പെരിയാറിലെ മത്സ്യക്കുരുതി; നഷ്ടം പത്ത് കോടിയിലേറെ, ഫിഷറീസ് റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറും

Friday 24 May 2024 8:14 AM IST

കൊച്ചി: പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തിൽ കർഷകർക്ക് നഷ്‌ട പരിഹാരം നൽകുന്നതിനുള്ള ഫിഷറീസ് റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറും. മത്സ്യത്തിന്റെ ഗുണനിലവാരം അടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചായിരിക്കും നഷ്ട പരിഹാരം നൽകുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക.


പത്ത് കോടിയിലേറെ രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് ഫിഷറീസ് വകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ. പഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് നാശനഷ്ടം സംബന്ധിച്ച് കണക്കെടുപ്പ് നടത്തുന്നത്. മത്സ്യ കർഷകർ, ഉദ്യോഗസ്ഥർ അടക്കമുള്ളവരുടെ മൊഴി ഇന്ന് ഫോർട്ട് കൊച്ചി സബ് കളക്ടർ കെ മീര രേഖപ്പെടുത്തും. തുടർന്ന് ഉച്ചയോടെ റിപ്പോർട്ട് സമർപ്പിക്കും.

ഇത് കൂടാതെ മത്സ്യക്കുരുതിയുടെ കാരണം കണ്ടെത്താനായി കുഫോസ് നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ പരിശോധനയും തുടരുകയാണ്. പെരിയാറിന്റെ വിവിധ പ്രദേശങ്ങളിലാണ് പരിശോധന നടത്തുന്നത്. സംഘം നാളെ റിപ്പോർട്ട് സമർപ്പിക്കും.

സംഭവ സ്ഥലത്ത് നിന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ശേഖരിച്ച മീനുകളുടെയും ജലത്തിന്റെയും സാമ്പിൾ പരിശോധനയ്ക്കായി നേരത്തെ കുഫോസ് സെൻട്രൽ ലാബിന് നൽകിയിരുന്നു. ഒരാഴ്ചക്കുള്ളിൽ പരിശോധന ഫലം ലഭിക്കും.


പെരിയാറിൽ പാതാളം റെഗുലേറ്റർ കം ബ്രിഡ്ജിന് താഴെയായി തിങ്കളാഴ്ച അർദ്ധരാത്രിയോടെയാണ് വൻതോതിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയത്. 150ലേറെ മത്സ്യക്കൂടുകൾ പൂർണമായി നശിച്ചതായി ഫിഷറീസ് വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു.

വരാപ്പുഴ, ചേരാനല്ലൂർ, കടമക്കുടി പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത്. കരിമീൻ, പൂളാൻ, പള്ളത്തി, കാളാഞ്ചി അടക്കമുള്ള മത്സ്യങ്ങളാണ് കൂട്ടത്തോടെ ചത്തുപൊങ്ങിയത്. റെഗുലേറ്റർ കം ബ്രിഡ്ജിന് താഴെ പെരിയാറിലെ വെള്ളത്തിന് നിറംമാറ്റം ഉണ്ടായിരുന്നു.

വ്യവസായ മേഖലയായതിനാൽ പുഴയിലേക്ക് രാസമാലിന്യം ഒഴുക്കിയതിന്റെ ഫലമായാണ് മത്സ്യക്കുരുതി എന്ന് ആരോപണം ഉയർന്നിരുന്നു. കമ്പനികളിൽ നിന്ന് രാസമാലിന്യങ്ങൾ പുഴയിലേക്കൊഴുക്കിയിട്ടുണ്ടെങ്കിൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനിടയിൽ ഇടയാറിലെ അലയൻസ് മറൈൻ ഇൻഡസ്ട്രീസ് കമ്പനി അടച്ചുപൂട്ടാൻ മലനീകരണ നിയന്ത്രണ ബോർഡ് നോട്ടീസ് നൽകിയിട്ടുണ്ട്. പുഴയിലേക്ക് മലിനജലം ഒഴുക്കിയതിനാണ് നടപടി. കൂടുതൽ കമ്പനികൾക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.

മത്സ്യങ്ങൾ ചത്തുപൊങ്ങിയതിന് പിന്നാലെ ഏലൂരിലെ മലനീകരണ നിയന്ത്രണ ബോർഡ് ഓഫീസിന് മുന്നിൽ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. ഇതിനുപിന്നാലെ മത്സ്യകർഷകർക്ക് നഷ്ടപരിഹാരവും ആറുമാസത്തെ സൗജന്യ റേഷനും നൽകാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചിരുന്നു.

Advertisement
Advertisement