ചരിത്ര മുന്നേറ്റത്തിൽ ഓഹരികൾ

Friday 24 May 2024 12:27 AM IST

സെൻസെക്സ് 75,000 പോയിന്റ് കടന്ന് റെക്കാഡ് ഉയരത്തിൽ

നിഫ്റ്റി 22,900 കടന്നു

കൊച്ചി: കേന്ദ്ര സർക്കാരിന് ലാഭവിഹിതമായി 2.11 ലക്ഷം കോടി രൂപ നൽകാനുള്ള റിസർവ് ബാങ്ക് തീരുമാനത്തിന്റെ ആവേശത്തിൽ ഓഹരി വിപണി ചരിത്രനേട്ടമുണ്ടാക്കി. ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 1,197 പോയിന്റ് നേട്ടവുമായി റെക്കാഡ് ഉയരമായ 75,418ൽ അവസാനിച്ചു. ദേശീയ സൂചികയായ നിഫ്റ്റി 370 പോയിന്റ് കുതിപ്പോടെ 22,968ൽ റെക്കാഡിട്ടു.

ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികളും ഇന്നലെ മികച്ച നേട്ടമുണ്ടാക്കി. ബാങ്കിംഗ്, ഓട്ടോ, ധനകാര്യ മേഖലകളിലെ ഓഹരികളാണ് കുതിപ്പിന് നേതൃത്വം നൽകിയത്. ഫാർമ്മ കമ്പനികൾ മാത്രമാണ് തിരിച്ചടി നേരിട്ടത്. ആക്സിസ് ബാങ്ക്. എൽ ആൻഡ് ടി, അദാനി പോർട്ട്സ്, ഇൻഡസ് ഇൻഡ് ബാങ്ക് തുടങ്ങിയവയും ഇന്നലെ മികച്ച നേട്ടമുണ്ടാക്കി.

റിസർവ് ബാങ്ക് തീരുമാനത്തിൽ ആവേശം

കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ലാഭവിഹിതമായി 2.11 ലക്ഷം കോടി രൂപ കേന്ദ്ര സർക്കാരിന് കൈമാറാനുള്ള റിസർവ് ബാങ്ക് തീരുമാനമാണ് പ്രധാനമായും നിക്ഷേപകർക്ക് ആവേശം പകർന്നത്. ഇടക്കാല ബഡ്ജറ്റിൽ ധനമന്ത്രാലയം പ്രതീക്ഷിച്ചതിലും ഇരട്ടിയിലധികം തുകയാണ് റിസർവ് ബാങ്ക് കൈമാറുന്നത്. ഇതോടെ വികസന പ്രവർത്തനങ്ങൾക്ക് അധിക തുക ലഭിക്കുന്നതിനൊപ്പം സർക്കാരിന്റെ ധനകമ്മിയിൽ ഗണ്യമായ കുറവുമുണ്ടാകും. കേന്ദ്ര സർക്കാരിന്റെ കടമെടുപ്പ് കുറയുന്നതിനാൽ കുറഞ്ഞ പലിശ നിരക്കിൽ ബാങ്കുകൾക്കും ധന സ്ഥാപനങ്ങൾക്കും വായ്പ നേടാൻ അവസരമൊരുങ്ങും.

അദാനി ഓഹരികളിൽ വൻകുതിപ്പ്

ഗൗതം അദാനിയുടെ ഉടമസ്ഥതിലുള്ള പ്രധാന കമ്പനികളുടെയെല്ലാം ഓഹരി വിലയിൽ ഇന്നലെ വൻമുന്നേറ്റമുണ്ടായി. അദാനി എന്റർപ്രൈസസ് സെൻസെക്സ് 30 സൂചികയിൽ ഉൾപ്പെടുത്തിയേക്കുമെന്ന വാർത്തകളാണ് പ്രധാനമായും നിക്ഷേപകർക്ക് ആവേശം സൃഷ്ടിച്ചത്. ഇതോടെ അദാനി എന്റർപ്രൈസസിന്റെ വില റെക്കാഡ് ഉയരമായ 3,378.15 രൂപയായി. അദാനി പോർട്ട്സിന്റെ വിലയും 1,430.6 രൂപയിലെത്തി റെക്കാഡിട്ടു.അദാനി വിൽമർ, അദാനി പവർ, അദാനി ടോട്ടൽ ഗ്യാസ്, അദാനി ഗ്രീൻ എനർജി എന്നിവയുടെയും ഓഹരികൾ നാല് ശതമാനം വരെ ഉയർന്നു.

Advertisement
Advertisement