'വമ്പൻ അഴിമതി, ബാറുടമകളിൽ നിന്ന് വാങ്ങിയത് 25 കോടി'; മന്ത്രി എംബി രാജേഷ് രാജിവയ്‌ക്കണമെന്ന് കെ സുധാകരൻ
തിരുവനന്തപുരം: ബാറുടമകളിൽ നിന്ന് 25 കോടി വാങ്ങി വൻ അഴിമതി നടത്തിയാണ് പുതിയ മദ്യനയം നടപ്പിലാക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. എക്‌സൈസ് മന്ത്രി എംബി രാജേഷ് രാജി വയ്‌ക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ 900 ബാറുകളിൽ നിന്ന് രണ്ടര ലക്ഷം രൂപ വച്ചാണ് ഇപ്പോൾ പിരിക്കുന്നതെന്നും കെപിസിസി പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
സുധാകരൻ പറഞ്ഞത്:
തിരഞ്ഞെടുപ്പിന് മുമ്പും വലിയൊരു തുക സമാഹരിച്ചതായി കേൾക്കുന്നുണ്ട്. കുടിശികയാണ് ഇപ്പോൾ പിരിക്കുന്നത്. ഐടി പാർക്കുകളിൽ മദ്യം വിൽക്കുക, ബാർ സമയപരിധി കൂട്ടുക, ഡ്രൈഡേ പിൻവലിക്കുക തുടങ്ങി ബാറുടമകൾക്ക് ശതകോടികൾ ലാഭം കിട്ടുന്ന നടപടികൾക്കാണ് നീക്കം. മുഖ്യമന്ത്രിയുടെ പുതിയ മദ്യനയം കേരളത്തെ മദ്യത്തിൽ മുക്കും. ഐടി പാർക്കുകളിൽ ജോലി ചെയ്യുന്ന യുവതലമുറയെ മദ്യത്തിലേക്ക് വലിച്ചെറിയുന്ന ഏറ്റവും ഭയാനകമയ തീരുമാനമാണിത്. അവരുടെ ജീവനും ജീവിതവുമാണ് പിണറായി വിജയൻ നശിപ്പിക്കുന്നത്.
കേരളത്തെ മദ്യവും മയക്കുമരുന്നും വിഴുങ്ങിക്കൊണ്ടിരിക്കുന്ന കാലമാണിത്. ഒരു ദിവസമെങ്കിലും മദ്യമില്ലാതിരിക്കണം എന്ന ആശയമാണ് ഒന്നാം തീയതിയിലെ ഡ്രൈ ഡേയ്‌ക്ക് പിന്നിൽ. കേരളത്തെ മദ്യവിമുക്തമാക്കുമെന്ന വാഗ്ദാനം നൽകിയാണ് പിണറായി സർക്കാർ അധികാരത്തിലേറിയത്. അതെല്ലാം കോഴയ്‌ക്ക് വേണ്ടി പിണറായി വെള്ളത്തിൽ മുക്കി.
ബാറുകൾ തുറക്കാൻ ധനമന്ത്രിയായിരുന്ന കെഎം മാണി ഒരു കോടി രൂപ വാങ്ങിയെന്ന ബാറുടമകളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് മാണിക്കെതിരെ ഇടതുപക്ഷത്തിന്റെ വലിയ പ്രക്ഷോഭം ഉണ്ടായത്. അന്ന് കെഎം മാണിക്ക് രാജി വയ്‌ക്കേണ്ടി വന്നു. ഇപ്പോഴത്തേത് 25 കോടിയുടെ ഇടപാടാണ്. എക്‌സൈസ് മന്ത്രിയുടെ രാജി ഉടനടി ഉണ്ടാകണം.
നോട്ടെണ്ണുന്ന യന്ത്രം ഇപ്പോൾ മുഖ്യമന്ത്രിയുടെ വീട്ടിലാണോ?
എക്‌സൈസ് മന്ത്രി രാജി വയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തിയിരുന്നു. ബാർ കോഴയ്‌ക്കുള്ള നീക്കം ഞെട്ടിക്കുന്നതെന്നാണ് സതീശൻ പറഞ്ഞത്. നിയമത്തിൽ മാറ്റം വരുത്തിയത് അബ്‌കാരികളെ സഹായിക്കാനാണ്. നോട്ടെണ്ണുന്ന യന്ത്രം ഇപ്പോൾ മുഖ്യമന്ത്രിയുടെ വീട്ടിലാണോ അതോ എക്‌സൈസ് മന്ത്രിയുടെ വീട്ടിലാണോ എന്നും സതീശൻ ചോദിച്ചു. മന്ത്രി മാറി നിന്ന് അന്വേഷണം നേരിടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിർദേശിച്ച് ബാർ ഉടമകളുടെ സംഘടനയായ ഫെഡറേഷൻ ഒഫ് കേരള ഹോട്ടൽ അസോസിയേഷൻ വൈസ് പ്രസിഡന്റ് അനിമോൻ വാട്‌സാപ്പിലൂടെ അയച്ച ശബ്‌ദ സന്ദേശമാണ് പുറത്തായത്. ഡ്രൈ ഡേ ഒഴിവാക്കാനും ബാർ സമയം കൂട്ടാനുമടക്കം ഒരാൾ രണ്ടര ലക്ഷം രൂപ നൽകണമെന്നാണ് ഇടുക്കി ജില്ലാ പ്രസിഡന്റ് കൂടിയായ അനിമോൻ ശബ്‌ദസന്ദേശത്തിൽ ആവശ്യപ്പെടുന്നത്.
സംഘടനയുടെ സംസ്ഥാന പ്രസിഡന്റിന്റെ നിർദേശപ്രകാരമാണ് പിരിവെന്നും ഇടുക്കി ജില്ലാ പ്രസിഡന്റ് ബാർ ഉടമകൾക്ക് അയച്ച സന്ദേശത്തിൽ പറയുന്നു. ഡ്രൈ ഡേ ഒഴിവാക്കുന്നതും ബാറുകളുടെ സമയം കൂട്ടുന്നതും ഉൾപ്പെടെയുള്ള ആവശ്യങ്ങൾ പരിഗണിച്ചുള്ള പുതിയ മദ്യനയത്തിന് തിരക്കിട്ട ചർച്ചകൾ നടക്കുന്നതിനിടെയാണ് പണം ആവശ്യപ്പെടുന്ന ശബ്‌ദ സന്ദേശം പുറത്തുവരുന്നത്.
എന്നാൽ, കൊച്ചിയിൽ ബാർ ഉടമകളുടെ യോഗം നടന്നുവെന്ന് സമ്മതിച്ച സംസ്ഥാന പ്രസിഡന്റ് വി സുനിൽ കുമാർ ,താൻ പണപ്പിരിവ് നിർദേശം നൽകിയിട്ടില്ല എന്നാണ് പ്രതികരിച്ചത്. അനിമോനെ സസ്‌പെൻഡ് ചെയ്‌താണെന്നും സുനിൽ കുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു.