ഇടതുമുന്നണിയിൽ ആരും  കോഴ  ആവശ്യമുള്ളവരല്ല; ബാർകോഴ ആരോപണം തള്ളി മന്ത്രി  ഗണേഷ്  കുമാർ 

Friday 24 May 2024 12:29 PM IST

തൃശൂർ: മദ്യനയത്തിലെ ഇളവിനുവേണ്ടി പണപ്പിരിവ് നിർദ്ദേശിച്ചെന്ന ആരോപണം തള്ളി മന്ത്രി കെ ബി ഗണേഷ് കുമാർ രംഗത്ത്. ഇടതുമുന്നണിയിലാരും കോഴ ആവശ്യമുള്ളവരല്ലെന്നും ഇവിടെയാരും കാശ് വാങ്ങിയില്ലെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

' ഇടത് മുന്നണിയുടെ മദ്യനയം നടപ്പാക്കാൻ കോഴ നൽകേണ്ടതില്ല. അതിനാരും പിരിക്കേണ്ട, ഐടി പാർക്കുകളിൽ മദ്യശാലകൾ തുടങ്ങുന്നത് ഇടതുമുന്നണിയുടെ മദ്യനയത്തിന്റെ ഭാഗമാണ്. മുഖ്യമന്ത്രി തന്നെ അക്കാര്യം പ്രഖ്യാപിച്ചിട്ടുണ്ട് അത് നടപ്പാക്കും', ഗണേഷ് കുമാ‌‌ർ വ്യക്തമാക്കി.

മദ്യനയത്തിലെ ഇളവിനുവേണ്ടി പണപ്പിരിവ് നിർദ്ദേശിച്ചെന്ന ആരോപണം ഫെഡറേഷൻ ഒഫ് കേരള ഹോട്ടൽസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി സുനിൽ കുമാറും തളളിയിരുന്നു. ഫെഡറേഷൻ ഒഫ് കേരള ഹോട്ടൽസ് അസോസിയേഷൻ വൈസ് പ്രസിഡന്റ് അനിമോൻ വാട്‌സാപ്പിലൂടെ നൽകിയ ശബ്‌ദ സന്ദേശം ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്.

അംഗങ്ങളോട് പണമാവശ്യപ്പെട്ടത് ബിൽഡിംഗ് ഫണ്ടിന് വേണ്ടിയാണെന്നും സംഘടനയെ പിളർത്താൻ ശ്രമം നടത്തിയതിന് അനിമോനെ സസ്‌പെൻഡ് ചെയ്യാൻ കഴിഞ്ഞ ദിവസം സംഘടന തീരുമാനമെടുത്തിരുന്നുവെന്നും സുനിൽ കുമാർ വ്യക്തമാക്കി.

'ഞങ്ങളുടെ സംഘടനയിൽ 650 അംഗങ്ങളാണ് ഉളളത്. സംഘടനയ്ക്കായി തിരുവനന്തപുരത്ത് ഒരു കെട്ടിടം വാങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. കൊച്ചിയിൽ ഒരു ഓഫീസ് ഉള്ളതുകൊണ്ട് തിരുവനന്തപുരത്ത് ഓഫീസ് വേണ്ടെന്ന അഭിപ്രായമുള്ള ചിലർ സംഘടനയ്ക്കുള്ളിലുണ്ടായിരുന്നു. കെട്ടിടം വാങ്ങുന്നത് സംബന്ധിച്ച് രണ്ടു തവണ തീരുമാനമെടുത്തിട്ടും എതിർപ്പ് കാരണം നടപ്പിലാക്കാൻ സാധിച്ചില്ല. മൂന്നാം തവണ ശക്തമായിത്തന്നെ തീരുമാനം നടപ്പാക്കാൻ തീരുമാനിച്ചു. ഈ മാസം അവസാനത്തോടെ മുഴുവൻ തുകയും നൽകണം.

കെട്ടിട ഉടമസ്ഥനായ അമേരിക്കൻ മലയാളിക്ക് 5.60 കോടി രൂപയാണ് നൽകേണ്ടത്. രജിസ്ട്രേഷൻ ചെലവിനായി 60 ലക്ഷം രൂപയും നൽകണം. എന്നാൽ ഇതുവരെ 450 അംഗങ്ങളിൽ നിന്നായി നാലരക്കോടിയോളം രൂപ മാത്രമാണ് ശേഖരിക്കാൻ കഴിഞ്ഞത്. ഒരു ലക്ഷം രൂപ വീതമാണ് ഒരാളിൽ നിന്ന് വാങ്ങിയത്. ഇടപാടുകളെല്ലാം അക്കൗണ്ട് മുഖേനയാണ്. കെട്ടിടം വാങ്ങാനുള്ള ബാക്കി തുക മേയ് 30നുള്ളിൽ കണ്ടെത്തണം. അതിനായി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ രണ്ടര ലക്ഷം രൂപ വീതം സംസ്ഥാന സമിതിക്ക് വായ്പയായി തരണം എന്നാണ് ആവശ്യപ്പെട്ടത്.

പക്ഷെ അനിമോൻ ഉൾപ്പടെയുളളവർ വീണ്ടും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. കെട്ടിടം വാങ്ങാൻ തീരുമാനിച്ചപ്പോൾ തന്നെ അനിമോൻ ഉൾപ്പെടെയുള്ള ഇടുക്കിയിലെയും കൊല്ലത്തെയും ചില നേതാക്കൾ ചേർന്ന് മറ്റൊരു സംഘടന രൂപീകരിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. ഇത് തുടങ്ങിയിട്ട് രണ്ട് മാസമായി. കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ അനിമോന്റെ സാന്നിദ്ധ്യത്തിൽ വച്ചുതന്നെയാണ് ചർച്ച നടത്തിയത്. അതിനെ കമ്മിറ്റി വിമർശിക്കുകയും അനിമോനെ സസ്‌പെൻഡ് ചെയ്യാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. അപ്പോൾ തന്നെ അനിമോൻ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി'-സുനിൽ കുമാർ പറഞ്ഞു.

Advertisement
Advertisement