പക്ഷിപ്പനി പടർന്നുപിടിക്കാൻ കാരണം കീരിയോ അതോ കാക്കയോ? പത്ത് കിലോമീറ്റർ ചുറ്റളവിൽ കോഴികൾക്ക് ദയാവധം

Saturday 25 May 2024 12:04 AM IST

കോട്ടയം : പഴുതടച്ച സുരക്ഷ ഒരുക്കിയിട്ടും മണർകാട്ടെ കോഴി ഫാമിൽ പക്ഷിപ്പനി പടർത്തിയത് കാക്കയോ, കീരിയോ, പ്രാവോ എന്ന സംശയത്തിലാണ് മൃഗസംരക്ഷണ വകുപ്പ്. ഇന്നുമുതൽ കോഴികളെ കൊന്ന് കുഴിച്ചിടും. കുട്ടനാട്ടിലും, വാഴപ്പള്ളിയിലും രോഗം സ്ഥിരീകരിച്ചതോടെ ഫാമിന് അകത്തേയ്ക്കുള്ള പ്രവേശനം നിറുത്തിയിരുന്നു. കോഴിക്കുഞ്ഞുങ്ങളെ പുറത്തെത്തിച്ച് നൽകുന്ന രീതിയാണ് അവംലബിച്ചത്.

കോഴികളെ പരിചരിക്കുന്നവരും മറ്റ് ജീവനക്കാരും സാനിറ്റൈസേഷൻ ഉൾപ്പെടെയുള്ള മുൻകരുതലുകൾ സ്വീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ചത് ഫാമിന്റെ ഏറ്റവും പിന്നിലുള്ള ഷെഡ്ഡിലെ കോഴികൾക്ക് മാത്രമാണ്. വെള്ളക്കെട്ടോ തോടോ ഇല്ലെങ്കിലും ഇതിന് സമീപം വനംപോലെയാണ്. കാക്കയും, പ്രാവും കീരിയും, മരപ്പട്ടിയും ചുറ്റുമുണ്ട്. ഒരു ഷെഡ്ഡിൽ മാത്രമാണ് രോഗം സ്ഥീരികരിച്ചതെങ്കിലും ഫാമിലെ 9,000 കോഴികളെയും 10 കിലോമീറ്റർ ചുറ്റളവിലെ കോഴികളേയും ദയാവധം ചെയ്ത് സംസ്‌കരിക്കാനാണ് തീരുമാനം.

  • പുന:രാരംഭിക്കാൻ 6 മാസം
  • ഫാമും ഓഫീസും പലതവണ കഴുകി വൃത്തിയാക്കും
  • കുമ്മായം ഉപയോഗിച്ച് അണുവിമുക്തമാക്കും
  • പിന്നീട് സാനിറ്റൈസേഷൻ സർട്ടിഫക്കറ്റ് നേടണം
  • മണ്ണുത്തിയിൽ നിന്ന് ഒരു ബാച്ച് കുഞ്ഞുങ്ങളെ എത്തിക്കും

ഒരു ബാച്ചിൽ 1500 -2000 കോഴികൾ

കൊല്ലുന്നത് 1 -45 ദിവസം പ്രായമായ കോഴികളെ.

ജില്ലാ പഞ്ചായത്തും മറ്റ് തദ്ദേശ സ്ഥാപനങ്ങളും ജനകീയാസൂത്രണ പ്രകാരമുള്ള മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തിരുന്നത് മണർകാട് ഫാമിൽ നിന്നാണ്. അയ്യായിരത്തിന് മുകളിൽ കോഴികൾ എപ്പോഴും ഇവിടെയുണ്ടാവും. ഈ സാമ്പത്തിക വർഷത്തേയ്ക്കുള്ള പദ്ധതികൾ പ്രകാരമുള്ള കുഞ്ഞുങ്ങളുടെ വിതരണം ആരംഭിച്ചിരുന്നു.

'' കീരി ഉൾപ്പെടെയുള്ള ജീവികൾ രോഗവാഹകരാണ്. കോഴികളെ പരിചരിച്ചിരുന്ന 34 തൊഴിലാളികളെയും ക്വാറന്റൈനിലാക്കി''

ഡോ.ജേക്കബ് പി.ജോർജ്, അസി.ഡയറക്ടർ

'' യോഗം ചേർന്ന് അടിയന്തര നടപടികൾ സ്വീകരിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ല''

മഞ്ജു സുജിത്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ, ജില്ലാ പഞ്ചായത്ത്‌

Advertisement
Advertisement