പൊലീസ് മോശമായി പെരുമാറരുത്:കോടതി

Friday 24 May 2024 2:09 AM IST

കൊച്ചി: തെറ്റ് ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാതെയാണോ പൊലീസിന്റെ ആത്മവീര്യം സംരക്ഷിക്കേണ്ടതെന്ന് ഹൈക്കോടതി.

ജനങ്ങളോടുള്ള പെരുമാറ്റം സംബന്ധിച്ച ഡി.ജി.പിയുടെ സർക്കുലർ എല്ലാ പൊലീസ് ഉദ്യോഗസ്ഥരും അറിഞ്ഞിരിക്കണം. ഡി.ജി.പി നിരന്തരം സർക്കുലർ ഇറക്കിയിട്ടും മാറ്റമുണ്ടാകാത്തതെന്താണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വാക്കാൽ ചോദിച്ചു. ആരോപണങ്ങളിൽ പക്ഷപാതരഹിത അന്വേഷണമാണ് വേണ്ടത്. പാലക്കാട് ആലത്തൂർ പൊലീസ് സ്റ്റേഷനിൽ അഭിഭാഷകനോട് എസ്.ഐ റിനീഷ് അപമര്യാദയായി പെരുമാറിയതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഹർജി 29ന് മാറ്റി.
അപകടത്തിൽപ്പെട്ട വാഹനം വിട്ടുകിട്ടാനുള്ള കോടതിയുത്തരവുമായി ആലത്തൂർ സ്റ്റേഷനിലെത്തിയ അഭിഭാഷകൻ അക്വിബ് സുഹൈലിനോട് എസ്.ഐ റിനീഷ് മോശമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു. തുടർന്നാണ് വിഷയം ഹൈക്കോടതിയിൽ എത്തിയത്. റിനീഷിനെ സ്ഥലംമാറ്റുകയും ഇയാൾ കോടതിയിലെത്തി മാപ്പ് പറയുകയും ചെയ്തിരുന്നു.

Advertisement
Advertisement