മണ്ണ് കിട്ടാതെ ദേശീയപാത നിർമ്മാണം പ്രതിസന്ധിയിൽ, ഓരോ റീച്ചിലും 20 ലക്ഷം ടൺ വേണം

Saturday 25 May 2024 4:03 AM IST

ആലപ്പുഴ : മണ്ണ് ക്ഷാമത്തെ തുടർന്ന് സംസ്ഥാനത്തെ ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലായി.

കാസർകോട് തലപ്പാടി മുതൽ തെക്ക് കാരോട് വരെയുള്ള 23 റീച്ചിൽ 17റീച്ചുകളെയാണ് ബാധിച്ചത്. ഓരോ റീച്ചിലും ശരാശരി 20 ലക്ഷം ടൺ മണ്ണുവേണം.

മഴ ശക്തമായതോടെ നിർമ്മാണം നിലച്ച സ്ഥലങ്ങളിലെല്ലാം വെള്ളക്കെട്ടും ചെളിയും കുണ്ടും കുഴിയും നിറഞ്ഞ് ഗതാഗതവും താറുമാറായി.

അതത് ജില്ലകളിൽ ഖനനം ചെയ്യാൻ മൈനിംഗ് ആൻഡ് ജിയോളജിയിലും റവന്യൂവിലും സമർപ്പിച്ച അപേക്ഷകളിൽ നടപടി വൈകുന്നതും പ്രാദേശിക എതി‌ർപ്പുകളുമാണ് പ്രശ്നം. പരിഹാരം തേടി കരാർ കമ്പനികളും എൻ.എച്ച്.എ.ഐയും സർക്കാരിനെ സമ‌ീപിച്ചു.

2025 നവംബറിൽ നിർമ്മാണം പൂർത്തിയാക്കണമെന്നാണ് കരാർ. ആറ് റീച്ചുകൾ ഗതാഗതത്തിന് തുറന്നിട്ടുണ്ട്. ശേഷിക്കുന്ന പതിനേഴ് റീച്ചുകളിലാണ് പ്രതിസന്ധി.

തിരിച്ചടിയായത്

ജാഗ്രതാനിർദേശം

1. മഴയുമായി ബന്ധപ്പെട്ട് ദുരന്തനിവാരണ അതോറിട്ടി പുറപ്പെടുവിച്ച ജാഗ്രതാനിർദേശം നിലനിൽക്കുന്നതിനാൽ മൈനിംഗ് ആൻഡ് ജിയോളജി ഖനനാനുമതി നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണം.

2.കുന്നുകൾ ഇടിക്കുന്നതിനു പുറമേ, നദികളും കായലുകളും പൊഴിമുഖങ്ങളും ഡ്രഡ്ജ് ചെയ്തു മണ്ണ് കണ്ടെത്താനും ശ്രമിക്കുന്നുണ്ട്. കേരളത്തിൽ പാറപൊട്ടിക്കാൻ നിയന്ത്രണമുള്ളതിനാൽ ക്വാറി ഉത്പന്നങ്ങൾ തമിഴ്നാട്ടിൽ നിന്നാണ് എത്തിക്കുന്നത്.

'മണ്ണില്ലാത്തതാണ് പ്രധാന പ്രശ്നം. മണ്ണ് ലഭിച്ചാൽ മാത്രമേ മറ്ര് ജോലികളും പൂർത്തിയാക്കാൻ കഴിയൂ. സുപ്രീംകോടതി ഇളവ് അനുവദിച്ചെങ്കിലും ഖനനാനുമതി ലഭ്യമാക്കേണ്ടതുണ്ട്

- പ്രോജക്ട് ഡയറക്ടർ, ദേശീയപാത 66 നിർമ്മാണ വിഭാഗം

ദുരന്തനിവാരണ അതോറിട്ടിയുടെ അലർട്ട് നിലനിൽക്കെ ഖനനാനുമതിക്ക് നിയമപരമായ തടസമുണ്ട്. അലർട്ട് പിൻവലിച്ചാലുടൻ ദേശീയപാതയ്ക്ക് മണ്ണ് ഖനനം ചെയ്യാനുള്ള അപേക്ഷകളിൽ നടപടിയുണ്ടാകും

- ഡയറക്ടറേറ്റ്, മൈനിംഗ് ആൻഡ് ജിയോളജി,തിരുവനന്തപുരം

ദേശീയപാത കേരളത്തിൽ

നീളം 643.295 കി.മീറ്റർ.

ആറ് വരിയിൽ 45 മീറ്റർ പാത

മുടക്കുമുതൽ 66,000 കോടി

Advertisement
Advertisement