ഹയർസെക്കൻഡറി സ്ഥലംമാറ്റം. കോടതി അലക്ഷ്യ നടപടി നിറുത്താൻ ഉത്തരവ്

Friday 24 May 2024 2:20 AM IST

കൊച്ചി: ഹയർ സെക്കൻഡറി അദ്ധ്യാപകരുടെ സ്ഥലംമാറ്റ കേസിൽ സർക്കാരിനെതിരെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലുള്ള (കെ.എ.ടി) കോടതിയലക്ഷ്യ നടപടികൾ താത്കാലികമായി നിറുത്തിവയ്‌ക്കണമെന്ന് ഹൈക്കോടതി.
കോടതിയലക്ഷ്യ നടപടിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ സെക്രട്ടറിയും പ്രിൻസിപ്പൽ സെക്രട്ടറിയും മേയ് 24ന് ഹാജരാകാൻ കെ.എ.ടി ഉത്തരവിട്ടിരുന്നു. ഇതിന് സ്‌റ്റേ ആവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ് മനു എന്നിവരുടെ ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്. എതിർകക്ഷികൾക്ക് നോട്ടീസ് നൽകാനും നിർദ്ദേശിച്ചു.
ട്രൈബ്യൂണൽ ഉത്തരവിന് സ്റ്റേ ആവശ്യപ്പെട്ട് ജി.വി. പ്രീതി, എ.ജോർജ്കുട്ടി എന്നിവർ നൽകിയ ഹർജികളും പരിഗണനയിലുണ്ട്. സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് 27വരെ തത്‌സ്ഥിതി തുടരാൻ ഈ ഹർജികളിൽ കോടതി നിർദേശിച്ചിരുന്നു. സർക്കാരിന്റെ ഹർജി ഈ ഹർജികൾക്കൊപ്പം പരിഗണിക്കാനായി മാറ്റി.
സ്ഥലംമാറ്റ പട്ടിക തയ്യാറാക്കുമ്പോൾ ഇതരജില്ലകളിൽ ജോലിചെയ്യുന്നവർക്ക് അർഹമായ പരിഗണന നൽകണമെന്നായിരുന്നു കെ.എ.ടിയുടെ ആദ്യ ഉത്തരവ്. എന്നാൽ, കെ.എ.ടി നിർദ്ദേശം പരിഗണിച്ചില്ലെന്ന് വിലയിരുത്തി പട്ടിക റദ്ദാക്കുകയും ഒരു മാസത്തിനകം ചട്ടപ്രകാരമുള്ള പട്ടിക തയ്യാറാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. തുടർന്നാണ് സർക്കാരിനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്തത്.

Advertisement
Advertisement