ഫൈനൽ തേടി രാജസ്ഥാനും ഹൈദരാബാദും
ഐ.പി.എൽ രണ്ടാം ക്വാളിഫയറിൽ ഇന്ന് രാജസ്ഥാൻ റോയൽസും സൺറൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടുന്നു
ചെന്നൈ : ഐ.പി.എൽ ഫൈനലിലേക്കുള്ള ബർത്തിന് സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസിന് മുന്നിൽ ഒരു കടമ്പ കൂടി; പാറ്റ് കമ്മിൻസിന്റെ സൺറൈസേഴ്സ് ഹൈദരാബാദ്. ഇന്ന് ഇരുവരും തമ്മിൽ നടക്കുന്ന രണ്ടാം ക്വാളിഫയറിൽ വിജയിക്കുന്നവർക്ക് ഞായറാഴ്ച കലശക്കളിയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടാം.
ഈ സീസണിന്റെ ആദ്യ ഘട്ടത്തിൽ എതിരാളികളെയൊക്കെ തച്ചുടച്ച് ആദ്യം പ്ളേ ഓഫിലേക്ക് എത്തിയെങ്കിലും അവസാന അഞ്ചുമത്സരങ്ങളിൽ വിജയിക്കാൻ കഴിയാതിരുന്നതിനാൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താവേണ്ടിവന്ന സഞ്ജുവും സംഘവും കഴിഞ്ഞരാത്രി എലിമിനേറ്ററിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളുരുവിനെ തോൽപ്പിച്ചാണ് രണ്ടാം ക്വാളിഫയറിനെത്തുന്നത്. പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനക്കാരായിരുന്ന സൺറൈസേഴ്സ് ആദ്യ ക്വാളിഫയറിൽ കൊൽക്കത്തയോട് തോറ്റതിനാലാണ് രണ്ടാം ക്വാളിഫയറിൽ കളിക്കേണ്ടിവന്നത്. ഈ സീസണിലെ ആദ്യ നാലുമത്സരങ്ങളിൽ തോൽവി അറിയാതിരുന്ന സഞ്ജുവും സംഘവും അഞ്ചാം മത്സരത്തിൽ ഗുജറാത്ത് ടൈറ്റാൻസിനോടാണ് ആദ്യം തോറ്റത്. പിന്നീട് തുടർച്ചയായി നാലുവിജയങ്ങൾക്ക് ശേഷം തോറ്റത് സൺറൈസേഴ്സിനോട്. തുടർന്ന് നാലു തോൽവികൾ. പ്രാഥമിക റൗണ്ടിൽ കൊൽക്കത്തയ്ക്ക് എതിരായ അവസാന മത്സരം മഴമൂലം ഉപേക്ഷിക്കുകയും ചെയ്തു. അതിന് ശേഷമായിരുന്നു ആർ,സി.ബിക്കെതിരായ എലിമിനേറ്ററിലെ ജയം.
സീസണിലെ ആദ്യ മത്സരത്തിൽ കൊൽക്കത്തയോട്തോറ്റ് തുടങ്ങിയ സൺറൈസേഴ്സ് ജയവും തോൽവിയും മാറിമാറി വരിച്ച് അവസാന ഘട്ടത്തിൽ മികച്ച നിലയിലേക്ക് എത്തുകയായിരുന്നു. പ്രാഥമിക റൗണ്ടിലെ 14 മത്സരങ്ങളിൽ എട്ടുവിജയങ്ങളും അഞ്ചു തോൽവികളുമാണ് സൺറൈസേഴ്സും വഴങ്ങിയത്. ഒരു കളി മഴയ്ക്ക് കൊടുത്തു. രാജസ്ഥാനും ഹൈദരാബാദും 17 പോയിന്റ് വീതമാണ് നേടിയതെങ്കിലും റൺറേറ്റിന്റെ മികവിൽ ഹൈദരാബാദ് ആദ്യ ക്വാളിഫയറിലേക്ക് യോഗ്യത നേടി. ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറിന്റെ റെക്കാഡ് തിരുത്തിയെഴുതിയ സൺറൈസേഴ്സിന്റെ കൂറ്റൻ സ്കോറുകളാണ് റൺറേറ്റിൽ അവരെ മുന്നിലെത്തിച്ചത്.
രാജസ്ഥാൻ റോയൽസ് Vs സൺറൈസേഴ്സ് ഹൈദരാബാദ്
7.30 pm മുതൽ സ്റ്റാർ സ്പോർട്സിലും ജിയോ സിനിമയിലും ലൈവ്
14-8-5-1-17
പ്രാഥമിക റൗണ്ടിലെ 14 മത്സരങ്ങളിൽ ഇരു ടീമുകൾക്കും എട്ടു ജയങ്ങളും അഞ്ച് തോൽവികളും വീതം. ഇരുവരുടെയും ഓരോ മത്സരം മഴയെടുത്തു.
ആദ്യ ക്വാളിഫയറിൽ സൺറൈസേഴ്സിന് തോൽവി നേരിട്ടു. എലിമിനേറ്റിൽ രാജസ്ഥാന് ജയം.
നേർക്ക് നേർ
ഈ സീസണിൽ ഒറ്റ മത്സരത്തിൽ മാത്രമാണ് സൺറൈസേഴ്സിനും റോയൽസിനും ഏറ്റുമുട്ടേണ്ടിവന്നത്. മേയ് രണ്ടിന് ഹൈദരാബാദിൽ നടന്ന മത്സരത്തിൽ ഒറ്റ റണ്ണിന് ആതിഥേയർ ജയിച്ചു. ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് നിശ്ചിത 20 ഓവറിൽ 201/3 എന്ന സ്കോർ ഉയർത്തിയപ്പോൾ രാജസ്ഥാൻ 200/7 എന്ന സ്കോറിൽ അവസാനിക്കുകയായിരുന്നു. ഭുവനേശ്വർ കുമാർ എറിഞ്ഞ അവസാന ഓവറിൽ 13 റൺസായിരുന്നു റോയൽസിന് വേണ്ടിയിരുന്നത്. ജയിക്കാൻ രണ്ട് റൺസ് മതിയായിരുന്ന അവസാന പന്തിൽ റോവ്‌മാൻ പവലിനെ എൽ.ബിയിൽ കുരുക്കി ഭുവനേശ്വറാണ് ഹൈദരാബാദിനെ വിജയത്തിലെത്തിച്ചത്.
കരുത്തും ദൗർബല്യവും
രാജസ്ഥാൻ റോയൽസ്
തങ്ങളിൽ നിന്ന് അകന്നുനിന്ന വിജയത്തിലേക്ക് എലിമിനേറ്ററിലൂടെ തിരിച്ചെത്താനായത് സഞ്ജുവിനും സംഘത്തിനും ആത്മവിശ്വാസം പകരുന്നു.
ആർ.സി.ബിക്കെതിരെ ബൗളിംഗിലും ബാറ്റിംഗിലും ഫീൽഡിംഗിലും മികവ് കാട്ടാൻ റോയൽസിന് കഴിഞ്ഞിരുന്നു. ചേസിംഗിന്റെ ഒരു ഘട്ടത്തിൽ പതറിയെങ്കിലും പവലിലൂടെ തിരിച്ചുവന്നു.
ജോസ് ബട്ട്ലർ അടക്കമുള്ള ഇംഗ്ളണ്ട് താരങ്ങളുടെ മടക്കമാണ് രാജസ്ഥാന് തിരിച്ചടിയായത്. ആ പരിമിതികളെ നിലവിലുള്ള താരങ്ങളിലൂടെ മറികടക്കാൻ സഞ്ജു ശ്രമിക്കുന്നുണ്ട്.
റിയാൻ പരാഗ്, സഞ്ജു,യശസ്വി ജയ്സ്വാൾ, ഹെറ്റ്മേയർ, പവൽ, ബൗൾട്ട്,ചഹൽ,സന്ദീപ് ശർമ്മ തുടങ്ങിയ താരങ്ങളാണ് രാജസ്ഥാന്റെ കരുത്ത്.
സൺറൈസേഴ്സ് ഹൈദരാബാദ്
വൻ സ്കോറുകൾ ഉയർത്താനുള്ള കഴിവാണ് സൺറൈസേഴ്സിനെ മറ്റ് ടീമുകളിൽ നിന്ന് വേറിട്ടുനിറുത്തുന്നത്.
ആദ്യ പവർപ്ളേയിൽ നൂറിനടുത്തെത്താനാണ് പലപ്പോഴും കമ്മിൻസിന്റെ ടീം ശ്രമിക്കുന്നത്. അതിനാലാണ് പലപ്പോഴും 200ന് മേൽ സ്കോറുയർത്താൻ നിസാരമായി കഴിയുന്നത്.
ട്രാവിസ് ഹെഡ്, അഭിഷേക് ശർമ്മ,രാഹുൽ ത്രിപാതി,നിതീഷ് കുമാർ, ഹെൻറിച്ച് ക്ളാസൻ, ഭുവനേശ്വർ,നടരാജൻ, കമ്മിൻസ് തുടങ്ങിയവരാണ് ഹൈദരാബാദ് നിരയിലെ പ്രമുഖർ.
കൊൽക്കത്തയ്ക്ക് എതിരായ തോൽവി സൺറൈസേഴ്സിനെ ഉലച്ചിട്ടുണ്ട്. ഹെഡ് ഉൾപ്പടെയുള്ളവർ ഫോമിലേക്ക് എത്തിയാൽ അതിനെ മറികടക്കാവുന്നതേയുള്ളൂ.