അറ്റ് ലാസ്റ്റ്, അറ്റലാന്റ

Thursday 23 May 2024 11:11 PM IST

യൂറോപ്പ ലീഗ് ഫുട്ബാൾ കിരീടം ഇറ്റാലിയൻ ക്ളബ് അറ്റലാന്റയ്ക്ക്

ഫൈനലിൽ ബയേർ ലെവർകൂസനെ 3-0ത്തിന് തോൽപ്പിച്ചു

അറ്റലാന്റ താരം അഡിമോല ലൂക്മാന് ഫൈനലിൽ ഹാട്രിക്ക്

ഡബ്ളിൻ : ഈ സീസണിൽ 51 മത്സരങ്ങളിൽ തോൽവിയറിയാതെ ചരിത്രം കുറിച്ച ജർമ്മൻ ക്ളബ് ബയേർ ലെവർകൂസനെ ഫൈനലിൽ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് മുട്ടുകുത്തിച്ച് ഇറ്റാലിയൻ ക്ളബ് അറ്റലാന്റ 116 വർഷത്തെ തങ്ങളുടെ ചരിത്രത്തിലാദ്യമായി യൂറോപ്പിലെ രണ്ടാം ഡിവിഷൻ ഫുട്ബാൾ ലീഗായ യൂറോപ്പ ലീഗ് കിരീടത്തിൽ മുത്തമിട്ടു. ഇംഗ്ളണ്ടിൽ ജനിച്ച നൈജീരിയൻ താരമായ അഡിമോല ലൂക്മാനാണ് അറ്റലാന്റയ്ക്ക് വേണ്ടി കലാശക്കളിയിലെ മൂന്നു ഗോളുകളും നേടിയത്.

ഡബ്ളിനിലെ അവിവ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ആദ്യ പകുതിയിൽ രണ്ട് ഗോളുകളും രണ്ടാം പകുതിയിൽ ഒരു ഗോളുമാണ് ലൂക്മാൻ നേടിയത്. 12.26,75 മിനിട്ടുകളിലായിരുന്നു ലെവർകൂസന്റെ വലകുലുങ്ങിയത്.120 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഇക്കുറി ജർമ്മൻ ബുണ്ടസ് ലിഗയിൽ കിരീടം നേടി വിസ്മയം സൃഷ്ടിച്ച ലെവർകൂസൻ കോച്ച് സാബി അലോൺസോയുടെ കീഴിൽ യൂറോപ്പിലും വെന്നിക്കൊടി പാറിക്കാനായാണ് ഇറങ്ങിയതെങ്കിലും തുടക്കത്തിലേ തിരിച്ചടിയേറ്റു. 12-ാം മിനിട്ടിൽ സപ്പാകോസ്റ്റയുടെ പാസിൽ നിന്നായിരുന്നു ലൂക്മാന്റെ ആദ്യ ഗോൾ. 26-ാം മിനിട്ടിൽ മദ്ധ്യനിരയിൽ നിന്ന് കിട്ടിയ പന്തുമായി ബോക്സിനുള്ളിലേക്ക് കടന്നുകയറി ലൂക്മാൻ വീണ്ടും നിറയൊഴിച്ചു. ആദ്യ പകുതിയിൽ രണ്ടുഗോളുകൾ വഴങ്ങിയ ലെവർകൂസൻ രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. ഇതിനിടയിൽ 75-ാം മിനിട്ടിൽ ഒരു കൗണ്ടർ അറ്റാക്കിൽ നിന്ന് ഷമാക്കാ നൽകിയ പാസ് ഗോളാക്കി ലൂക്മാൻ ഹാട്രിക് തികച്ചു.

ലൂക്മാൻ,

ഹാട്രിക് മാൻ

ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ എവർട്ടൺ,ഫുൾഹാം,ലെസ്റ്റർ സിറ്റി തുടങ്ങിയ ക്ളബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള ലൂക്മാൻ അറ്റലാന്റയുടെ പരിശീലകൻ ജിയാൻ പിയറോ ഗാസ്പെരിനിയുടെ ക്ഷണം സ്വീകരിച്ചാണ് ഇറ്റലിയിലേക്ക് കൂടുമാറിയത്. വിംഗർ പൊസിഷനിൽ കളിക്കുന്ന ലൂക്മാൻ ഇംഗ്ളണ്ടിലാണ് ജനിച്ചതെങ്കിലും നൈജീരിയൻ വംശജനാണ്. അണ്ടർ19,20,21 ഏജ് കാറ്റഗറികളിൽ ഇംഗ്ളണ്ടിനായാണ് കളിച്ചതെങ്കിലും സീനിയർ തലത്തിൽ നൈജീരിയൻ ടീമിലേക്ക് മാറി. 2022ൽ നൈജീരിയൻ ദേശീയ ടീമിൽ അരങ്ങേറിയ 26lകാരനായ ലൂക്മാൻ 22 മത്സരങ്ങളിൽ നിന്ന് ആറ് അന്താരാഷ്ട്ര ഗോളുകളും നേടിയിട്ടുണ്ട്.

116

വർഷത്തെ പാരമ്പര്യമുള്ള അറ്റലാന്റയുടെ ചരിത്രത്തിലെ രണ്ടാമത്തെ മാത്രം മേജർ ട്രോഫിയും ആദ്യ യൂറോപ്പ ലീഗ് കിരീടവുമാണിത്. 1962-63 സീസണിൽ കോപ്പ ഇറ്റാലിയ കിരീ‌ടമാണ് ആദ്യ മേജർ ട്രോഫി. ഈ സീസൺ കോപ്പ ഇറ്റാലിയ ഫൈനലിൽ യുവന്റസിനോട് അറ്റലാന്റ തോറ്റിരുന്നു.

6

യൂറോപ്യൻ ലീഗിന്റെ ഫൈനലിൽ ഹാട്രിക്ക് നേടുന്ന ആറാമത്തെ താരമാണ് അഡിമോല ലൂക്മാൻ.1975ലെ യുവേഫ കപ്പിന്റെ ഫൈനലിൽ ബൊറൂഷ്യ മോംഗ്ഷെംഗ്ളാബാഷ് താരം യുപ്പ് ഹെയ്നെക്സ് ഹാട്രിക് നേടിയ ശേഷം ഈ നേട്ടം കരസ്ഥമാക്കുന്ന ആദ്യ താരമാണ് ലൂക്മാൻ. ക്ളബ് കരിയറിൽ ആദ്യമായാണ് ഒരു മത്സരത്തിൽ ലൂക്മാൻ ഒന്നിലേറെ ഗോളുകൾ നേടുന്നത്.

361

ദിവസങ്ങൾക്ക് ശേഷമാണ് ബയേർ ലെവർകൂസൻ കോച്ച് സാബി അലോൺസോ ഒരു കളി തോൽക്കുന്നത്.

66

വർഷവും 117 ദിവസവും പ്രായമുള്ള ജിയാൻ പിയറോ ഗാസ്പെരിനി യൂറോപ്പ ലീഗ് ഫൈനലിൽ വിജയം നേടുന്ന ഏറ്റവും പ്രായമേറിയ പരിശീലകനാണ്.

1999

ന് ശേഷം യൂറോപ്പ ലീഗ് കിരീടം നേടുന്ന ആദ്യ ഇറ്റാലിയൻ ക്ളബാണ് അറ്റലാന്റ.

കിരീടത്തിലേക്കുള്ള വഴി

പ്രാഥമിക റൗണ്ടിൽ സ്പോർട്ടിംഗ് സി.പി, സ്റ്റംഗ്രാസ്, റാക്കോ ചെച്ചോവ എന്നീ ക്ളബുകളടങ്ങിയ ഡി ഗ്രൂപ്പിൽ നിന്ന് ആറിൽ നാലു കളികൾ ജയിക്കുകയും രണ്ട് സമനിലകൾ വഴങ്ങുകയും ചെയ്ത് പോയിന്റ് പട്ടികയിൽ ഒന്നാമന്മാരായി പ്രീ ക്വാർട്ടറിലെത്തിയ അറ്റലാന്റ അവിടെ സ്പോർട്ടിംഗ് സി.പിയെ ഇരു പാദങ്ങളിലുമായി 3-2 ഗോൾ മാർജിന് തോൽപ്പിച്ച് ക്വാർട്ടറിലേക്ക് കടന്നു. ആദ്യ പാദ ക്വാർട്ടറിൽ ലിവർപൂളിനെ 3-0ത്തിന് തോൽപ്പിച്ചതിനാൽ രണ്ടാം പാദത്തിൽ 1-0ത്തിന് തോറ്റെങ്കിലും സെമിയിലെത്തി. ആദ്യപാദ സെമിയിൽ മാഴ്സെയുമായി 1-1ന് സമനിലയിൽ പിരിഞ്ഞു. രണ്ടാം പാദത്തിൽ 3-0ത്തിന് ജയിച്ചതോടെ ചരിത്രത്തിലാദ്യമായി ഫൈനലിൽ.

Advertisement
Advertisement