നഗരത്തിന്റെ ദാഹമകറ്റാൻ: ഒരു വർഷത്തിനുള്ളിൽ ഞാങ്കടവ് കുടിവെള്ളം

Thursday 23 May 2024 11:19 PM IST

കൊല്ലം: കൊല്ലം കോർപ്പറേഷനിലും സമീപത്തെ അഞ്ച് പഞ്ചായത്തുകൾക്കും കുടിവെള്ളം എത്തിക്കാനുള്ള ‌ഞാങ്കടവ് കുടിവെള്ള പദ്ധതി ഒരു വർഷത്തിനുള്ളിൽ കമ്മിഷൻ ചെയ്യാൻ ആലോചന. ഇതിന്റ ഭാഗമായി എസ്റ്റിമേറ്റിനേക്കാൾ 35 ശതമാനം ഉയർന്ന പമ്പ് സെറ്റുകളുടെ ടെണ്ടറിന് അംഗീകാരം നൽകാൻ നടപടി തുടങ്ങി.

ഞാങ്കടവ്, വസൂരിച്ചിറ എന്നിവിടങ്ങളിൽ പമ്പ് സെറ്റ് സ്ഥാപിക്കാൻ നിർവഹണ ഏജൻസിയായ വാട്ടർ അതോറിറ്റി ക്ഷണിച്ച ഏറ്റവും ഒടുവിലത്തെ ടെണ്ടറിൽ പങ്കെടുത്ത ഏക കമ്പനി എസ്റ്റിമേറ്റിനേക്കാൾ 38 ശതമാനം ഉയർന്ന തുകയാണ് രേഖപ്പെടുത്തിയിരുന്നത്. അതുകൊണ്ട് വീണ്ടും ടെണ്ടർ ചെയ്യാൻ ചീഫ് എൻജിനിയർ നേരത്തെ നിർദ്ദേശം നൽകിയിരുന്നു.

എന്നാൽ പദ്ധതിയുടെ കമ്മിഷനിംഗ് വൈകാതിരിക്കാൻ ടെണ്ടറിൽ പങ്കെടുത്ത കമ്പനിയുമായി ചർച്ച നടത്തി തുകയിൽ പരാമവധി കുറവ് വരുത്തി കരാറൊപ്പിടാനാണ് പുതിയ ആലോചന. ജലം ശേഖരിക്കാൻ ഞാങ്കടവിലെ കൂറ്റൻ കിണറിൽ നാല് പമ്പ് സെറ്റുകളും വസൂരിച്ചിറയിലെ ട്രീറ്റ്മെന്റ് പ്ലാന്റിൽ 11 പമ്പുകളുമാണ് സ്ഥാപിക്കേണ്ടത്. കൂടുതൽ ശേഷി ആവശ്യമുള്ള ഈ പമ്പുകൾ പ്രത്യേകം രൂപകല്പന ചെയ്ത് നിർമ്മിച്ച് സ്ഥാപിക്കാൻ വാട്ടർ അതോറിറ്റി ക്ഷണിച്ച ആദ്യ നാല് ടെണ്ടറിലും ആരും പങ്കെടുത്തില്ല.

ഇപ്പോൾ നിലനിൽക്കുന്ന അഞ്ചാമത്തെ ടെണ്ടറിൽ മാത്രമാണ് ഒരു കമ്പനി പങ്കെടുത്തത്. അതുകൊണ്ട് തന്നെ വീണ്ടും ടെണ്ടർ ചെയ്താലും കൂടുതൽ പങ്കാളിത്തമോ നിരക്കിൽ കുറവോ ഉണ്ടാകാൻ സാദ്ധ്യതയില്ലാത്തതിനാലാണ് ഇപ്പോഴുള്ള കമ്പനിയുമായി ചർച്ച നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

ഉയർന്ന ടെണ്ടറിന് അനുമതിക്ക് നടപടി

 പമ്പ് സെറ്റുകളുടെ ഉയർന്ന ടെണ്ടറിന് അനുമതി നൽകാൻ നടപടി

 കരാർ ഒപ്പിട്ടാൽ ഒൻപത് മാസത്തികനം പമ്പ് സെറ്റുകൾ നിർമ്മിച്ച് സ്ഥാപിക്കാനാകും

 ഇതിനൊപ്പം കുണ്ടറ നാന്തിരിക്കലിലെ പൈപ്പ് ലൈൻ സ്ഥാപിക്കലും പൂർത്തിയാകും

 റോഡ് മുറിക്കാൻ ദേശീയപാത അതോറിറ്റി അനുമതി നൽകാത്തതാണ് പൈപ്പ് ലൈൻ സ്ഥാപിക്കൽ മുടക്കിയത്

 പലതവണ ചർച്ച നടത്തിയിട്ടും അനുമതി നൽകിയില്ല

 മൈക്രോ ടണലിംഗിലൂടെ പൈപ്പ് സ്ഥാപിക്കാനാണ് ആലോചന

ഞാങ്കടവിലെ തടയണ നിർമ്മാണത്തിന് വീണ്ടും ടെണ്ടർ ക്ഷണിക്കും. 45 കോടിയാണ് എസ്റ്റിമേറ്റ് തുക. ഇത് നാലാം തവണയാണ് ടെണ്ടർ ക്ഷണിക്കുന്നത്.

വാട്ടർ അതോറിറ്റി അധികൃതർ

Advertisement
Advertisement