അധികാര സ്ഥാനങ്ങളെല്ലാം മതന്യൂന പക്ഷങ്ങൾ കൈയ്യടക്കി:വെള്ളാപ്പള്ളി

Friday 24 May 2024 2:02 AM IST
ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിന്റെ നേതൃത്വത്തിൽ സംസ്ഥാനതല ത്രിദിന റസിഡൻഷ്യൽ സമ്മർ ക്യാമ്പ് കണിച്ചുകുളങ്ങര സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല: ഉന്നത വിദ്യാഭ്യാസ,​ ഉദ്യോഗ തലങ്ങൾ നൂനപക്ഷത്തിന്റെ കൈപ്പിടിയിലാവുകയും, ഈഴവ സമൂഹം പിന്നാക്കം പോകുകയും ചെയ്തതാണ് നാം നേരിടുന്ന വെല്ലുവിളിയെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിലിന്റെ നേതൃത്വത്തിൽ സംസ്ഥാനതല ത്രിദിന റസിഡൻഷ്യൽ സമ്മർ ക്യാമ്പ് കണിച്ചുകുളങ്ങര സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒപ്പിടാൻ അധികാരമുള്ള സ്ഥാനമാനങ്ങളെല്ലാം മതന്യൂന പക്ഷങ്ങളുടെ കൈപ്പിടിയിലായി. കേന്ദ്ര,​ സംസ്ഥാന സർക്കാരുകൾ വിദ്യാഭ്യാസ സ്കോളർഷിപ്പ് ന്യൂനപക്ഷങ്ങൾക്ക് അനുവദിക്കുമ്പോൾ നാം പൂർണമായി അവഗണിക്കപ്പെടുന്നു. സംസ്ഥാനത്ത് 7 ജില്ലകളിൽ മാത്രമാണ് സമുദായത്തിന് എയ്ഡഡ് മേഖലയിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ളത്. സാമ്പത്തിക--സാമൂഹിക-വിദ്യാഭ്യാസ നീതി ലഭിക്കാൻ സംഘടിത ശക്തിയാകണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

പെൻഷണേഴ്സ് കൗൺസിലിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഗുരുവിദ്യാനിധി പദ്ധതിയുടെ പ്രഖ്യാപനവും ആദ്യഗഡു ഏറ്റു വാങ്ങലും ജനറൽ സെക്രട്ടറി നിർവഹിച്ചു. സമർത്ഥരായ കുട്ടികളെ കൈപിടിച്ചുയർത്താനുള്ള ഗുരുവിദ്യാനിധി പദ്ധതിയിലേയ്ക്ക് യോഗത്തിന്റെ വകയായി 5 ലക്ഷം രൂപയും ജനറൽ സെക്രട്ടറി പ്രഖ്യാപിച്ചു

. എസ്.എൻ.പി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കെ.എം.സജീവ് അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർമാരായ പി.കെ.പ്രസന്നൻ, സി.എം.ബാബു,പി.എസ്.എൻ ബാബു, കണിച്ചുകുളങ്ങര യൂണിയൻ പ്രസിഡന്റ് വി.എം.പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു. പെൻഷണേഴ്സ് കൗൺസിൽ സെക്രട്ടറി അഡ്വ.എം.എൻ.ശശിധരൻ സ്വാഗതവും വൈസ് പ്രസിഡന്റ് പി.കെ.വേണുഗോപാൽ നന്ദിയും പറഞ്ഞു. ആദ്യ രണ്ടു ദിനങ്ങളിൽ ക്യാമ്പിലെ കുട്ടികൾ വൈകിട്ട് 6.15ന് ജനറൽ സെക്രട്ടറിക്കൊപ്പം കണിച്ചുകുളങ്ങര ദേവീ ക്ഷേത്രനടയിൽ എന്ന ചടങ്ങിൽ പങ്കെടുക്കും. 25ന് ഉച്ചയ്ക്ക് 2.30ന് വെള്ളാപ്പള്ളി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. 13 വയസിന് മുകളിലുള്ള 68 കുട്ടികളാണ് പങ്കെടുക്കുന്നത്.

Advertisement
Advertisement