ഒരു നാഗിൻ ഡാൻസും ഏറ്റില്ല, അമേരിക്കയ്‌ക്കെതിരെ ബംഗ്ളാദേശിന് ട്വന്റി20 പരമ്പര നഷ്‌ടമായി, ചരിത്രം കുറിച്ച് യുഎസ്

Friday 24 May 2024 12:33 PM IST

ടെക്‌സാസ്: അന്താരാഷ്‌ട്ര ക്രിക്കറ്റിലെത്തി മൂന്നര പതിറ്റാണ്ട് പിന്നിട്ടിട്ടും നാണം കെടുന്ന തോൽവിയുടെ ചരിത്രം വിട്ടൊഴിയാതെ ബംഗ്ളാദേശ് ക്രിക്കറ്റ്. അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി അടുത്ത മാസം ആരംഭിക്കുന്ന ട്വന്റി20 ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ബംഗ്ളാദേശ്‌-യു‌ എസ് എ ട്വന്റി20 പരമ്പരയിൽ യുഎസ് ക്രിക്കറ്റ് ടീമിന് വിജയം. ഇതാദ്യമായാണ് ഒരു ടെസ്‌റ്റ് യോഗ്യതയുള്ള ടീമിനെ യു.എസ്.എ തോൽപ്പിക്കുന്നത്. 2-0നാണ് അമേരിക്കയുടെ വിജയം. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ അവസാന മത്സരം രണ്ടാം മത്സരം നടന്ന ടെക്‌സാസിലെ പ്രെയറി വ്യൂ സ്റ്റേഡിയത്തിൽ നാളെ നടക്കും.

അത്യന്തം ആവേശംനിറഞ്ഞ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത യുഎസ്എ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്‌ടത്തിൽ 144 റൺസ് നേടി. മോനാക് പട്ടേൽ 38 പന്തിൽ 44 റൺസും ആരോൺ ജോൺസ് 34 പന്തിൽ 35 റൺസും നേടി അമേരിക്കൻ ടീമിന് ഭേദപ്പെട്ട സ്‌‌കോർ നൽകി. ബംഗ്ളാദേശിന് വേണ്ടി റിഷാദ് ഹൊസൈൻ 21 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്‌ത്തി. അടുത്തടുത്തുള്ള പന്തുകളിലാണ് ഹൊസൈൻ വിക്കറ്റുകൾ വീഴ്‌ത്തിയത്.

എന്നാൽ മറുപടി ബാറ്റിംഗിൽ മികച്ച ബാറ്റിംഗ്‌നിരയുണ്ടായിട്ടും ബംഗ്ളാദേശ് വിജയം നേടാനാകാതെ 138 റൺസിന് ഒതുങ്ങി. ഫലം ആറ് റൺസിന് അമേരിക്കയ്‌ക്ക് വിജയവും ചരിത്രത്തിലാദ്യമായി ട്വന്റി20 പരമ്പരയും. ഏതാണ്ട് രണ്ട് വർഷം മുൻപാണ് ബംഗ്ളാദേശ് അവസാനമായി ഒരു പരമ്പര വിജയം സ്വന്തമാക്കിയത്. വെസ്‌റ്റിന്റീസിനെതിരായ ഏകദിന പരമ്പര 3-0നാണ് അവർ വിജയിച്ചത്.

നായകൻ നജ്‌മൽ ഹുസൈൻ ഷാന്റോ (34), ഷാക്കിബ് അൽ ഹസൻ (30), തൗഹിദ് ഹൃദയ് (25) എന്നിവർ മാത്രമേ ബാറ്റിംഗിൽ തിളങ്ങിയുള്ളു. അലി ഖാൻ, സൗരഭ് നേത്രവത്കർ എന്നിവർ നല്ലരീതിയിൽ യു.എസ് ടീമിനായി ബൗൾ ചെയ്‌തു. 25 റൺസ് വഴങ്ങി അലി ഖാൻ മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തി. 15 റൺസ് വഴങ്ങി സൗരഭ് രണ്ട് വിക്കറ്റുകൾ നേടി. ഡെത്ത് ഓവറുകളിലാണ് അലി ഖാൻ മൂന്ന് വിക്കറ്റുകളും നേടിയത്. 19-ാം ഓവറിൽ സൗരഭ് ഒരു വിക്കറ്റ് നേടുകയും ചെയ്‌തു. ട്വന്റി20യിൽ ആദ്യ പത്ത് സ്ഥാനത്തുള്ള ബംഗ്ളാദേശ് ക്രിക്കറ്റിന് ഈ തോൽവി വലിയ ക്ഷീണമായി.

Advertisement
Advertisement