'രണ്ടര ലക്ഷം വച്ച് കൊടുക്കണം, അല്ലാതെ ആരും നമ്മളെ സഹായിക്കില്ല'; വീണ്ടും ബാർ കോഴയ്‌ക്ക് നീക്കം, ശബ്‌ദസന്ദേശം

Friday 24 May 2024 10:00 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ബാർ കോഴ വിവാദം. മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിർദേശിച്ച് ബാർ ഉടമകളുടെ സംഘടനയായ ഫെഡറേഷൻ ഒഫ് കേരള ഹോട്ടൽ അസോസിയേഷൻ വൈസ് പ്രസിഡന്റ് അനിമോൻ വാട്‌സാപ്പിലൂടെ നൽകിയ ശബ്‌ദ സന്ദേശമാണ് പുറത്തായത്. ഒരു സ്വകാര്യ ചാനലാണ് വാർത്ത പുറത്തുവിട്ടത്.

ഡ്രൈ ഡേ ഒഴിവാക്കാനും ബാർ സമയം കൂട്ടാനുമടക്കം ഒരാൾ രണ്ടര ലക്ഷം രൂപ നൽകണമെന്നാണ് ഇടുക്കി ജില്ലാ പ്രസിഡന്റ് കൂടിയായ അനിമോൻ ശബ്‌ദസന്ദേശത്തിൽ ആവശ്യപ്പെടുന്നത്. സംഘടനയുടെ സംസ്ഥാന പ്രസിഡന്റിന്റെ നിർദേശപ്രകാരമാണ് പിരിവെന്നും ഇടുക്കി ജില്ലാ പ്രസിഡന്റ് ബാർ ഉടമകൾക്ക് അയച്ച സന്ദേശത്തിൽ പറയുന്നു. ഡ്രൈ ഡേ ഒഴിവാക്കുന്നതും ബാറുകളുടെ സമയം കൂട്ടുന്നതും ഉൾപ്പെടെയുള്ള ആവശ്യങ്ങൾ പരിഗണിച്ചുള്ള പുതിയ മദ്യനയത്തിന് തിരക്കിട്ട ചർച്ചകൾ നടക്കുന്നതിനിടെയാണ് പണം ആവശ്യപ്പെടുന്ന ശബ്‌ദ സന്ദേശം പുറത്തുവരുന്നത്.

'പണം കൊടുക്കാതെ ആരും നമ്മളെ സഹായിക്കില്ല. രണ്ടര ലക്ഷം രൂപ വച്ച് കൊടുക്കാൻ പറ്റുന്നവർ നൽകുക. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പുതിയ മദ്യനയം വരും. അതിൽ ‌ഡ്രൈ ഡേ എടുത്ത് കളയും. അങ്ങനെ പല മാറ്റങ്ങളുമുണ്ടാകും. അത് ചെയ്‌ത് തരാൻ കൊടുക്കേണ്ടത് കൊടുക്കണം' , അനിമോന്റെ ശബ്‌ദസന്ദേശത്തിൽ പറയുന്നു.

ബാർ ഉടമകളുടെ സംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗം ഇന്നലെ കൊച്ചിയിൽ ചേർന്നിരുന്നു. യോഗസ്ഥലത്ത് നിന്നാണ് ശബ്‌ദസന്ദേശം അയക്കുന്നതെന്നും അനിമോൻ പറയുന്നുണ്ട്. ഇടുക്കിയിൽ നിന്നും സംഘടനയിൽ അംഗമായവരുടെ വാട്‌‌സാപ്പ് ഗ്രൂപ്പിലേക്കാണ് ശബ്‌ദസന്ദേശമെത്തിയത്. പിന്നീട് ഇത് ഡിലീറ്റ് ചെയ്‌തു. കൊച്ചിയിൽ ബാർ ഉടമകളുടെ യോഗം നടന്നുവെന്ന് സമ്മതിച്ച സംസ്ഥാന പ്രസിഡന്റ് വി സുനിൽ കുമാർ ,താൻ പണപ്പിരിവ് നിർദേശം നൽകിയിട്ടില്ല എന്നാണ് പ്രതികരിച്ചത്.

വിലകൂടിയ പ്രീമിയം ബ്രാൻഡ് മദ്യം ഓൺലൈൻ ബുക്കിംഗിലൂടെ വീടുകളിലെത്തിച്ച് നൽകുന്ന കാര്യം സർക്കാർ പരിഗണിച്ചേക്കുമെന്ന വിവരം നേരത്തേ പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം മന്ത്രി എം.ബി.രാജേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥ മേധാവികളുടെ യോഗത്തിലാണ് നിർദ്ദേശം. ദുരുപയോഗം തടയാൻ ആധാർ ഉൾപ്പെടെയുള്ള രേഖകൾ ഓൺലൈൻ ബുക്കിംഗിന് നിർബന്ധമാക്കിയേക്കുമെന്നും വിവരമുണ്ട്. ഒന്നാം തീയതിയിലെ ഡ്രൈ ഡേ ഒഴിവാക്കണമെന്ന നിർദ്ദേശവും ടൂറിസം വകുപ്പിന്റെയും ചില ഉന്നത ഉദ്യോഗസ്ഥരുടെയും ഭാഗത്തു നിന്നുണ്ടായി.

Advertisement
Advertisement