കാണുമ്പോൾ ബസ്,​ കേറുമ്പോൾ ട്രെയിൻ!

Sunday 26 May 2024 3:00 AM IST

റെയിൽവേ ട്രാക്കിലൂടെ ഹോൺ മുഴക്കി ചീറിപ്പായുന്ന ബസുകൾ ശ്രീലങ്കക്കാർക്ക് അത്ഭുതമേയല്ല. ശ്രീലങ്കൻ ജനതയുമായി അത്രയ്ക്ക് അടുത്തുനില്ക്കുന്നവയാണ് ബസിന്റെ ശരീരവും ട്രെയിനിന്റെ ചക്രങ്ങളുമുള്ള ഈ വിചിത്രവണ്ടികൾ. പേര് 'റെയിൽ ബസ്!" നിരത്തുകളിലൂടെ ഓടുന്ന സാധാരണ അശോക് ലെയ്ലൻഡ് ബസുകളുടെ എൻജിനിലും ചക്രങ്ങളിലും എൻജിൻ ക്യാബിനിലും അത്യാവശ്യം മാറ്റങ്ങൾ വരുത്തിയാണ് റെയിൽ ബസുകളുടെ രൂപകല്പന.

1995-ലാണ് റെയിൽ ബസുകളുടെ തുടക്കം. ശ്രീലങ്കയിലെ വിദൂര ഗ്രാമങ്ങളിലേക്കുള്ള ട്രെയിൻ റൂട്ടുകളിൽ യാത്രക്കാർ തീരെ കുറവായിരുന്നു. സർവീസുകൾ നിറുത്തലാക്കാതെ തന്നെ റെയിൽവേയുടെ നഷ്ടം നികത്താൻ വഴിയെന്തെന്ന് തലപുകച്ച എൻജിനിയർമാരുടെ ബുദ്ധിയിലാണ്,​ ബസുകളെ എന്തുകൊണ്ട് ട്രാക്കിൽ ഓടിച്ചുകൂടാ എന്ന ഐഡിയ കത്തിയത്.

റെയിൽ ബസുകൾക്ക് പ്രത്യേക പ്ലാറ്റ്‌ഫോമുകളുളോ സ്റ്റേഷന്റെ പോലുമോ ആവശ്യം വരുന്നില്ല. നിലവിൽ ശ്രീലങ്കയുടെ കിഴക്കൻ മേഖലകളിലേക്കാണ് പ്രധാനമായും റെയിൽ ബസുകളുടെ സർവീസ്. നഗരത്തിന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് ശ്രീലങ്കൻ ഗ്രാമങ്ങളുടെ ഭംഗി ആസ്വദിക്കുന്നതിനായി മറ്റു രാജ്യങ്ങളിൽ നിന്നുപോലും ആളുകൾ റെയിൽ ബസുകളെത്തേടി എത്തുന്നു. ചെലവ് കുറവ്; വേഗത കൂടുതൽ! അതാണ് റെയിൽ ബസുകളെ സാധാരണക്കാ‌ർക്ക് പ്രിയങ്കരമാക്കിയത്.

ശ്രീലങ്കൻ റെയിൽവേയുടെ വികസനത്തിനായി ഇന്ത്യ 2009-ൽ പത്ത് ലെയ്ലാൻഡ് ബസുകൾ നല്കിയിരുന്നു. അവയിൽ ശ്രീലങ്ക മറ്രൊരു ബുദ്ധികൂടി കാണിച്ചു. അതിൽ രണ്ടെണ്ണം വീതം ഇരുഭാഗത്തേക്കുമായി ഘടിപ്പിച്ച്,​ രണ്ടു വശത്തേക്കും ഓടിക്കാവുന്ന അഞ്ച് റെയിൽ ബസുകളാക്കി!

Advertisement
Advertisement