വോട്ടെണ്ണലിന് ഇനി 11 ദിവസം

Friday 24 May 2024 12:23 AM IST

തിരുവനന്തപുരം : സംസ്ഥാനത്തെ ജനവിധി ആർക്കനുകൂലമാണെന്നും, കേന്ദ്രത്തിൽ ഏത് മുന്നണി അധികാരം കൈയാളുമെന്നുമറിയാൻ ഇനി 11 ദിവസത്തെ കാത്തിരിപ്പ് . ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന രാഷ്ട്രീയത്തിലും ചലനങ്ങൾ സൃഷ്ടിക്കും. വോട്ടിംഗ് ശതമാനത്തിലെ കുറവ് മുന്നണികളുടെ നെഞ്ചിടിപ്പേറ്റുന്നു..

പല മണ്ഡലങ്ങളിലും ബൂത്തിലിരിക്കാൻ ആളുണ്ടായില്ലെന്നും സംഘടനാ ദൗർബല്യം പ്രചാരണപ്രവർത്തനങ്ങളെ ബാധിച്ചുവെന്നും ചിലയിടത്ത് തങ്ങളെ തോൽപ്പിക്കാൻ നേതാക്കളിൽ ചിലർ വിമത പ്രവർത്തനം നടത്തിയെന്നും തിരഞ്ഞെടുപ്പിന് ശേഷം നടന്ന അവലോകന യോഗത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളിൽ ചിലർ തുറന്നു പറഞ്ഞിരുന്നു.

എന്നാൽ ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണവും, കേന്ദ്ര - സംസ്ഥാന ഭരണവിരുദ്ധവികാരവും തങ്ങളെ 20 സീറ്റിലും ജയിപ്പിക്കുമെന്ന് യു.ഡി.എഫ് നേതൃത്വം വിലയിരുത്തുന്നു. പ്രതികൂല ഘടകങ്ങളെ പ്രചാരണത്തിലൂടെ മറികടന്നതിനാൽ നിലവിലെ അവസ്ഥയിൽ നിന്നും സ്ഥിതി കൂടുതൽ മെച്ചപ്പെടുമെന്ന് എൽ.ഡി.എഫും വ്യക്തമാക്കുന്നു. സംസ്ഥാനത്ത് അക്കൗണ്ട് തുറക്കുമെന്ന തികഞ്ഞ പ്രതീക്ഷയിലാണ് ബി.ജെ.പി -എൻ.ഡി.എ നേതൃത്വമുള്ളത്.. തിരുവനന്തപുരം, ആറ്റിങ്ങൽ, തൃശ്ശൂർ, ആലപ്പുഴ മണ്ഡലങ്ങളിൽ മൂന്ന് മുന്നണികളും സാധ്യതാ വാദങ്ങളിൽ ഉറച്ച് നിൽക്കുന്നു. രാഷ്ട്രീയ പോരാട്ടം സീമകൾ ലംഘിച്ച് വ്യക്തിഹത്യയിലേക്ക് നീണ്ട വടകര മണ്ഡലത്തിൽ ബി.ജെ.പിയൊഴിച്ച് ആര് ജയിച്ചാലും ഒരു നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കും.

Advertisement
Advertisement