ഇവർക്ക് പ്രിയം കേരളത്തിലെ അടുക്കളകൾ, ശ്രദ്ധിച്ചില്ലെങ്കിൽ സംഭവിക്കാൻ പോകുന്നത് വലിയ നഷ്ടം

Friday 24 May 2024 4:20 PM IST

കോട്ടയം: പെരുമഴക്കാലമാണ്. തസ്ക്കരൻമാർ റോന്തുചുറ്റുകയാണ്. ആദ്യം വീടുകൾ കണ്ടുവെയ്ക്കും. പിന്നെ രാത്രിയിൽ കുത്തിത്തുറക്കും. കുറിച്ചി ഭാഗത്താണ് മോഷണവും മോഷണശ്രമവും ഉണ്ടായത്. കാലായിപ്പടിയിൽ ബുധനാഴ്ച പുലർച്ചെ രണ്ട് വീടുകളിൽ മോഷണം നടന്നു. ഏഴ് പവൻ മോഷണം പോയി. അമ്പലക്കടവിൽ ലിജോ സി.വർഗീസിന്റെ ഭാര്യ ജയ്‌മോളിന്റെ മൂന്ന് പവൻ വരുന്ന പാദസരം മോഷണം പോയി. മേശപ്പുറത്തുണ്ടായിരുന്ന 5000 രൂപയും മോഷ്ടിച്ചു. അടുക്കളയുടെ കതക് കത്തിത്തുറന്നാണ് കള്ളൻമാർ അകത്തുകയറിയത്. സമീപത്ത് വാടകയ്ക്ക് കഴിയുന്ന തിരുവനന്തപുരം സ്വദേശികളുടെ വീട്ടിൽ നിന്നും നാല് പവനും മോഷണം പോയി. മോഷണത്തിന് ശേഷം സ്ഥലത്ത് മലമൂത്ര വിസർജനം നടത്തിയ ശേഷമാണ് സ്ഥലം വിട്ടത്.

അഞ്ച് സ്ഥലങ്ങളിൽ മോഷണം

ചങ്ങനാശേരിയിലും പരിസരങ്ങളിലുമായി ഒരുമാസത്തിനിടെ അഞ്ച് സ്ഥലങ്ങളിൽ മോഷണം നടന്നു. അതിലിരട്ടി മോഷണ ശ്രമങ്ങളുമുണ്ടായി.സി.സി.ടി.വി സംവിധാനം ഇല്ലാത്ത വീടുകളും വഴികളും കൃത്യമായി മനസിലാക്കിയ ശേഷമായിരുന്നു മോഷണം. ഏതാനം ദിവസങ്ങൾക്ക് മുൻപാണ് കടമാൻചിറ ക്രൈസ്റ്റ് നഗറിൽ വീടുകൾ കുത്തിത്തുറന്ന് മോഷണം നടന്നത്.

ഇനി ശ്രദ്ധിക്കാൻ

1. സ്വർണ വില ഉയരുന്ന സാഹചര്യത്തിൽ മഴക്കാലത്ത് മോഷണ ശ്രമങ്ങൾക്ക് സാദ്ധ്യത.

2. വീടിന്റെ പരിസരങ്ങളിൽ സംശയകരമായ സാഹചര്യത്തിൽ ആരെയെങ്കിലും കണ്ടാൽ വിവരം പൊലീസിൽ അറിയിക്കുക.

3. സ്വർണം വീട്ടിൽ സൂക്ഷിക്കുന്നവർ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റുക.

Advertisement
Advertisement