ച കേസുകൾ എത്തരത്തിൽ കെെകാര്യം ചെയ്യണമെന്ന് പലർക്കും അറിയുന്നില്ല. മെഡിക്കൽ ബോർഡിന്റെ കാര്യങ്ങൾ കുറച്ചുകൂടി സുതാര്യമാകേണ്ടതുമുണ്ട്. ചിലപ്പോൾ രോഗികളുടെ ഭാഗത്ത് നിന്ന് ഡോക്ടർക്കെതിരെയുണ്ടാകുന്ന ആരോപണം ചികിത്സാപ്പിഴവ് ആകണമെന്നില്ല. ചില രോഗികളുടെ കാര്യത്തിൽ റിസ്കുണ്ടാകും, അ‌ത്തരം സാഹചര്യങ്ങളിൽ ഡോക്ടറുടെ വീഴ്ചയാവുകയുമില്ല.

(അവസാനിച്ചു)

Advertisement
Advertisement