സത്യം  പറഞ്ഞാൽ ഇങ്ങനെ പ്രതീക്ഷിച്ചില്ല

Sunday 26 May 2024 3:00 AM IST

ചങ്ക് ബ്രോയുടെയും നല്ലവനായ 'ഉണ്ണി"യുടെയും മാതൃക(അല്ലാത്ത)​ അദ്ധ്യാപകന്റെയും വേഷങ്ങളിൽ ചിരിപ്പിക്കുന്ന അൽത്താഫ് സലിമിന്റെ കരിയറിൽ അപ്രതീക്ഷിത ട്വിസ്റ്റ്.

അൽത്താഫ് സലിം നായകനാകുന്ന ആദ്യ സിനിമ വിനോദ് ലീല സംവിധാനം ചെയ്യുന്ന മന്ദാകിനി തിയേറ്ററിലുണ്ട്. ഇപ്പോൾ അപ്രതീക്ഷിതമല്ലാത്ത ട്വിസ്റ്റ്. ക്യാമറയ്ക്ക് പിന്നിലാണ് ഈ സമയത്ത് അൽത്താഫ് . നിവിൻപോളിയുമായി ചേർന്ന് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള കഴിഞ്ഞ് അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന ഓടും കുതിര ചാടും കുതിരയിൽ ഫഹദ് ഫാസിൽ ആണ് നായകൻ. സിനിമയിലെ വിശേഷങ്ങളുമായി അൽത്താഫ് സലിം.

മന്ദാകിനിയിലെ കഥാപാത്രത്തെപോലെയുള്ളവരെ പരിചയമുണ്ടോ ?

ആരോമലിനെ പോലെ ഒരാളെ ഞാൻ ഇതുവരെ കണ്ടില്ല. ആ കഥാപാത്രം തികച്ചും സാങ്കല്പികമാണ്. സംവിധായകനും എഴുത്തുകാരനുമാണ് ആരോമലിനെക്കുറിച്ച് പറയുന്നത്. അവർ പറഞ്ഞത് പോലെ അഭിനയിക്കുകയായിരുന്നു.

നായകനാവുമ്പോൾ ഉത്തരവാദിത്വം എത്രമാത്രമുണ്ട് ?

നന്നായി തന്നെ ചെയ്തിട്ടുണ്ട്. വളരെ രസകരമായ ഒരു ഹ്യൂമർ ചിത്രം ആയതിനാൽ എല്ലാവർക്കും ഇത് ഇഷ്ടപ്പെടുമെന്ന പ്രതീക്ഷയുണ്ട്. നായകനായതു കൊണ്ട് കൂടുതൽ ഉത്തരവാദിത്വം വേണം എന്ന് തോന്നിയില്ല. ഒരു കൂട്ടായ്മയിൽ ചെയ്യുന്ന സിനിമയാണല്ലോ, അപ്പോൾ അതിന്റെ ഉത്തരവാദിത്വം എല്ലാവർക്കുമാണ്. നായക വേഷം ചെയ്യാൻ ഒരു പദ്ധതിയും എനിക്കുണ്ടായിരുന്നില്ല. സഹനടൻ അല്ലെങ്കിൽ ക്യാരക്ടർ ആർട്ടിസ്റ്റ് എന്ന നിലയിൽ ഞാൻ സംതൃപ്തനായിരുന്നു. പിന്നെ ഇതുപോലെ ഒരു കഥ വന്നപ്പോൾ അത് എനിക്ക് ചെയ്യാൻ പറ്റുമെന്ന് തോന്നി, അവർക്കും ഈ വേഷം ഞാൻ ചെയ്താൽ നന്നാകുമെന്ന ആത്മധൈര്യം ഉള്ളതുകൊണ്ട് മാത്രമാണ് നായകനായത്.

ക്യാമറയ്ക്ക് മുൻപിലും പിൻപിലും നിൽക്കണമെന്ന ആഗ്രഹത്തിലാണോ സിനിമയിൽ വന്നത്?

സിനിമയിലേക്ക് വന്നത് ക്യാമറയ്ക്ക് പിന്നിൽ നിൽക്കാൻ തന്നെയാണ്, സംവിധാനത്തിനും എഴുത്തിനുമായിരുന്നു എന്നും മുൻഗണന. സംവിധായകൻ ആകാനാണ് വന്നത്. ആദ്യ സംവിധാനസംരംഭമായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള കഴിഞ്ഞപ്പോൾ അഭിനയിക്കാൻ കുറെ അവസരങ്ങൾ വന്നു, അങ്ങനെ അഭിനയത്തിൽ തിരക്കായി പോയതാണ്. ഇപ്പോഴും സംവിധാനം തന്നെയാണ് താത്പര്യം.

പ്രേമം മുതൽ പ്രേമലു വരെ കഥാപാത്രങ്ങൾ എല്ലാം നിഷ്കളങ്കരാണല്ലോ?

ഓരോ കഥാപാത്രങ്ങളും തേടി വരുന്നതാണ്. ഇങ്ങനെയുള്ള രസകരമായ കഥാപാത്രങ്ങൾ ഞാൻ പോലും അറിയാതെ എന്റെ കൈയിൽ വന്നു ചേരുകയായിരുന്നു. ഞാനായി ഒരിക്കലും കഥാപാത്രങ്ങളെ തിരഞ്ഞെടുത്തില്ല. നമുക്ക് കിട്ടുന്നത് എത്ര ചെറുതായാലും വലുതായാലും നമ്മളാൽ കഴിയുന്ന പോലെ അത് നന്നാക്കാൻ ശ്രമിക്കാറുണ്ട്. അത് പ്രേക്ഷകർ ഏറ്റെടുക്കുമ്പോൾ അതിലും സന്തോഷമുണ്ട്.

ഓടും കുതിര ചാടും കുതിരയിൽ നിന്ന് എന്താണ് പ്രേക്ഷകർ പ്രതീക്ഷിക്കേണ്ടത് ?

തികച്ചും റൊമാന്റിക് കോമഡി സിനിമയാണ്. പ്രേക്ഷകരെ ആകർഷിക്കാനുള്ളതെല്ലാം ഇതിലുണ്ടാകും. എന്റെ രണ്ടാമത്തെ സംവിധാന ചിത്രമാണ് ഓടും കുതിര ചാടും കുതിര. ചിത്രീകരണം പുരോഗമിക്കുകയാണ്. ഫഹദ് ഫാസിൽ ,​കല്യാണി പ്രിയദർശൻ,​ രേവതി പിള്ള എന്നിവരാണ് പ്രധാന വേഷത്തിൽ.

Advertisement
Advertisement