ജന്മദിനത്തിൽ പിണറായി വിജയന് മുഹമ്മദ് റിയാസിന്റെ വിശേഷണം, കൂടെ സന്ദീപാനന്ദഗിരിയുടെ കമന്റും

Friday 24 May 2024 10:46 AM IST

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ജന്മദിനമാണ്. സാധാരണ പിണറായി വിജയന്‍ തന്‍റെ ജന്മദിനം ആഘോഷിക്കാറില്ല. ഇത്തവണയും പ്രത്യേക ആഘോഷങ്ങളോ ചടങ്ങുകളോ ഒന്നുമുണ്ടാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. എന്നാൽ സാമൂഹിക സാംസ്‌കാരിക രംഗത്ത് നിരവധിപേർ പിണറായിക്ക് ആശംസ നേർന്നിട്ടുണ്ട്. ഇതിൽ മകളുടെ ഭർത്താവും പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രിയുമായ പി.എ മുഹമ്മദ് റിയാസ് ആശംസിച്ചത് ''കരുത്തിന്റെയും നിശ്ചയദാർഡ്യത്തിന്റെയും പ്രതീകം'' എന്നാണ്.

റിയാസിന്റെ ആശംസയ്‌ക്കും നിരവധി കമന്റുകൾ എത്തി. പിണറായി വിജയൻ 1945 മെയ് 24 ന് കേരളത്തിലെ കണ്ണൂരിലെ പിണറായിയിൽ മുണ്ടയിൽ കോരന്റേയും കല്യാണിയുടെയും ഇളയ മകനായി ജനിച്ചു. “ചുരുക്കിപറഞ്ഞാൽ ജന്മം ബയോളജിക്കലാണെന്ന് സാരം.” ഇതായിരുന്നു സന്ദീപാനന്ദഗിരിയുടെ പ്രതികരണം.

കരുത്തിന്റെയും നിശ്ചയദാർഡ്യത്തിന്റെയും പ്രതീകം…

ജന്മദിനാശംസകൾ…🌹

Posted by P A Muhammad Riyas on Thursday 23 May 2024

1945 മേയ് 24ന് കണ്ണൂരിലെ തലശ്ശേരിയിലെ പിണറായി പഞ്ചായത്തിലാണ് അദ്ദേഹം ജനിച്ചത്. വിദ്യാര്‍ത്ഥിയായിരിക്കെ എസ്എഫ്‌ഐയുടെ പൂര്‍വ്വീക സംഘടനയായ കെഎസ്എഫിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശം. 1970ല്‍ 26-ാം വയസ്സില്‍ കൂത്തുപറമ്പില്‍ നിന്ന് ജയിച്ച് നിയമസഭാ അംഗമായി. 2016ല്‍ ധര്‍മ്മടത്ത് നിന്ന് ജയിച്ച് പതിനാലാമത് മുഖ്യമന്ത്രിയായി. 2021ല്‍ തുടര്‍ ഭരണം നിലനിര്‍ത്തിയ പിണറായിയുടെ 78-ാം പിറന്നാള്‍ സിപിഎം പ്രവര്‍ത്തകര്‍ സമൂഹമാദ്ധ്യമങ്ങളില്‍ ആഘോഷമാക്കുകയാണ്.