വില കൂടിയ മദ്യം വീടുകളിൽ എത്തിക്കുന്നത് പരിഗണിച്ചേക്കും ഡ്രൈ ഡേ ഒഴിവാക്കണമെന്നും നിർദ്ദേശം

Friday 24 May 2024 12:21 AM IST

തിരുവനന്തപുരം: വിലകൂടിയ പ്രീമിയം ബ്രാൻഡ് മദ്യം ഓൺലൈൻ ബുക്കിംഗിലൂടെ വീടുകളിലെത്തിച്ച് നൽകുന്നത് സർക്കാർ പരിഗണിച്ചേക്കും. കഴിഞ്ഞ ദിവസം മന്ത്രി എം.ബി.രാജേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥ മേധാവികളുടെ യോഗത്തിലാണ് നിർദ്ദേശം. ദുരുപയോഗം തടയാൻ ആധാർ ഉൾപ്പെടെയുള്ള രേഖകൾ ഓൺലൈൻ ബുക്കിംഗിന് നിർബന്ധമാക്കിയേക്കും. ഒന്നാം തീയതിയിലെ ഡ്രൈ ഡേ ഒഴിവാക്കണമെന്ന നിർദ്ദേശവും ടൂറിസം വകുപ്പിന്റെയും ചില ഉന്നത ഉദ്യോഗസ്ഥരുടെയും ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്.

മദ്യം വീടുകളിൽ എത്തിക്കുന്നതു സംബന്ധിച്ച് കരട് തയ്യാറാക്കി സി.പി.എമ്മിലും ഇടതുമുന്നണിയിലുമടക്കം ചർച്ച ചെയ്തശേഷമാകും അന്തിമ തീരുമാനം. നടപ്പാക്കാൻ അബ്കാരി നിയമത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണം. ഒഡിഷയിലും 2020ൽ പശ്ചിമ ബംഗാളിലും നടപ്പാക്കിയിട്ടുണ്ട്. അതേസമയം, ഇവിടെ എതിർപ്പുണ്ടാകാൻ സാദ്ധ്യത ഏറെയാണ്. കൊവിഡ് കാലത്ത് കൺസ്യൂമർ ഫെഡ് ഹോം ഡെലിവറിയെക്കുറിച്ച് ആലോചിച്ചെങ്കിലും എതിർപ്പുയർന്നതോടെ ഉപേക്ഷിച്ചിരുന്നു.

ജൂൺ 13ന് ബാറുടമകളുടെയും മദ്യവിതരണ കമ്പനി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം മന്ത്രി വിളിച്ചിച്ചുണ്ട്. തുടർന്ന് ഇടതുമുന്നണിയിലും ചർച്ച ചെയ്തശേഷമാകും ഡ്രൈ ഡേ ഒഴിവാക്കുന്നതിലും അന്തിമ തീരുമാനം. ബാറുടമകൾ ഇക്കാര്യത്തിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഒഴിവാക്കിയാൽ ശക്തമായ രാഷ്ട്രീയ എതിർപ്പ് നേരിടേണ്ടിവരുമെന്ന ആശങ്ക സർക്കാരിനുണ്ട്.

പ്രതിദിനം ശരാശരി 50 കോടിയോളമാണ് ബെവ്കോയുടെ ആകെ വിറ്റുവരവ്. ഡ്രൈ ഡേ ഒഴിവാക്കിയാൽ വർഷത്തിൽ 12 ദിവസത്തെ അധികവരുമാനം സർക്കാരിന് കിട്ടും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ച ശേഷമാകും പുതിയ മദ്യനയം സർക്കാർ പ്രഖ്യാപിക്കുക.

ഹോം ഡെലിവറി നേട്ടങ്ങൾ

1.ബെവ്കോ, കൺസ്യൂമർഫെഡ് ചില്ലറ വില്പനശാലകളിലെ തിരക്ക് ഒരുപരിധിവരെ കുറയ്ക്കാം 2.വീടുകളിലെത്തിക്കുന്നതിന് മൂവായിരം പേർക്കെങ്കിലും ജോലി സാദ്ധ്യത

3.പ്രീമിയം ബ്രാൻഡുകളുടെ വില്പന വർദ്ധിക്കുന്നതിലൂടെ സർക്കാർ വരുമാനം കൂടും

മദ്യവില്പന വരുമാനം

(ബിയർ ഉൾപ്പെടെ,

തുക കോടിയിൽ)

2022-23.....................................18,530.97

2023-24.....................................19,088.33

വർദ്ധന........................................557.36

Advertisement
Advertisement