പത്തനംതിട്ട മിനി സിവിൽസ്റ്റേഷനിൽ പെരുമഴയിലും വെള്ളമില്ല

Friday 24 May 2024 12:20 AM IST

പത്തനംതിട്ട : പെരുമഴ പെയ്തിട്ടും പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിലെ ജലദൗർലഭ്യത്തിന് പരിഹാരമായില്ല. പരാതി പറഞ്ഞു മടുത്ത ജീവനക്കാർ ഇന്നലെ ജോലി നിറുത്തിവച്ചു പ്രതിഷേധിച്ചു. തുടർന്ന് അരമണിക്കൂർ നേരത്തേക്ക് വെള്ളം എത്തിയെങ്കിലും ഉച്ചയൂണ് കഴിഞ്ഞപ്പോൾ വീണ്ടും തീർന്നു. ബാത്ത് റൂം ആവശ്യങ്ങൾക്കായി മഴവെള്ളം ശേഖരിക്കേണ്ട ഗതികേടിലുമായി ജീവനക്കാർ. മിനി സിവിൽ സ്റ്റേഷനിൽ വാട്ടർ അതോറിറ്റിയുടെ ജലവിതരണം ഉണ്ടെങ്കിലും ദിവസവും പതിനഞ്ച് മിനിട്ട് നേരമെ വെള്ളം ലഭിക്കു. മൂന്ന് ദിവസമായി ഒരു തുള്ളി വെള്ളമില്ലെന്ന് ജീവനക്കാർ പറഞ്ഞു. അടുത്ത് വീടുകളുള്ള പലരും കുടിവെള്ളത്തിനൊപ്പം കന്നാസുകളിലും വെള്ളം എത്തിച്ചാണ് ഉപയോഗിക്കുന്നത്.

പരാതി പറഞ്ഞ് മടുത്തു

ജലവിതരണം മുടങ്ങുമ്പോൾ അര കിലോമീറ്റർ അകലെയുള്ള വീടുകളിൽ നിന്ന് ശേഖരിച്ചാണ് ജീവനക്കാർ ഒാഫീസിൽ എത്തിക്കുന്നത്.

വെള്ളം കിട്ടാതെ ജോലി ചെയ്യാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ജീവനക്കാർ പലതവണ കോഴഞ്ചേരി തഹസിൽദാർക്ക് കത്ത് നൽകിയിരുന്നു. തഹസിൽദാർ അത് കളക്ടർക്കും വാട്ടർ അതോറിറ്റിക്കും കൈമാറി. താലൂക്ക് വികസന സമിതി യോഗങ്ങളിലും പ്രശ്നം ചർച്ചയായതാണ്.

ശുചിമുറികളിൽ ദുർഗന്ധം

അഞ്ച് നിലകളുള്ള മിനി സിവിൽ സ്റ്റേഷനിൽ ഒാരോ നിലയിലും ഒാരോ ശുചിമുറിയുണ്ട്. താഴത്തെ നിലയിൽ പുരുഷൻമാർ, ഒന്നാം നിലയിൽ സ്ത്രീകൾ എന്നിങ്ങനെ ഒന്നിടവിട്ടാണ് വേർതിരിച്ചിരിക്കുന്നത്. ജീവനക്കാരെ കൂടാതെ ഒാഫീസുകളിൽ എത്തുന്ന പൊതുജനങ്ങളും പുറത്തെ കടകളിലെ ജീവനക്കാരും മിനി സിവിൽ സ്റ്റേഷനിലെ ടോയ്ലറ്റുകളെയാണ് ആശ്രയിക്കുന്നത്. മൂന്ന് ദിവസമായി വെള്ളം ഇല്ലാത്തതിനാൽ ടോയ്ലറ്റിലും വരാന്തകളിലും ദുർഗന്ധമായി.

തീരുമാനങ്ങൾ നടപ്പായില്ല

വെള്ളക്കരം അടയ്ക്കാത്തതിനാൽ കഴിഞ്ഞ വർഷവും മിനി സിവിൽ സ്റ്റേഷനിലെ ജല വിതരണം നിറുത്തിവച്ചിരുന്നു. ഇതേ തുടർന്ന് ഒാരോ ഒാഫീസുകളും അവരവരുടെ വെള്ളം ഉപയോഗത്തിന്റെ കരം പ്രത്യേകം അടയ്ക്കാൻ തീരുമാനിച്ചു. മിനി സിവിൽ സ്റ്റേഷനിൽ വെള്ളക്കരം ഒറ്റ ബില്ലായതിനാൽ അതുനടപ്പായില്ല.

മിനി സിവിൽ സ്റ്റേഷനിൽ വെള്ളക്കരം കുടിശികയുണ്ടെങ്കിലും ജലവിതരണം നിറുത്താറില്ല. ഇന്നലെ രാവിലെയും അവിടെ വെള്ളം ലഭിച്ചിരുന്നു. വാട്ടർ അതോറിറ്റി ജീവനക്കാർ ഇത് മിനി സിവിൽസ്റ്റേഷൻ ജീവനക്കാരെ ബോദ്ധ്യപ്പെടുത്തിയതാണ്. വീഡിയോ ദൃശ്യമുണ്ട്. ടാങ്കിൽ നിന്നുള്ള പൈപ്പ് ലൈനിൽ ചോർച്ചയുണ്ടോയെന്ന് പരിശോധിക്കണം.

വാട്ടർ അതോറിറ്റി അസി. എക്സി. എൻജിനീയർ

വെള്ളമില്ലാത്തതിൽ ജീവനക്കാരുടെ പ്രതിഷേധം,

ഇന്നലെ ജോലിനിറുത്തിവച്ചു,

ആശ്രയമായത് മഴവെള്ളം.

മിനി സിവിൽ സ്റ്റേഷനിൽ കോടതി ഉൾപ്പെടെ ഒാഫീസുകൾ : 18 ജീവനക്കാർ : 1471

Advertisement
Advertisement