ഡ്രൈ ഡേ ഒഴിവാക്കൽ: ടൂറിസത്തിന് കുതിപ്പേകും

Friday 24 May 2024 2:12 AM IST

കൊച്ചി: ഒന്നാം തീയതിയിലെ മദ്യനിരോധനം (ഡ്രൈ ഡേ) പിൻവലിക്കണമെന്ന നിർദ്ദേശം നടപ്പായാൽ അത് ടൂറിസം മേഖലയ്ക്ക് കൂടുതൽ സഹായകരമാകുമെന്ന് വിലയിരുത്തൽ. ഗോവ, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് വഴിമാറുന്ന ആഗോള സമ്മേളനങ്ങൾ, വൻകിട വിവാഹങ്ങൾ എന്നിവ തിരിച്ചെത്തും. ഇത് വരുമാന വർദ്ധനയ്ക്ക് ഇടയാക്കും. ബിയർപോലും ലഭിക്കാത്തതിനാൽ വിദേശ, വടക്കേയിന്ത്യൻ സഞ്ചാരികൾ നിലവിൽ ഡ്രൈ ഡേകളിൽ കേരളത്തെ ഒഴിവാക്കുന്നുണ്ട്. അതും മാറും.

ഡ്രൈ ഡേ ഒഴിവാക്കിയാൽ ഏറ്റവുമധികം ഗുണമാവുക വിവാഹങ്ങൾ, ആഗോള സമ്മേളനങ്ങൾ എന്നിവയ്‌ക്കാണെന്ന് ഇവന്റ് കമ്പനികൾ പറഞ്ഞു. സമ്മേളനങ്ങൾക്ക് ആതിഥ്യമരുളുന്ന എം.ഐ.സി.ഇ (മീറ്റിംഗ്‌സ്, ഇൻസെന്റീവ്‌സ്, കോൺഫറൻസസ് ആൻഡ് എക്‌സിബിഷൻസ് ) ടൂറിസത്തിന് കേരളം ഏറ്റവും അനുയോജ്യമാണ്. മുമ്പ് കൊച്ചിയിൽ നടന്ന ഡോക്ടർമാരുടെ സമ്മേളനമായ പെഡികോണിൽ പതിനായിരം പേരാണ് പങ്കെടുത്തത്. 150 കോടിയോളം രൂപയുടെ വരുമാനം സംസ്ഥാനത്തിന് ലഭിച്ചു.

വടക്കേ ഇന്ത്യയിലടക്കമുള്ള കോടീശ്വരന്മാരുടെ ദിവസങ്ങൾ നീളുന്ന വൻകിട വിവാഹാഘോഷങ്ങൾ കേരളത്തിൽ നടക്കാറുണ്ട്. ഈ ദിവസങ്ങൾക്കിടെ ഡ്രൈഡേ വന്നതിനാൽ സ്ഥലംമാറിപ്പോയ നിരവധി വിവാഹങ്ങളുണ്ടെന്നും ഈ രംഗത്തുള്ളവർ പറയുന്നു.

''വിദേശസഞ്ചാരികൾ വർദ്ധിക്കുകയും എം.ഐ.സി.ഇക്ക് പ്രാധാന്യം നൽകുകയും ചെയ്യുന്ന കാലത്ത് ഡ്രൈഡേ ഒഴിവാക്കുന്നത് സംസ്ഥാനത്തിന് ഗുണകരമാണ്.

-ജോസ് പ്രദീപ്, പ്രസിഡന്റ്

കേരള ട്രാവൽ മാർട്ട് സൊസൈറ്റി

''രണ്ടുവർഷത്തിനിടെ 152 ചാർട്ടേർഡ് വിമാനങ്ങൾ വിവാഹങ്ങൾക്കായി കൊച്ചിയിലെത്തിയത് കേരളത്തിന്റെ സാദ്ധ്യത വ്യക്തമാക്കുന്നതാണ്.

-രാജു കണ്ണമ്പുഴ, പ്രസിഡന്റ്

ഇവന്റ് മാനേജേഴ്സ് അസോ. കേരള

Advertisement
Advertisement