സുരക്ഷിത അദ്ധ്യയനവർഷത്തിന് മുന്നൊരുക്കം, നല്ല പാഠത്തിന് കാവലായി പൊലീസ്

Friday 24 May 2024 12:12 AM IST

കോഴഞ്ചേരി : പുതിയ അദ്ധ്യയന വർഷം സുരക്ഷിതമാക്കാൻ മുന്നൊരുക്കങ്ങളുമായി ആറൻമുള ചൈൽഡ് ഫ്രണ്ട്‌ലി പൊലീസ് സ്റ്റേഷൻ.

ജില്ലാ പൊലീസ് മേധാവി വി.അജിത്തിന്റെ നിർദ്ദേശപ്രകാരം സ്റ്റേഷൻ പരിധിയിൽപ്പെട്ട സ്‌കൂൾ, കോളേജ് അധികൃതരുടെയും പി.ടി.എ പ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു തീരുമാനം കൈകൊണ്ടു.


ഒരുക്കുന്ന ക്രമീകരണങ്ങൾ


1. പൊലീസും വിദ്യാലയവുമായുള്ള സഹകരണം ഉറപ്പാക്കാൻ സ്‌കൂൾ സേഫ്റ്റി വാട്ട്‌സ് ആപ് ഗ്രൂപ്പ് കാര്യക്ഷമമാക്കും.

2. ഓരോ സ്‌കൂളുകളുടെയും മേൽനോട്ടത്തിനായി ഒരു പൊലീസ് ഉദ്യോഗസ്ഥനെ നിയോഗിക്കും.

3. സ്‌കൂളുകളിൽ നിന്ന് ഒരു അദ്ധ്യാപകനെ സ്‌കൂൾ സേഫ്ടി ഓഫീസറായി തിരഞ്ഞെടുക്കും.

4. സ്‌കൂൾ വാഹനങ്ങളുടെ ഡ്രൈവർമാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. കുട്ടികളെ എത്തിക്കുന്ന വാഹന ഡ്രൈവർമാർക്ക് ഐഡന്റിറ്റി കാർഡ്.
5. പ്രധാന റോഡുകളുടെ അരികിലെ സ്‌കൂളുകളുടെ മുമ്പിൽ പൊലീസിന്റെ സാന്നിധ്യം ഉറപ്പാക്കും.

6. പ്രൈവറ്റ് ബസ് ജീവനക്കാർ കൃത്യമായി യൂണിഫോം ധരിക്കുന്നതിനും തിരിച്ചറിയൽ രേഖകൾ ആളുകൾ കാൺകെ പ്രദർശിപ്പിക്കുന്നതിനും നിർദ്ദേശം നൽകും. പാലിക്കാത്തവർക്കെതിരെ നിയമനടപടി സ്വീകരക്കും.

7. സ്‌കൂളുകളിൽ അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ചു മാറ്റും.

8. പൂവാല ശല്യത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും.
9. സ്‌കൂൾ ടൈമിൽ (രാവിലെ 8 30 മണി മുതൽ 10 മണി വരെയും ഉച്ചകഴിഞ്ഞ് 3:00 മണി മുതൽ 4.30 മണി വരെയും ) യാത്ര നിയന്ത്രണം തെറ്റിക്കുന്ന ടിപ്പറുകൾ ക്കെതിരെ കർശനമായ നടപടി സ്വീകരിക്കും.

10. എല്ലാ സ്‌കൂളുകളിലും കംപ്ലൈന്റ് ബോക്‌സ് സ്ഥാപിക്കും.
11.കേരള പൊലീസ് നടപ്പാക്കിവരുന്ന യോദ്ധാവ് എന്ന പരിപാടിയുടെ ഭാഗമായി എല്ലാ സ്‌കൂളുകളിലും സ്‌കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ, ജാഗ്രത സമിതികൾ എന്നിവ രൂപീകരിക്കും.

12. സ്‌കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ വഴി കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ബോധവൽക്കരണ ക്ലാസുകൾ നടത്തും.

13. സ്‌കൂൾ പരിസരങ്ങളിലും മറ്റും പുകയില ഉൽപ്പന്നങ്ങളും ലഹരിവസ്തുക്കളും വിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.

14. ഇരുചക്ര വാഹനങ്ങളിൽ അഭ്യാസപ്രകടനം നടത്തുന്നവർക്കെതിരെയും ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്കെതിരെയും പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനങ്ങൾ നൽകുന്ന ഉടമയ്ക്കെതിരെയും നടപടി സ്വീകരിക്കും.

15. സ്‌കൂളുകളിൽ ആബ്‌സെന്റ് ആകുന്ന കുട്ടികളുടെ പ്രവർത്തനങ്ങൾ ട്രാക്ക് ചെയ്യുന്നതിന് 11 മണിക്ക് ശേഷം ആബ്‌സെന്റ് ഉള്ള വിദ്യാർത്ഥികളുടെ വിവരങ്ങൾ സ്‌കൂൾ ലെയ്‌സൺ ഓഫീസർക്ക് കൈമാറും.

Advertisement
Advertisement